Nammude Arogyam
General

കുപ്പിയിലോ ഒരു ടംബ്ലറിലോ കൂടുതല്‍ നേരം തുറന്ന് വെച്ച വെള്ളം കുടിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ്?

ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ കുടിക്കുന്ന വെള്ളത്തിന്റെ കാര്യത്തില്‍ പോലും നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെള്ളത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. നാം കുടിക്കുന്ന ഓരോ തുള്ളി വെള്ളവും വളരെയധികം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഒരു കുപ്പിയിലോ ഒരു ടംബ്ലറിലോ രാത്രി മുഴുവന്‍ തുറന്ന് വെച്ച വെള്ളം രാവിലെ കുടിക്കുന്നത് അല്‍പം അപകടമുണ്ടാക്കുന്നതാണ്. ഇത് കൂടാതെ കാറില്‍ വെച്ച വെള്ളക്കുപ്പിയില്‍ നിന്ന് കുടിക്കുന്നതും ശ്രദ്ധിച്ച് വേണം.

കുടിക്കുന്ന വെള്ളത്തിന്റെ നിലവാരത്തെക്കുറിച്ച് നാം എല്ലാവരും വളരെയധികം ശ്രദ്ധിക്കണം. ഫില്‍റ്റര്‍ ചെയ്‌തതോ അല്ലെങ്കില്‍ തിളപ്പിച്ച് ആറിയ വെള്ളമോ എല്ലാം കുടിക്കാവുന്നതാണ്. എന്നാല്‍ രാത്രി മുഴുവന്‍ തുറന്ന് വെച്ച വെള്ളം കുടിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. വെള്ളവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതും ഗൗരവത്തോടെ എടുക്കേണ്ടതും ആണ്. വെള്ളം എത്ര നേരം തുറന്ന് വെച്ചിരിക്കുന്നു, എങ്ങനെ കുടിക്കണം, എപ്പോള്‍ കുടിക്കണം എന്നുള്ളതെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്.

വെള്ളത്തിന്റെ രുചി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ രുചി വ്യത്യാസവും അറിഞ്ഞിരിക്കേണ്ടതാണ്. വെള്ളത്തിന്റെ രുചിയുടെ പിന്നിലെ കാരണം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ്. ഏകദേശം 12 മണിക്കൂര്‍ ഗ്ലാസ് വെള്ളം അടക്കാതെ വെക്കുമ്പോള്‍ വായുവിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അതില്‍ കലരാന്‍ തുടങ്ങുന്നു. ഇത് വെള്ളത്തിന്റെ pH ലെവല്‍ കുറക്കുകയും അതിന് ഒരു രുചി വ്യത്യാസം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഈ വെള്ളം കുടിക്കാന്‍ സുരക്ഷിതമാണ്.

വളരെ നേരം തുറന്ന് വെച്ച വെള്ളം കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. തുറന്ന ഗ്ലാസിലോ പാത്രത്തിലോ ഒറ്റ രാത്രി കൊണ്ട് അല്ലെങ്കില്‍ ദീര്‍ഘനേരം അവശേഷിക്കുന്ന വെള്ളം ധാരാളം ബാക്ടീരിയകളുടെ ആവാസ കേന്ദ്രമാണ്. മാത്രമല്ല ഇത് കുടിക്കാന്‍ സുരക്ഷിതമല്ല. ഒരുപക്ഷെ ആ ഗ്ലാസിലേക്ക് പൊടിയും അവശിഷ്ടങ്ങളും മറ്റ് ചെറിയ സൂക്ഷ്മകണങ്ങളും കടന്നു പോയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഈ വെള്ളം കുടിക്കാതിരിക്കുകയോ അല്ലെങ്കില്‍ തുറന്ന് വെക്കാതിരിക്കുകയോ ആണ് ചെയ്യേണ്ടത്.

ഒരു കുപ്പിയില്‍ വളരെക്കാലം അവശേഷിക്കുന്ന വെള്ളം കുടിക്കാന്‍ സുരക്ഷിതമല്ല എന്നുള്ളതാണ് സത്യം. കാരണം, വെള്ളം കുടിക്കാന്‍ കുപ്പിയുടെ അരികില്‍ വായ വയ്ക്കുമ്പോള്‍, നമ്മുടെ ചര്‍മ്മത്തെ മൂടിയ മൃതചര്‍മ്മവും പൊടിയും വിയര്‍പ്പും ബാക്കിയുള്ള വെള്ളത്തില്‍ കലരുന്നു. നമ്മുടെ ഉമിനീര്‍ പോലും ധാരാളം ബാക്ടീരിയകള്‍ വഹിക്കുന്നുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, അവയെല്ലാം കുപ്പിയിലെ വെള്ളവുമായി കലരുന്നു. കുറച്ചുനേരം ഈ വെള്ളം വെച്ചാല്‍ അതില്‍ ബാക്ടീരിയകള്‍ വളരുകയും അതേ വെള്ളം വീണ്ടും കുടിക്കുമ്പോള്‍, അത് ശരീരത്തിലേക്ക് എത്തുകയും ചെയ്യുന്നു. ഇത് ആരോഗ്യ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും കാരണമാകും.

സൂര്യരശ്മികള്‍ കാരണം കാറിലെ വെള്ളം പെട്ടെന്ന് ചൂടാകുന്നു. ഇത് ബാക്ടീരിയകളുടെ മികച്ച പ്രജനന കേന്ദ്രമായി വര്‍ത്തിക്കുന്നു. ബിപിഎയോ മറ്റ് രാസവസ്തുക്കളോ ഉപയോഗിച്ച് നിര്‍മ്മിച്ച കുപ്പികളിൽ വെള്ളം സംഭരിക്കുമ്പോൾ, ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന രാസവസ്തുക്കള്‍ വെള്ളത്തില്‍ കലരും. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് കാറില്‍ വെച്ച വെള്ളം കുടിക്കുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം.

എല്ലാ ജീവജാലങ്ങള്‍ക്കും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം ശരീരത്തിന് ആവശ്യമുള്ള ജലാംശം മാത്രമല്ല നല്‍കുന്നത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യുകയും മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കുകയും ചെയ്യുന്നു. മൊത്തത്തില്‍, നമ്മുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വെള്ളത്തിന് നിരവധി റോളുകള്‍ ഉണ്ട്. മുകളില്‍ പറഞ്ഞ തരത്തിലുള്ള വെള്ളം കുടിക്കുമ്പോള്‍ വെള്ളത്തിന്റെ ചില അവശ്യ ഗുണങ്ങള്‍ നഷ്ടമാകും. അതിനാൽ അത്തരത്തിലുള്ള വെള്ളങ്ങൾ കുടിക്കുന്നത് ഒഴിവാക്കുക.

Related posts