Nammude Arogyam
Kidney Diseases

വെള്ളം കുടിച്ചാൽ കിഡ്നിസ്റ്റോണ് മാറുമോ ?

അല്ല……എവിടേർന്നു കുറച്ച് ദിവസായിട്ട് , ഈ വഴിക്കൊന്നും കണ്ടില്ലല്ലോ ?

ഒന്നും പറയണ്ട , കുറച്ച് ദിവസായിട്ട് തീരെ സുഖമില്ലേർന്നു. ഡോക്ടറെ കാണിച്ച് ടെസ്റ്റൊക്കെ നടത്തിയപ്പോളാ കിഡ്നിസ്റ്റോൺ ആണെന്ന് അറിഞ്ഞത്. ധാരാളം വെള്ളം കുടിക്കാൻ പറഞ്ഞിട്ട് ഉണ്ട്, ചിലപ്പോൾ മൂത്രത്തിലൂടെ പുറത്ത് പോകും പറഞ്ഞിരിക്കുന്നു.

ഹാ…അപ്പോൾ വെള്ളം കുടിച്ചാൽ കിഡ്നിസ്റ്റോൺ മാറും അല്ലേ ?

ധാരാളം വെള്ളം കുടിച്ചാൽ സാധാരണയായി 5 മില്ലിമീറ്ററോ അതിൽ ചെറുതോ ആയ കല്ലുകൾ 90 ശതമാനവും പുറത്ത് പോവാൻ സാധ്യതയുണ്ട്. എങ്കിലും ശ്രദ്ധിക്കേണ്ട പ്രധാന കാര്യമുണ്ട്. ഇങ്ങനെ നീങ്ങുന്ന കല്ല് പാതിവഴിയിൽ കുടുങ്ങിക്കിടന്നാൽ പ്രശ്നം സങ്കീർണമാകും. 2 മീറ്റർ വലുപ്പമുള്ള കല്ല് പോലും ഇതുപോലെ കുടുങ്ങി തടസ്സം ഉണ്ടായ കേസുകളുമുണ്ട്. അതേ സമയം 5 മില്ലിമീറ്ററിൽ കൂടുതൽ വലുപ്പമുള്ള കല്ലുകൾ സ്വാഭാവികമായി പുറത്തേക്ക് പോയ കേസുകളുമുണ്ട്. അത് കൊണ്ട് ഇക്കാര്യത്തിൽ പരിശോധ‌ന ആവശ്യമാണ്. വെള്ളം കുടിച്ച് കല്ല് പോയി എന്ന് ഡോക്ടറെ കണ്ട് പരിശോധനയിലൂടെ ഉറപ്പു വരുത്തണം.

അറിയാം കൂടുതലായി

Q. കല്ല് രൂപപ്പെട്ടാൽ അത് വേഗം വലുതാക്കുമോ ?

കിഡ്നിയിൽ കല്ല് രൂപപ്പെടാൻ കൂടുതൽ കാലം എടുക്കുമെങ്കിലും അത് വലുതാകുന്ന പ്രക്രിയ വേഗത്തിൽ നടക്കും. പരിശോധനയിൽ കല്ല് കണ്ടെത്തി അതിൻ്റെ വലുപ്പം ചെറുതാണ് എന്നുകരുതി ചികിത്സിക്കാതെ അവഗണിക്കരുത്.

Q. കല്ലുള്ളവർ രാത്രി വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടോ?

രാത്രിയിൽ സ്വാഭാവികമായും മൂത്രത്തിൻ്റെ അളവ് കുറവായിരിക്കും. അത് കൊണ്ട് രാത്രിയിൽ മൂത്രത്തിൻ്റെ സാന്ദ്രത കൂടുതലായിരിക്കും. കല്ല് വന്നവരും കല്ല് വരാൻ സാധ്യതയുള്ളവരും രാത്രിയിൽ ഇടയ്ക്ക് എഴുന്നേറ്റ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.അത് മൂത്രത്തിൻ്റെ സാന്ദ്രത കുറയ്ക്കാൻ സഹായിക്കും

Q. പാരമ്പര്യമായി കല്ല് വരാൻ സാധ്യതയുണ്ടോ?

വ്യക്കയിൽ കല്ല് രൂപപ്പെടാനുള്ള പാരമ്പര്യ സാധ്യത വിരളമാണ്. വൃക്കകളുടെ ഘടനാപരമായ പ്രശ്നങ്ങൾ, ഉപാപചയ പ്രവർത്തനങ്ങളിലെ തകരാറുകൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് വൃക്കയിൽ കല്ല് വരാം. ഇതും വളരെ അപൂർവമായി കണ്ടുവരുന്ന കാരണമാണ്.

Q. കല്ലുണ്ടായാൽ വേദനയുണ്ടാകുമോ ?

കല്ല് കാരണം വ്യക്കയിൽ തടസ്സം വരുമ്പോഴാണ് വേദന ഉണ്ടാക്കുന്നത് . ഇതിൽ കല്ലിൻ്റ ആകൃതിയും പ്രധാന ഘടകമാണ്. മിനുസമുള്ള കല്ലാണെങ്കിൽ ബ്ലോക്ക് വരാൻ കുറവാണ്. അത് കൊണ്ട് വേദന വരണമെന്നില്ല. മുള്ളുപോലെ ആകൃതിയുള്ളവ ബ്ലോക്ക് വരുത്താം. കല്ല് വ്യക്കയിലെ കാലിസിസുകളിലാണ് രൂപപ്പെടുന്നത്. കാലിസ്, റീനൽ പെൽവിസ് ഭാഗത്തേക്ക് ചേരുന്നിടത്തിന് വീതി കുറവാണ്. ഈ വീതി കുറഞ്ഞ ഭാഗത്ത് കല്ല് തടസ്സമുണ്ടാക്കാൻ സാധ്യത കൂടുതലാണ്. അങ്ങനെ വരുമ്പോൾ വൃക്കയിൽ സമ്മർദ്ദം കൂടുകയും വേദന വരുകയും ചെയ്യും. വക്കയിൽ നിന്ന് കല്ല് മൂത്രവാഹിനിക്കുഴലിലേക്ക് എത്തുമ്പോഴും തടസ്സം വരാം. അപ്പോഴും വൃക്കയ്ക്ക് സമ്മർദം കൂടുകയും വേദന വരുകയും ചെയ്യാം

വൃക്കയിൽ തടസ്സം വന്നാൽ സാധാരണ നിലയിൽ 90% സന്ദർഭങ്ങളിലും വേദന വരും. ഇങ്ങനെ തടസ്സം തുടർന്നാൽ വൃക്കയിലെ രക്തപ്രവാഹം കുറയും. അത് വ്യക്കയുടെ പ്രവർത്തനത്തെ ബാധിക്കും. വൃക്കയുടെ ശുദ്ധീകരണ ശേഷി കുറയും. വൃക്കയ്ക്ക് ഇങ്ങനെ ക്ഷതം കൂടുമ്പോൾ കല്ല് കൊണ്ടുള്ള വേദന ഉണ്ടാവുകയുമില്ല. അത് കൊണ്ട് തുടക്കത്തിൽ തന്നെ ചികിത്സ തേടാൻ വീഴ്ച വരുത്തരുത്.

Q. ഒരിക്കൽ നീക്കിയാലും കല്ല് വീണ്ടും വരുമോ ?

ഒരിക്കൽ കല്ല് വന്നയാൾക്ക് വീണ്ടും വരാൻ സാധ്യത കൂടുതലാണ്. മുൻകരുതൽ എടുത്തില്ലെങ്കിൽ 5-10 വർഷത്തിനിടയിൽ വീണ്ടും വന്നേക്കാം. ഭക്ഷണ നിയന്ത്രണം, ആവശ്യത്തിന് വെള്ളം കുടിക്കുക തുടങ്ങിയ മുൻകരുതലുകൾ എടുത്താൽ വീണ്ടും വരാനുള്ള സാധ്യത കുറയ്ക്കാം. ഒന്നിലധികം തവണ കല്ല് വന്നവർ, 2 വ്യക്കയിലും കല്ലുള്ളവർ എന്നിവർക്ക് തുടർപരിശോധന നടത്തി സാധ്യതകൾ നിരന്തരം വിലയിരുത്തണം.

Q. ലക്ഷണങ്ങൾ എന്തൊക്കെ ?

കല്ലുകളുടെ വലുപ്പം, ആകൃതി, അത് സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവയനുസരിച്ച് ലക്ഷണങ്ങളിലും വ്യത്യാസമുണ്ടാകും. പെട്ടെന്ന് കഠിന വേദന വരാം. പിൻഭാഗത്ത് വാരിയെല്ലുകൾക്ക് താഴെ (loin) നിന്ന് തുടങ്ങുന്ന വേദന അടിവയറ്റിലേക്കും തുടയുടെ ഉൾഭാഗത്തേക്കും നീങ്ങും.മൂത്രത്തിൻ്റെ അളവ് കുറയുക, മൂത്രത്തിൽ രക്തം കലരുക തുടങ്ങിയവയാണ് മറ്റ് പ്രധാന ലക്ഷണങ്ങൾ. പനി, വിറയൽ ഉണ്ടെകിൽ അണുബാധയുണ്ടായി എന്നതിൻ്റെ സൂചനയാണ്.

Q. കല്ലുണ്ട് എന്ന് കണ്ടുപിടിക്കുന്നത് എങ്ങനെ ?

കല്ലിൻ്റെ സ്ഥാനം വലുപ്പം എന്നിവ നിർണയിക്കാൻ (ഇമേജിങ്ങ്, എക്സറേ, സ്ക്നിങ്ങ്) ടെസ്റ്റുകൾ ആവശ്യമാണ്. സാധാരണ എക്സറേയിൽ എല്ലാതരം കല്ലുകളും കണ്ടെത്താനാകില്ല. എക്സറേയിൽ കാണുന്നത് ആണെങ്കിൽ അത് കാത്സ്യം കല്ലുകളും കണ്ടെത്താനാകും.

മൂത്രവാഹിനിക്കുഴലിൽ തടസ്സം വന്നാൽ അതിൻ്റെ മുകൾഭാഗം വീർത്തു വരും. ഈ അവസ്ഥയാണ് ഹൈഡ്രോനെ ഫ്രോസിസ്. ഇത് അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ തിരിച്ചറിയാം.

അണുബാധയും യൂറിക് ആസിഡ് കാത്സ്യം എന്നിവയുടെ അളവും രക്തപരിശോധനയിലൂടെ അറിയാം. കിഡ്നി ഫങ്ങ്ഷൻ ടെസ്റ്റിലൂടെ കിഡ്നിക്ക് മറ്റ് രോഗങ്ങൾ ഉണ്ടോ എന്നും വിലയിരുത്താം.

Q. കല്ലിനെ അലിയിച്ച് കളയാനാകുമോ ?

കാത്സ്യം കല്ലുകൾ അലിയിക്കാൻ പറ്റുന്ന മരുന്നുകൾ കണ്ടെത്തിയിട്ടില്ല. ചെറിയ യൂറിക് ആസിസ് കല്ലുകളാണെങ്കിൽ മൂത്രത്തിൻ്റെ അസിഡിറ്റി കുറച്ച് അലിയിച്ചു കളയാനുള്ള സാധ്യതയുണ്ട്.

Q. സങ്കീർണതകൾ എന്തെല്ലാം?

വൃക്കയിൽ കല്ല് ഉണ്ടായാൽ പലപ്പോഴും വേദന ഉണ്ടാവണമെന്നില്ല. ഒരിക്കൽ വേദന വന്നാൽ ചിലപ്പോൾ മാസങ്ങൾക്കു ശേഷമാകും വീണ്ടും വരുന്നത്. ആദ്യം വേദനയുണ്ടായപ്പോൾ തന്നെ ചികിത്സ തേടിയവർ പോലും വേദന മാറിയാൽ തുടർ ചികിത്സ ചെയ്തിട്ടുണ്ടാവില്ല.

എന്നാൽ കല്ല് വൃക്കയിൽ നിന്ന് ഇറങ്ങി മൂത്രവാഹിനിക്കുഴലിലേക്കു എത്തിയിട്ടുണ്ടാവും. ഈ കുഴലിനാവട്ടെ 2 – 3 മില്ലിമീറ്റർ വലിപ്പമേയുള്ളൂ. അതിനേക്കാൾ വലുപ്പമുള്ള കല്ലുകൾ അവിടെയെത്തുമ്പോൾ സ്വാഭാവികമായും കുഴലിൽ കുടുങ്ങിക്കിടക്കും. ഇങ്ങനെ അണുബാധ വരാം. വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാം. 2 മൂത്ര വാഹിനിക്കുഴലുകളിലും തടസ്സമുണ്ടായാൽ മൂത്രം പോകുന്നത് പൂർണ്ണമായും നിലയ്ക്കും. അങ്ങനെ വന്നാൽ പെട്ടെന്ന് വൃക്കകളുടെ പ്രവർത്തനം പരാജയപ്പെടാം. അത്തരം അപകടം ഒഴിവാക്കാൻ ഉടൻ തടസ്സം നീക്കണം.

അതേപോലെ ഒരു വ്യക്ക മാത്രമുള്ളവരിലും മൂത്രവാഹനിക്കുഴലിൽ കല്ല് വന്ന് തടസ്സപ്പെടുമ്പോഴും അടിയന്തര ചികിത്സ വേണ്ടിവരും.

Related posts