Nammude Arogyam
Kidney Diseases

അറിയാം കിഡ്‌നി സ്‌റ്റോണിനെക്കുറിച്ച്

മുന്‍പ് 45നു മേല്‍ കണ്ടിരുന്ന കിഡ്‌നി സ്‌റ്റോണ്‍ ഇപ്പോള്‍ ഒരുപാട് പേരില്‍ കണ്ടു വരുന്നു. ഇത് വേദനയുണ്ടാക്കുന്ന ഒരു അവസ്ഥയുമാണ്. പ്രസവവേദന കഴിഞ്ഞാല്‍ വരുന്ന വേദന എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ന് ചെറിയ കുട്ടികളില്‍ പോലും ഈ അവസ്ഥ കാണപ്പെടുന്നു. ഇതിന് കാരണങ്ങള്‍ പലതാണ്. നമ്മുടെ ശരീരത്തില്‍ നിന്നും കൂടുതല്‍ മിനറലുകള്‍ പുറന്തള്ളപ്പെടുന്ന അവസ്ഥ. ഇതു പോലെ വൃക്കയില്‍ കൂടുതല്‍ അസിഡിറ്റി നില നിന്നു വരുന്ന അവസ്ഥ. രക്തത്തില്‍ നില നില്‍ക്കുന്ന പിഎച്ചിനേക്കാള്‍ കൂടുതല്‍ പിഎച്ച് വന്നാല്‍ വൃക്കയിലൂടെ ഇത് ശരീരം പുറന്തള്ളപ്പെടും. കൂടുതലായി മിനറലുകള്‍ പോകുമ്പോള്‍ വേണ്ടത്ര വെള്ളം കുടിച്ചില്ലെങ്കില്‍ കല്ല് രൂപപ്പെടും. ഇതാണ് കിഡ്‌നി സ്‌റ്റോണ്‍. ചിലരില്‍ ഇത് മൂത്രം പോകുന്ന സമയത്ത് ചെറിയ മണല്‍ത്തരി പോലെ പോകും. എന്നാല്‍ മറ്റു ചിലരില്‍ മിനറലുകള്‍ അടിഞ്ഞ് കൂടി വലിയ കല്ല് രൂപപ്പെടും. ഇവയ്ക്ക് മൂര്‍ച്ചയുള്ള അറ്റങ്ങളാകും. ഇവ മൂത്രനാളിയില്‍ അനങ്ങുമ്പോഴാണ് വേദന അനുഭവപ്പെടുന്നത്.

മൂന്നു തരത്തിലെ കല്ലുകളുണ്ട്, തുടര്‍ച്ചയായി മൂത്രത്തില്‍ അണുബാധ വരുമ്പോള്‍ കൂടുതല്‍ അമോണിയ ഉണ്ടാകും. ഇത് കല്ലുകളായി രൂപപ്പെടുന്നു. ബാക്ടീരിയകള്‍ ഈ കല്ല് വലുതാക്കും. യൂറിക് ആസിഡ് കൂടുതലാകുമ്പോള്‍ ആസിഡ് മീഡിയം ഉണ്ടാകും. ഇതും വൃക്കയില്‍ കല്ലുണ്ടാക്കും. വെളളം കുടി കുറയുന്നതും കാരണമാകുന്നു. ഒരു ദിവസം ചുരുങ്ങിയത് 2-3 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. വെള്ളം കുടി കുറയുമ്പോള്‍ മൂത്രത്തിന്റെ ഗാഢത കൂടും. ഇത് മൂത്രത്തിൽ പതയുണ്ടാകാനും കാരണമാകുന്നു.

ഇതു പോലെ ഓക്‌സലേറ്റ് രൂപീകരിയ്ക്കുന്ന ഭക്ഷണങ്ങള്‍ മൂത്രക്കല്ലിന് കാരണമാകും. ഇലക്കറികള്‍, ബീറ്റ്‌റൂട്ട്, പൊട്ടെറ്റോ ചിപ്‌സ്, നെല്ലിക്ക, ഇരുമ്പന്‍ പുളി എന്നിവയില്‍ ഇതുണ്ട്. ഈ ഭക്ഷണങ്ങൾ കഴിയ്ക്കുകയും നാരുകള്‍ കഴിയ്ക്കാതിരിയ്ക്കുകയും ഒപ്പം വെള്ളം കുറയുകയും ചെയ്താല്‍ കല്ലുകൾ രൂപപ്പെടുന്നു. ഇതു പോലെ എരിവ്, മധുരം എന്നിവയുടെ അമിതമായ ഉപയോഗവും ദോഷം വരുത്തും. മസാലകള്‍ വയറ്റില്‍ ആസിഡുണ്ടാക്കും. ഇത് വൃക്കയിലെ ഇത്തരം കല്ലുകള്‍ക്ക് കാരണമാകും. ഇതുപോലെ മധുരം കഴിച്ചാലും ഉപ്പ് കൂടുതല്‍ കഴിച്ചാലും ദോഷം തന്നെയാണ്.

ചുവന്ന ഇറച്ചിയാണ് പ്രധാനപ്പെട്ട മറ്റൊരു കാരണം. താറാവിറച്ചി, മട്ടന്‍, ബീഫ് എന്നിവ സ്ഥിരമായോ അമിതമായോ ഉപയോഗിച്ചാല്‍ ഈ കല്ലുകൾ രൂപപ്പെടും. ഇതു പോലെ ഷെല്‍ ഫിഷുകള്‍ കഴിച്ചാലും പ്രശ്‌നമുണ്ടാകും. ഇതു പോലെ കുടലിന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മൂത്രക്കല്ലിന് കാരണമാകും. ഇറിറ്റബില്‍ ബൗള്‍ സിന്‍ഡ്രോം പോലുള്ള രോഗങ്ങള്‍, അള്‍സറൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ക്ക് കുടലിലെ ഓക്‌സലൈറ്റുകള്‍ കൂടുതല്‍ രക്തത്തിലേക്കു വലിച്ചെടുക്കപ്പെടുന്നു. ഇതു പോലെ പൊണ്ണത്തടിയുള്ളവര്‍ക്കും ഈ പ്രശ്‌നമുണ്ടാകും.

ഹോര്‍മോണ്‍ പ്രശ്‌നമെങ്കിലും ഇത്തരം പ്രശ്‌നത്തിന് കാരണമാകുന്നു. രക്തത്തില്‍ പഞ്ചസാര കൂടിയാലും, പാരാതൈറോയ്ഡ് ഗ്രന്ഥി കൂടുതല്‍ വര്‍ക് ചെയ്താലും കല്ലുകൾ രൂപപ്പെടും. ചെറിയ കുട്ടികള്‍ക്കുണ്ടാകുന്ന മൂത്രത്തില്‍ കല്ലിന് ഇതാണ് കാരണം. ഇതല്ലാതെ ചില ആന്റി ബയോട്ടിക്‌സ്, ബിപി മരുന്നുകള്‍ എന്നിവയെല്ലാം ചിലപ്പോള്‍ മൂത്രത്തില്‍ കല്ലിന് കാരണമാകും.

വെള്ളം കൂടുതൽ കുടിക്കുക , മസാല അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക തുടങ്ങിയവ ജീവിതശൈലിയില്‍ ഉൾപ്പെടുത്തിയാൽ ഇത്തരം പ്രശ്‌നത്തില്‍ നിന്നും മോചനം നേടാവുന്നതാണ്.

Related posts