Nammude Arogyam
Covid-19

ബൂസ്റ്റര്‍ ഡോസ് അഥവാ പ്രിക്വോഷന്‍ ഡോസ്

കൊവിഡ് എന്ന മഹാമാരി പുതിയ വേരിയന്റുകളെ സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ അവസ്ഥയില്‍ രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി വാക്‌സിന്‍ എല്ലാവരും എടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പുതിയ വേരിയന്റുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ബൂസ്റ്റര്‍ ഡോസ് അഥവാ പ്രിക്വോഷന്‍ ഡോസ് കൊടുക്കുന്നതിനെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ ആലോചിച്ച് കൊണ്ടിരിക്കുകയാണ്. ജനുവരി 10 മുതല്‍, മുന്‍നിര തൊഴില്‍ മേഖലയില്‍ ഉള്ളവര്‍ക്കും എന്തെങ്കിലും തരത്തിലുള്ള രോഗമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രിക്വോഷന്‍ ഡോസ് അഥവാ മുന്‍കരുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കും എന്നാണ് പറയപ്പെടുന്നത്.

ലോകം കൊവിഡ് പാന്‍ഡെമിക്കിന്റെ മൂന്നാം തരംഗത്തിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഒമിക്രോണ്‍ എന്ന വില്ലന്‍ നമ്മുടെ രാജ്യത്തിലും പിടിമുറുക്കിയിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഇന്ത്യയിലെ ഓമിക്രോൺ കേസുകളും ഉയരുകയാണ്. SARS-CoV-2 ന്റെ ഉയര്‍ന്നുവരുന്ന വകഭേദങ്ങള്‍ക്കെതിരായ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. എന്നിരുന്നാലും, ഇന്ത്യ ഇതിനെ ബൂസ്റ്റര്‍ ഡോസ് എന്ന് പറയുന്നില്ല. ഡിസംബര്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ബൂസ്റ്റര്‍ ഡോസിനെക്കുറിച്ച് പ്രഖ്യാപിച്ചു. അദ്ദേഹം അതിനെ മുന്‍കരുതല്‍ ഡോസ് അഥവാ പ്രിക്വോഷന്‍ ഡോസ് എന്നാണ് പറയുന്നത്. എന്തൊക്കെയാണ് മുന്‍കരുതല്‍ ഡോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍കരുതല്‍ ഡോസ് ലഭിക്കുന്നതിന് വേണ്ടി കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി സിഇഒ ഡോ ആര്‍ എസ് ശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2021 ജനുവരിയില്‍ ഇന്ത്യയില്‍ വാക്സിനേഷന്‍ ഡ്രൈവ് ആരംഭിച്ചപ്പോള്‍ പിന്തുടര്‍ന്ന് വന്നിരുന്ന അതേ കോമോര്‍ബിഡിറ്റിയുടെ ലിസ്റ്റ് കണക്കാക്കിയാണ് ഇത്തരമൊരു കാര്യത്തിന് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത് എന്നാണ് പറയുന്നത്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാത്രം മുന്‍കരുതല്‍ ഡോസ് നല്‍കുമെന്നാണ് പ്രധാനമന്ത്രി ശനിയാഴ്ച പറഞ്ഞത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രണ്ടാമത്തെ ഡോസും ഈ മൂന്നാമത്തെ മുന്‍കരുതല്‍ ഡോസും തമ്മിലുള്ള കാലയളവ് എന്ന് പറയുന്നത് 9 മുതല്‍ 12 മാസം വരെയാകാന്‍ സാധ്യതയുണ്ട്.

ഈ മുന്‍കരുതല്‍ ഡോസിനുള്ള വാക്‌സിന്‍ ഏതാണ് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. വിദഗ്ധരുമായി കൂടിയാലോചിച്ച് അടുത്ത ദിവസങ്ങളില്‍ ഇതിന് അന്തിമരൂപം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൂന്നാമത്തെ ഡോസ് അല്ലെങ്കില്‍ മുന്‍കരുതല്‍ ഡോസ് ആദ്യ രണ്ട് ഡോസുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കണം എന്നാണ് ആരോഗ്യ വിദഗ്ധരുടെ പൊതു അഭിപ്രായം. എന്നാല്‍ മിക്സ് ആന്‍ഡ് മാച്ച് കൊവിഡ് വാക്‌സിനെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. മൂന്നാമത്തെ ഡോസിനായി സര്‍ക്കാര്‍ മിക്സ് ആന്‍ഡ് മാച്ച് നയം സ്വീകരിക്കുകയാണെങ്കില്‍, ആദ്യ രണ്ട് ഡോസുകളില്‍ ഭൂരിഭാഗം ആളുകളും കോവിഷീല്‍ഡ് എടുത്തതിനാല്‍ കോവാക്സിന്റെ ലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു.

വാക്സിനേഷനോ മുമ്പത്തെ അണുബാധയോ ഉണ്ടായതിന് ശേഷം 7-8 മാസങ്ങള്‍ക്ക് ശേഷം കുറയാന്‍ സാധ്യതയുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് മൂന്നാമത്തെ ഡോസിന്റെ ലക്ഷ്യം. മൂന്നാമത്തെ ഡോസ് എടുക്കുന്നവരാണെങ്കിൽ ഒരു വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വാക്‌സിൻ സ്വീകരിക്കുക.

Related posts