Nammude Arogyam
General

കുട്ടികളിലും മുതിർന്നവരിലും സാധാരണമായി കാണുന്ന ടോൺസിലൈറ്റിസിനെക്കുറിച്ചറിയാം

കുട്ടികളിലും മുതിർന്നവരിലും സർവസാധാരണമായി കാണുന്ന ഒരു അസുഖമാണ് ടോൺസിലൈറ്റിസ്. നമ്മുടെ ശരീരത്തിന്റെ അകത്തും പുറത്തും രോഗാണുക്കളുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമ്പോൾ ഈ രോഗം എളുപ്പം പിടിപെടുന്നു. നല്ല ചൂടുള്ള കാലാവസ്ഥയിൽ തണുത്ത വെള്ളം കുടിച്ചാലോ, ഐസ്ക്രീം കഴിക്കുമ്പോഴോ ഇതു തൊണ്ടയിലെ താപനിലയിൽ താൽക്കാലികമായ കുറവ് ഉണ്ടാക്കി, രോഗാണുക്കളുടെ വളർച്ചയ്ക്കു കളമൊരുക്കുന്നു. എന്നാൽ, എല്ലാ വ്യക്തികൾക്കും ഇങ്ങനെ രോഗം വരണമെന്നില്ല. ഇതു സൂചിപ്പിക്കുന്നതു ജനിതകമായ ഘടകങ്ങളും നിർണായകമായ പങ്കുവഹിക്കുന്നു എന്നതാണ്.

ആവർത്തിച്ചുവരുന്ന ടോൺസിലൈറ്റിസും ഫലപ്രദമായി ചികിത്സിക്കാത്ത ടോൺസിലൈറ്റിസും ശരീരത്തിൽ നിരവധി രോഗാവസ്ഥകൾ ഉണ്ടാക്കും. ഹൃദയവാൽവിനും കിഡ്നിയുടെ പ്രവർത്തനത്തിനും ഇതുമൂലം തകരാറുണ്ടാകും. കൂടാതെ, ശരിയായ ചികിത്സ ലഭിക്കാത്തപക്ഷം ടോൺസിലുകൾക്കുള്ളിൽ രോഗാണുക്കൾ സ്ഥിരമായി വളരുകയും ടോൺസിലുകൾ രോഗാണുക്കൾക്കു താവളമാവുകയും ചെയ്യുമ്പോൾ ഈ രോഗാണുക്കൾ മറ്റു ശരീരഭാഗങ്ങളിൽ കൂടി അണുബാധയുണ്ടാക്കുന്നു. സൈനസുകളിൽ (സൈനസൈറ്റിസ്), മധ്യകർണത്തിൽ (ഓട്ടൈറ്റിസ് മീഡിയ), ശ്വാസകോശത്തിൽ (ന്യൂമോണിയ), കഴുത്തിലെ ലസികഗ്രന്ഥിയിൽ (ലിംഫഡിനൈറ്റിസ്)എന്നിങ്ങനെ പല ഭാഗത്തും പ്രശ്നങ്ങൾ സൃഷ്ടിക്കാം.

തുടർച്ചയായി ഉണ്ടാകുന്ന ടോൺസിലൈറ്റിസ് പലപ്പോഴും മരുന്നു കൊണ്ടുള്ള ചികിത്സയ്ക്കു പ്രതികരിക്കാറില്ല. ഈ സാഹചര്യത്തിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ഒരു വർഷം ആറിൽപരം അവസരങ്ങളിൽ ടോൺസിലൈറ്റിസ് ഉണ്ടാകുകയും അങ്ങനെ രണ്ടിലധികം വർഷങ്ങളിൽ തുടർച്ചയായിട്ട് ഈ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്താൽ നിശ്ചിതമായും ശസ്ത്രക്രിയയിലൂടെ ടോൺസിലുകൾ നീക്കം ചെയ്യണം.

ആവർത്തിച്ചുള്ള ടോൺസിലൈറ്റിസ് മൂലം ഹൃദയത്തിന്റെ വാൽവിനെയോ, വൃക്കകളെയോ ബാധിക്കുന്ന പക്ഷം ഇത്രയും കാലം കാത്തു നിൽക്കണമെന്നില്ല. അതുപോലെ തന്നെ, ടോൺസിലുകളും അഡിനോയ്ഡും ക്രമാതീതമായി വളർന്നു ഭക്ഷണം ഇറക്കാനും ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടാകുകയും സുഖനിദ്രയ്ക്ക് വിഘാതമാകുകയും ചെയ്താൽ ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാം.

ക്വിൻസി (കഴുത്തിനെ ബാധിക്കുന്ന അവസ്ഥ)ഒരു പ്രാവശ്യം വന്നാൽ പോലും ഭാവിയിൽ ഇതു വീണ്ടും ഉണ്ടായാലുള്ള അപകടസാധ്യത പരിഗണിച്ച് ടോൺസിലുകൾ നീക്കം ചെയ്യേണ്ടതാണ്. മറ്റു ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന പഴുപ്പിന്, ടോൺസിലിലെ രോഗാണുക്കൾ ഒരു കാരണമാണെങ്കിൽ, രോഗാണുക്കളെ ഉന്മൂലം ചെയ്യുവാൻ ടോൺസിലെക്ടമി അനിവാര്യമാണ്. ചില അപൂർവം സന്ദർഭങ്ങളിൽ കഴുത്തിലെ ചില മുഴകൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയകളുടെ ആദ്യപടിയായി ടോൺസിലുകൾ നീക്കം ചെയ്യാറുണ്ട്.

സാധാരണഗതിയിൽ ഈ ശസ്ത്രക്രിയ ബോധംകെടുത്തിയാണു ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം 5-7 ദിവസം വരെ തൊണ്ടയിലും ചെവിയിലും വേദനയുണ്ടാകാം. എന്നാൽ ഈ വേദനയുടെ കാഠിന്യം ഓരോ ദിവസം കഴിയും തോറും കുറഞ്ഞു വരും. ഈ അവസരത്തിൽ രോഗിയുടെ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

ശസ്ത്രക്രിയ കഴിഞ്ഞ് ഏതാണ്ടു നാലു മണിക്കൂർ കഴിഞ്ഞു രോഗിക്കു തണുത്ത പാനീയങ്ങൾ, ജ്യൂസ് എന്നിവ കഴിക്കാം ക്രമേണ കഞ്ഞിയും വേവിച്ച പഴവും ബ്രെഡുമൊക്കെ കൊടുത്തു തുടങ്ങാം. ശസ്ത്രക്രിയ കഴിഞ്ഞു രണ്ടാം ദിവസം മുതൽ രോഗിക്ക് കട്ടിയായ ഭക്ഷണം, ഇഡ്ഡലി, ദോശ, ചോറ് എന്നിവ കഴിച്ചു തുടങ്ങാം.

കട്ടിയായ ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ രോഗിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാവുന്നതാണ്. മിക്കവാറും സന്ദർഭങ്ങളിൽ ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടാം ദിവസം രോഗിക്കു വീട്ടിൽ പോകാം. ഒരാഴ്ച വിശ്രമത്തിനു ശേഷം തിരികെ സ്കൂളിലോ/ഓഫീസിലോ പോകാം.

ടോൺസിലൈറ്റിസ് നീക്കം ചെയ്താൽ അതു നമ്മുടെ രോഗപ്രതിരോധശക്തിയിൽ കുറവുണ്ടാക്കുമെന്നു പറയാറുണ്ട് പലരും. എന്നാൽ ഇതു വെറും തെറ്റിദ്ധാരണയാണ്. ആദ്യം സൂചിപ്പിച്ചതു പോലെ നമുക്കു പാലറ്റെൻ ടോൺസിൽ കൂടാതെ, രോഗപ്രതിരോധശേഷിക്ക് അനിവാര്യമായ ലിംഗ്വൽ ടോൺസിൽ, ട്യൂബൽ ടോൺസിൽ എന്നിങ്ങനെയുള്ള അവയവങ്ങളും ഉണ്ട്.

ടോൺസിലിന്റെ അഭാവത്തിൽ ഈ അവയവങ്ങൾ ഈ ധർമം ഏറ്റെടുത്തു നടത്തുന്നു. അണുക്കളുടെ താവളമായ ടോൺസിൽ നീക്കം ചെയ്യുന്നതു കൊണ്ടു യാതൊരു ദോഷവും ഇല്ല. മാത്രമല്ല, തടസം ഉണ്ടാക്കുന്ന രീതിയിൽ വളരുന്ന ടോൺസിൽ നീക്കം ചെയ്യുമ്പോൾ സുഖനിദ്രയ്ക്കു വിഘാതമാകുന്ന ഹൃദയത്തിനും ശ്വാസകോശങ്ങൾക്കും ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒബ്സ്ട്രക്ടീവ് സ്ലീപ് അപനിയ എന്ന അവസ്ഥയ്ക്കും നല്ല ആശ്വാസം ലഭിക്കുന്നു.

രണ്ടു മുതൽ എട്ടു വയസ് വരെയുള്ള കുട്ടികളുടെ മൂക്കിനു പിന്നിൽ കാണുന്ന ടോൺസിലാണ് അഡിനോയ്ഡ്. ചില കുട്ടികളിൽ ഇതു ക്രമാതീതമായി വളർന്നു വിട്ടുമാറാത്ത ജലദോഷം, മൂക്കടപ്പ്, കൂർക്കംവലി, വായ തുറന്നു ശ്വാസം വലിക്കൽ, സുഖമായി ഉറങ്ങുവാനുള്ള ബുദ്ധിമുട്ട് എന്നീ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. കൂടാതെ, ചെവിയും തൊണ്ടയും തമ്മിൽ ബന്ധിപ്പിക്കുന്ന യൂസ്റ്റേഷ്യൻട്യൂബിൽ തടസം സൃഷ്ടിച്ചു മധ്യകർണത്തിൽ നീർക്കെട്ടും പഴുപ്പിനും കേൾവിക്കുറവിനും കാരണമായേക്കാം. ഈ അവസരങ്ങളിൽ ശസ്ത്രക്രിയയിലൂടെ അഡിനോയ്ഡ് നീക്കം ചെയ്യുന്നത് അനിവാര്യമായി വന്നേക്കാം. ഈ ശസ്ത്രക്രിയ ടോൺസിലെക്ടമിയുടെ കൂടെയോ, അല്ലാതെയോ ചെയ്യാവുന്നതാണ്.

ടോൺസിലും, ടോൺസിലിനു ചുറ്റുമുള്ള ഭാഗങ്ങളും ഫാരിങ്സ് എന്നാണ് അറിയപ്പെടുന്നത്. ഈ ഭാഗം മുഴുവൻ ബാധിക്കുന്ന രീതിയിലുള്ള നീർവീക്കത്തെ ഫാരിഞ്ജൈറ്റിസ് എന്നു പറയുന്നു. എന്നാൽ, ടോൺസിലിൽ മാത്രം ഒതുങ്ങി, ഫാരിങ്സിന്റെ മറ്റു ഭാഗങ്ങളെ ബാധിക്കാത്ത തരത്തിലുള്ള നീർവീക്കമാണു ടോൺസിലൈറ്റിസ്.

പല ഗുരുതരമായ രോഗങ്ങളും തൊണ്ടവേദനയായി പ്രത്യക്ഷപ്പെടാം. രണ്ടു മുതൽ അഞ്ചു വയസുവരെയുള്ള കുട്ടികളിൽ ശക്തിയായ പനി, ക്ഷീണം, തൊണ്ടവേദന എന്നിവയ്ക്കു പുറമെ കഴുത്തിലും മുഴകൾ പ്രത്യക്ഷപ്പെടുമ്പോൾ ഇത് ഒരുപക്ഷേ, ഡിഫ്തീരിയ ആകാം. ഈ രോഗം പ്രതിരോധകുത്തിവയ്പിലൂടെ തടയാം. സാധാരണ ടോൺസിലൈറ്റിസ് ആണെങ്കിൽ തൊണ്ടയ്ക്കിരുവശത്തും വേദനയുണ്ടാകും. എന്നാൽ, ഒരു ഭാഗത്തു മാത്രം ഉണ്ടാകുന്ന തൊണ്ടവേദനയെ ഗൗരവത്തോടെ കാണണം. 50 വയസിനു മുകളിലുള്ള രോഗിയാണെങ്കിൽ തൊണ്ടയ്ക്കുള്ളിലെ അർബുദരോഗമാണോ എന്ന് അറിയുവാനുള്ള വിദഗ്ധ പരിശോധനകൾ ചെയ്യണം. മാത്രമല്ല രക്താർബുദം, എഗ്രാനുലോസൈറ്റോസിസ് എന്നീ രോഗങ്ങളും ആവർത്തിച്ചുള്ള ടോൺസിലൈറ്റിസായി പ്രത്യക്ഷപ്പെടാം.

ഉടനടി ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗമാണ് ടോൺസിലൈറ്റിസ്. അതിനാൽ കഴുത്തിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടോ അസ്വസ്ഥതകളോ കണ്ടാൽ ഉടൻ വൈദ്യ സഹായം തേടേണ്ടതാണ്.

Related posts