Nammude Arogyam
Kidney Diseases

വൃക്കരോഗം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

വൃക്കകൾ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ്. ശരീരത്തെ ശുദ്ധീകരിച്ചു കൊണ്ട് വിഷാംശം പുറന്തള്ളുന്നതിൽ ഇതിനു പ്രധാന പങ്കുണ്ട്. വൃക്കയുടെ ആരോഗ്യ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാത്തത് പലപ്പോഴും ശരീരത്തിൽ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ഇന്ന് നാം അടങ്ങുന്ന ജനവിഭാഗം വൃക്കരോഗ ലക്ഷണങ്ങളെ കൂടുതലായി നേരിടേണ്ടി വരുന്നുണ്ട്.

കണക്കെടുത്താൽ ഇന്ന് മറ്റ് രോഗങ്ങൾ പോലെ തന്നെ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്ന രോഗ ലക്ഷണങ്ങളുടെ കൂട്ടത്തിൽ ഇതും ഉണ്ടെന്നു പറയാം. പണ്ടൊക്കെ രക്താതിമർദ്ദം, പ്രമേഹം അല്ലെങ്കിൽ വൃക്ക രോഗങ്ങളുടെ കുടുംബ ചരിത്രമുള്ളവരിൽ മാത്രമാണ് കൂടുതലായും വൃക്കരോഗങ്ങൾ സാധാരണയായി കണ്ടുവരുന്നത്. എന്നാൽ ഇന്നത്തെ കാര്യം അങ്ങനെയല്ല.

ഒരാളുടെ നിത്യജീവിതത്തെ അപകടത്തിലേക്ക് തള്ളിവിടാൻ കഴിയുന്ന വൃക്കരോഗങ്ങൾക്ക് കാരണമായി മാറാൻ പ്രായാധിക്യം, കുറഞ്ഞ ജനന ഭാരം, ദീർഘകാലമായ ചില മരുന്നുകളുടെ ഉപയോഗം, അമിതവണ്ണം എന്നിവ ഉൾപ്പെടാം. ഒരാൾക്ക് വൃക്കസംബന്ധമായ എന്തെങ്കിലും ആരോഗ്യ പ്രശ്‌നമുണ്ടോ എന്ന് തിരിച്ചറിയാൻ കഴിയുന്ന വൃക്കരോഗത്തിന്റെ ഏറ്റവും സാധാരണമായ ഏഴ് അടയാളങ്ങൾ ഇവയാണ്.

1.ഉറക്ക പ്രശ്നങ്ങൾ-വൃക്ക രോഗം ബാധിച്ചവരിൽ ഉറക്കക്കുറവ് ഒരു സാധാരണ പ്രശ്‌നമാണ്. വൃക്കകൾ ശരിയായി ഫിൽട്ടർ ചെയ്യാതെ വരുമ്പോൾ വിഷവസ്തുക്കൾ മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറത്തു പോകുന്നതിനു പകരം രക്തത്തിൽ തങ്ങിനിൽക്കുന്നു, ഇത് ഉറക്കത്തെ മോശപ്പെട്ട രീതിയിൽ ബാധിക്കുന്നതിന് കാരണമാകുന്നു. സാധാരണക്കാരെ അപേക്ഷിച്ച് വിട്ടുമാറാത്ത വൃക്കരോഗം ബാധിച്ചവരിൽ സ്ലീപ് അപ്നിയ ലക്ഷണങ്ങൾ ബാധിക്കുന്നത് സാധാരണമാണ്.

2.ചർമ്മ പ്രശ്നങ്ങൾ-നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് വൃക്കകൾ പ്രഥമസ്ഥാനം വഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ചർമ്മ പ്രശ്നങ്ങളുണ്ടെങ്കിൽ, ഇത് വൃക്കരോഗത്തിന്റെ സൂചനയാകാനുള്ള സാധ്യതയും വിട്ടുകളയാൻ ആവില്ല. വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മം പോഷകക്കുറവിൻറെയും അസ്ഥികളുടെയും രോഗങ്ങളെ സൂചിപ്പിക്കുന്നതാണ്. ഇത് വൃക്ക രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. രക്തത്തിലെ ധാതുക്കളുടെയും പോഷകങ്ങളുടെയും ശരിയായ സന്തുലിതാവസ്ഥ നിലനിർത്താൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോഴാണ് ഇത്തരത്തിൽ ലക്ഷണങ്ങൾ പ്രകടമാകുന്നത്. ഈ അവസ്ഥ ചർമത്തിൽ വരൾച്ചയും ചൊറിച്ചിലും ഉണ്ടാകുന്നു.

3.വീർത്ത കണ്ണുകൾ-വൃക്കരോഗങ്ങൾ ശരീരത്തിൽ പെരിയോർബിറ്റൽ എഡിമയ്ക്ക് കാരണമാകും. പലപ്പോഴും ഇത് കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗത്തെ വീക്കത്തിലേക്ക് നയിച്ചേക്കാം. ഈ വീക്കത്തിന് കാരണം വൃക്കകളുടെ ആരോഗ്യക്കുറവ് മൂലം ശരീരത്തിൽ സംഭവിക്കുന്ന പ്രോട്ടീൻ ചോർച്ചകളാണ്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് പ്രതിവിധികൾ തേടാൻ ശ്രമിച്ചില്ലെങ്കിൽ അവസ്ഥ വഷളാകാം.

4.പേശീവലിവ്-വൃക്കരോഗമുള്ളവരിൽ പേശിവലിവ് ലക്ഷണങ്ങൾ സാധാരണമാണ്. ശരീരത്തിലെ ദ്രാവകങ്ങളുടെയും ഇലക്ട്രോലൈറ്റുകളുടെയും അസന്തുലിതാവസ്ഥ മൂലമാണ് പലപ്പോഴും ഇത് ഉണ്ടാകുന്നത്. നാഡീ ക്ഷതം, രക്തപ്രവാഹ പ്രശ്നങ്ങൾ എന്നിവയും ഇതിന് കാരണമാകുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നത് ഇതിന് വഴിയൊരുക്കി കൊടുക്കുന്നു. ശരീരത്തിലെ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് കുറയുന്നതും പേശിവലിവ് ക്ഷണിച്ചുവരുത്തുന്നു.

5.നീരുവീക്കം-കാലുകളിലും കണങ്കാലുകളിലും നീർവീക്കം പ്രത്യക്ഷപ്പെടാറുണ്ട്. ഉണ്ടെങ്കിൽ അത് വൃക്കരോഗത്തിന്റെ ലക്ഷണമാകാം. ശരീരത്തിലെ അധിക ദ്രാവകം നീക്കം ചെയ്യാൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോൾ, ചില സന്ദർഭങ്ങളിൽ ഇത് കാലുകൾ, കണങ്കാൽ, പാദങ്ങൾ, കൈകൾ എന്നിവയിൽ വീക്കം ഉണ്ടാക്കുന്നു. അതുകൊണ്ടു തന്നെ ഇത് കുറയ്ക്കാൻ സഹായിക്കുന്നതിനായി ഭക്ഷണങ്ങളിലെ ദ്രാവകളിലെ ഉപ്പിൻ്റെ ഉപഭോഗം കുറയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

6.മൂത്രത്തിൽ മാറ്റങ്ങൾ-വൃക്കകളാണ് ശരീരത്തിലെ ദ്രാവകം ഫിൽറ്റർ ചെയ്തു മൂത്രം ഉൽപ്പാദിപ്പിക്കുന്നത്. വൃക്കകൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോൾ ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രകടമാകാം. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ പ്രേരിപ്പിക്കുന്നത് വൃക്കരോഗങ്ങളുടെ സൂചനയായിരിക്കാം. രാത്രിയിൽ കൂടുതൽ മൂത്രമൊഴിക്കുന്ന സാഹചര്യവും വൃക്കരോഗത്തിന്റെ ലക്ഷണമാകാം. വൃക്കയുടെ ഫിൽട്ടറുകൾ വേണ്ട രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോഴുണ് ഇത് സംഭവിക്കുന്നത്. ഇത് മൂത്രമൊഴിക്കാനുള്ള ത്വര വർദ്ധിപ്പിക്കും.

7.വിശപ്പില്ലായ്മ-നാഷണൽ സെന്റർ ഫോർ ബയോടെക്നോളജിയുടെ പഠനങ്ങൾ പ്രകാരം, വിട്ടുമാറാത്ത വൃക്കരോഗമുള്ളവരിൽ ഗ്ലോമെറുലാർ ഫിൽട്ടറേഷൻ നിരക്ക് ക്രമാതീതമായി കുറയുന്നത് ഭക്ഷണത്തിന്റെ ഗണ്യമായ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ വിശപ്പില്ലായ്മയും ശരീര ഭാരക്കുറവും വൃക്കരോഗത്തിന്റെ ലക്ഷണമായി കണക്കാക്കാം.

വൃക്കയുടെ ആരോഗ്യം നിലനിർത്താൻ താഴെപ്പറയുന്ന ഈ കാര്യങ്ങൾ പിന്തുടരുക.

1.ശാരീരികമായി സജീവമായിരിക്കുക, ദിവസവും വ്യായാമം ചെയ്യുക

2.യോഗയും ധ്യാനവും പരിശീലിക്കുക

3.ധാന്യങ്ങൾ, പുതിയ പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, നട്സുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിച്ച് ആരോഗ്യകരമായ ഭാരം നിലനിർത്തുക

വൃക്കയുടെ ആരോഗ്യം നിലനിർത്താൻ താഴെപ്പറയുന്ന ഈ കാര്യങ്ങൾ ഒഴിവാക്കേണ്ടതാണ്.

1. ജങ്ക് ഫുഡ്, മസാലകൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ

2. വൃക്കകളുടെ ആരോഗ്യത്തിന് വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. എന്നാൽ അമിതമായ അളവിൽ വെള്ളം കുടിക്കരുത്, കാരണം ഇത് വൃക്കകളെ സമ്മർദ്ദത്തിലാക്കും

3. മദ്യവും പുകവലിയും വേണ്ടെന്ന് വയ്ക്കുക. പുകവലി രക്തക്കുഴലുകളെ നശിപ്പിക്കും, ഇത് വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കും.

4. അമിതമായിസപ്ലിമെന്റുകളുടെ ഉപയോഗം വൃക്കകളെ ബാധിക്കുമെന്നതിനാൽ ഡോക്ടറുമായി ആലോചിക്കാതെ ഇത് കഴിക്കരുത്.

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകൾ. അതിനാൽ തന്നെ വൃക്കയുടെ ആരോഗ്യകാര്യം വരുമ്പോൾ അവ അവഗണിക്കാതെ, ഡോക്ടറുടെ നിർദ്ദേശപ്രകാരം വേണ്ട പരിശോധനകൾ നടത്തേണ്ടതാണ്.

Related posts