Nammude Arogyam
General

അമിത കോപം എങ്ങനെ നിയന്ത്രിക്കാം?

ചില ആളുകളെ കണ്ടിട്ടില്ലേ, എന്തിനും ഏതിനും ദേഷ്യമാണ് അവർക്ക്. ദേഷ്യം വന്നാൽ പറയുന്നതും പ്രവർത്തിക്കുന്നതുമൊന്നും നിയന്ത്രിക്കാൻ കഴിയില്ല. ഈ ദേഷ്യം തന്നെയാണ് പല ബന്ധങ്ങളും തകരുന്നതിന് പിന്നിലെ ഒരു കാരണം. ദേഷ്യം തോന്നുക എന്നത് മനുഷ്യ സഹജമാണ്. എന്നാൽ നിയന്ത്രിക്കാനാവാത്ത വിധം ദേഷ്യം തോന്നുന്നത് അല്പം ശ്രദ്ധ നൽകേണ്ട കാര്യം തന്നെയാണ്. ക്ഷുഭിതരായ ആളുകളിൽ ക്ഷമയുടെ നില വളരെ കുറവാണ്, ഇത് പലപ്പോഴും നിരാശയിൽ നിന്നാണ് ഉണ്ടാകുന്നത്. എന്നാൽ ദേഷ്യത്തിന് മറ്റ് പല കാരണങ്ങളുണ്ടാകാം. മുൻകാലങ്ങളിൽ അനുഭവിച്ച പ്രശ്‌നങ്ങൾ, കുടുംബ ചരിത്രം, ഒരു ആഘാതകരമായ അനുഭവത്തിന് വിധേയനാവുക, നഷ്ടം കൈകാര്യം ചെയ്യുകയോ അല്ലെങ്കിൽ ദുഃഖിക്കുകയോ ചെയ്തിട്ടുണ്ടാവുക തുടങ്ങിയവ ആകാം ഒരു പക്ഷെ കോപത്തിന്റെ പിന്നിലെ കാരണങ്ങൾ.

ദേഷ്യം അക്രമാസക്തമായ രീതിയിൽ പ്രകടിപ്പിക്കുന്നത് പ്രശ്‌നങ്ങൾക്കുള്ള പരിഹാരമല്ല. അതിനുപകരം അമിത കോപം നിയന്ത്രിക്കാൻ റിലാക്‌സേഷൻ ടെക്‌നിക്കുകൾ, ബിഹേവിയറൽ തെറാപ്പികൾ മുതൽ വ്യായാമങ്ങൾ വരെ, ആവശ്യമെങ്കിൽ മരുന്നുകൾ, കോപം നിയന്ത്രിക്കുന്ന ചികിത്സകൾ തുടങ്ങിയ പല മാർഗ്ഗങ്ങളും സ്വീകരിക്കാം.

ഒന്നാമതായി, സമ്മർദ്ദ നില തിരിച്ചറിയുന്നത് പ്രധാനമാണ്. കോപത്തിന് കാരണമായത് എന്താണെന്ന് അറിയുക. ഇത് ഭൂതകാലവുമായി എന്തെങ്കിലും ബന്ധമുള്ളതാണോ അതോ ഈ അടുത്ത കാലത്തായി സംഭവിച്ച എന്തെങ്കിലും കാരണങ്ങൾ മൂലമാണോ എന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. അത് കണ്ടെത്തിക്കഴിഞ്ഞാൽ, സ്വയം ശാന്തമാകാനുള്ള ചില മാർഗ്ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

1.ശാന്തമാക്കാനായി ദീർഘ ശ്വസനം എടുക്കുക. ഇത് കുറച്ചധികം സമയം ചെയ്യുക.

2.ഓട്ടം, വേഗത്തിലുള്ള നടത്തം അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള വ്യായാമ മുറകൾ തുടങ്ങിയവക്ക് ഞരമ്പുകളെ ശാന്തമാക്കാൻ സഹായിക്കും.

3.പേശികൾക്ക് വിശ്രമം നൽകുവാനും പിരിമുറുക്കം ഒഴിവാക്കാനും യോഗ ചെയ്യുന്നത് സഹായിക്കും.

4.മോശം പരിതസ്ഥിതിയിൽ നിന്ന് സ്വയം അകന്ന് പോസിറ്റീവ് എനർജി ഉപയോഗിച്ച് സ്വയം ഉന്മേഷം വീണ്ടെടുക്കുക.

അമിത ദേഷ്യത്തിൽ ചെയ്തതും പറഞ്ഞതുമായ പല കാര്യങ്ങളും കോപം അടങ്ങുമ്പോൾ, വേണ്ടിയിരുന്നില്ല എന്ന തോന്നൽ പലരിലും ഉണ്ടാക്കാറുണ്ട്. സാഹചര്യങ്ങൾ മനസ്സിലാക്കി മാത്രം പ്രതികരിക്കാൻ ശ്രമിക്കുക. ദേഷ്യം തോന്നുന്ന സമയത്ത് കഴിവതും സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് നല്ലത്.

Related posts