Nammude Arogyam
General

നഖം നോക്കിയാല്‍ മതി പല രോഗങ്ങളും തിരിച്ചറിയാം… Many diseases can be diagnosed by looking at the nails.

നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും ആരോഗ്യവും, അനാരോഗ്യവും വെളിപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. ഇതില്‍ നമ്മുടെ നഖങ്ങളും പെടും. മനുഷ്യര്‍ക്കിത് ശരീരത്തിന്റെ ആകൃതി നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നെങ്കില്‍ പല മൃഗങ്ങള്‍ക്കും ഇത് പലയിടത്തും അള്ളിപ്പിടിച്ചു കയറുന്നതിനും ഭക്ഷണം കഴിയ്ക്കുന്നതിനും മറ്റും സഹായിക്കുന്ന ഒന്നുമാണ്. നഖങ്ങള്‍ പലപ്പോഴും നമ്മുടെ ആരോഗ്യം കാണിച്ചു തരുന്ന ഒന്നു കൂടിയാണ്. നഖം നോക്കിയാല്‍ പല രോഗങ്ങളും തിരിച്ചറിയാന്‍ സാധിയ്ക്കും. പല പോഷകങ്ങളുടേയും കുറവുകള്‍ നഖം വെളിപ്പെടുത്തിത്തരുന്നു. കെരാറ്റിന്‍ ടിഷ്യു കൊണ്ടാണ് നഖമുള്ളത്. നഖത്തിന്റെ താഴെ രക്തപ്പാളികളുണ്ട്. ഇതാണ് നഖ നിറമായി വരുന്നത്. കൈ വിരല്‍ നഖങ്ങളാണ് കാല്‍ നഖങ്ങളേക്കാള്‍ വളരുന്നതും. ഒരു കുഞ്ഞ് ജനിയ്ക്കുന്നതു മുതല്‍ മരിയ്ക്കുന്നതു വരെയും നഖം വളര്‍ന്നു കൊണ്ടിരിയ്ക്കും.

നമ്മുടെ നഖത്തില്‍ വെളുത്ത പാടുകള്‍ കാണാറുണ്ട്. വെളുത്ത വരകളോ പാടുകളോ വരുന്നത് പ്രോട്ടീന്‍ കുറവാണ്. അല്ലാതെ ഇത് കാല്‍സ്യം കുറവു കാരണമല്ല, വരുന്നത്. ചിലരുടെ നഖത്തില്‍ ചെറിയ കുഴികള്‍ കാണാം. തീരെ ചെറുതാകാം ഇവ. സോറിയായിസ് പോലുള്ള ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളെങ്കില്‍ ഇത് വരും. തലയില്‍ വരുന്ന അലോപേഷ്യ ഏരിയാറ്റ അതായത് തലയില്‍ വട്ടത്തില്‍ മുടി പൊഴിഞ്ഞു പോകുന്ന അവസ്ഥയിലും വരുന്നു. നെയില്‍ പിറ്റിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവ കൂടാതെ നഖങ്ങളിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ പല രോഗങ്ങളെയും സൂചിപ്പിക്കുന്നു. അവ ഏതൊക്കെയെന്ന് നോക്കാം.

1.നഖം റൂട്ടില്‍ നിന്നും പൊന്തി

നഖം റൂട്ടില്‍ നിന്നും പൊന്തി നഖം ഇളകുന്ന പോലുള്ള അവസ്ഥയുണ്ടാകാം. നഖം വെള്ളവുമായി കൂടുതല്‍ പ്രവര്‍ത്തിയ്ക്കുന്നതിലൂടെ ഇവയുണ്ടാകാം. അമിതമായി ജോലി ചെയ്യുന്ന വീട്ടമ്മമാര്‍, പശുക്കറവയുള്ളവര്‍, പാടങ്ങളിലും മറ്റും ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഇതുണ്ടാകാം.

2.നഖത്തിന് അമിതമായ വെളുപ്പ്

ചിലപ്പോള്‍ നഖത്തിന് അമിതമായ വെളുപ്പു കാണാം. വിളറിയ നിറം. ഇത് രക്തക്കുറവിന്റെ ലക്ഷണമാണ്.

3.നഖത്തിന് മഞ്ഞ നിറം

നഖത്തിന്റെ അഗ്രഭാഗത്ത് മഞ്ഞ നിറം വരുന്നത് ഫംഗസ് ബാധ വരുന്നതിന്റെ തുടക്ക ലക്ഷണമാണിത്.

4.പിങ്ക് നിറത്തിലെ പാട്

ചിലരില്‍ പിങ്ക് നിറത്തിലെ ഒരു പാടു കാണാം. ടെറി നെയില്‍സ് എന്ന് ഇതറിയപ്പെടുന്നു. ഇത് പ്രായമാകുമ്പോള്‍ നഖത്തിന്റെ പുറംഭാഗത്തായാണ് കാണുക. പ്രായമാകുമ്പോള്‍ വരുന്ന രക്തക്കുറവാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ ചിലപ്പോള്‍ ചെറുപ്പക്കാരിലും ഇത്തരം അവസ്ഥ കാണാറുണ്ട്. ഇതിന് കാരണം വൃക്ക സംബന്ധമായ രോഗങ്ങളാകാം. ഇതല്ലെങ്കില്‍ ഹൃദയ, പ്രമേഹ സംബന്ധമായ രോഗങ്ങള്‍ കാരണമാകാം.

5.നഖത്തില്‍ ഗട്ടര്‍

നഖത്തില്‍ ഗട്ടര്‍ പോലുള്ള ഭാഗമെങ്കില്‍ ബ്യൂ നെയില്‍ എന്നു പറയാം. ഇത് നഖങ്ങള്‍ക്ക് വരുന്ന അപകടം കാരണമാകാം. ഉദാഹരണത്തിന് വാതിലിനിടയില്‍ നഖം പെടുക പോലുള്ളവ. എന്നാല്‍ പ്രമേഹം കൂടുതലായവരിലും, സിങ്ക് കുറവെങ്കിലും, വാസ്‌കുലാര്‍ രോഗമെങ്കിലും ഇതുണ്ടാകാം.

6.നഖങ്ങള്‍ക്ക് നീല നിറം

നഖങ്ങള്‍ക്ക് പെട്ടെന്നു നീല നിറം വരുന്നതിന് ഓക്‌സിജന്‍ പെട്ടെന്നു കുറയുന്നതിനാലാണ്. ചില മെഡിക്കല്‍ കണ്ടീഷനുകള്‍ കാരണമിതുണ്ടാകാം.

7.നഖങ്ങളില്‍ വിള്ളല്‍

ചിലരില്‍ നഖങ്ങളില്‍ വിള്ളലും പൊട്ടലുമെല്ലാമുണ്ടാകാം. ഇതിന് കാല്‍സ്യം കുറവും തൈറോയ്ഡ് രോഗവുമെല്ലാം കാരണമാകാം. നഖത്തിലെ ഫംഗസ് രോഗമമെങ്കിലും പെട്ടെന്ന് പൊട്ടിപ്പോകാം.

8.നഖങ്ങളില്‍ കറുത്ത പാടുക

നഖത്തിന്റെ വശത്തും സെൻ്ററിലും കറുത്ത പാടുകളുണ്ടെങ്കില്‍, ഇത് സ്‌കിന്‍ ക്യാന്‍സര്‍ അഥവാ മെലനോമ കാരണമാകാം. എന്നാല്‍ ഇത് മലയാളികളില്‍ അപൂര്‍വമായി മാത്രം കാണുന്നു.

9.നഖം സ്പൂണ്‍ പോലെ വരുന്ന അവസ്ഥ

അയേണ്‍ ഡെഫിഷ്യന്‍സി അനീമിയ കാരണം ഇതുണ്ടാകാം. അതായത് രക്തത്തില്‍ അയേണ്‍ കുറയുന്ന അവസ്ഥയാണിത്.

10.നഖം നടുവില്‍ ഉയര്‍ന്ന്

നഖം നടുവില്‍ ഉയര്‍ന്ന് കാണുന്ന അവസ്ഥ.കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നും ഇരുമ്പിന്റെ അളവ് കൂടുതല്‍ വലിച്ചെടുക്കപ്പെടുന്നുവെങ്കിലും ഇതുണ്ടാകാം. പ്രായം കൂടുമ്പോള്‍ നഖം ഏറെ കട്ടി കൂടി വരുന്നത് സാധാരണമാണ്. എന്നാല്‍ ചെറുപ്പക്കാരില്‍ ഇത്തരം കട്ടി മഗ്നീഷ്യം, വൈറ്റമിന്‍ ബി12 കുറവ് കാരണമാകാം.

11.വിരലുകളുടെ അറ്റം

ചിലരുടെ വിരലുകളുടെ അറ്റം വീര്‍ത്ത് നഖങ്ങള്‍ പുറത്തേയ്ക്ക് വളഞ്ഞു നില്‍ക്കുന്ന അവസ്ഥ കാണപ്പെടുന്നു. അതായത് നഖത്തിന്റെ നടുഭാഗം അല്‍പം ഉയര്‍ന്ന് പുറത്തേയ്ക്ക് വളഞ്ഞു വരുന്നു. ഇത് നഖത്തിന്റെ ക്ലബിംഗ് എന്ന അവസ്ഥയാണ്. ഇത് പെട്ടെന്ന് തിരിച്ചറിയാനുള്ള വഴി രണ്ടു തള്ള വിരലുകളുടെ നഖങ്ങള്‍ തമ്മില്‍ ചേര്‍ത്തു വയ്ക്കുമ്പോള്‍ സാധാരണ ഗതിയില്‍ ഇത് കൂട്ടി മുട്ടില്ല. എന്നാല്‍ ക്ലബിംഗ് എന്ന അവസ്ഥയില്‍ ഇത് കൂട്ടി മുട്ടുന്നു. ഇത് രക്തത്തിലെ ഓക്‌സിജന്‍ അളവ് ക്രമേണ കുറഞ്ഞു വരുന്ന അവസ്ഥ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് പൊതുവേ കണ്ടു വരുന്ന ഒന്നാണ്. ശ്വാസകോശ സംബന്ധമായ അവസ്ഥയും ഹൃദയത്തിന്റെ വാല്‍വുകള്‍ക്ക് പ്രശ്‌നമുണ്ടെങ്കിലും ഇതുണ്ടാകാം. കരള്‍ രോഗമുള്ളവര്‍ക്കും അമിതമായ പുകവലി ശീലമുള്ളവര്‍ക്കും ഇതുണ്ടാകാം. ഇറിട്ടബില്‍ ബവല്‍ സിന്‍ഡ്രോം, എയ്ഡ്‌സ് എന്നിവ കാരണവും ഇതുണ്ടാകാം. ക്ലബിംഗ് എന്ന അവസ്ഥ പലര്‍ക്കും ജന്മനാ ഉണ്ടാകും. ഇത് രോഗം കാരണമല്ലെന്ന് ഉറപ്പു വരുത്തുക.

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒരിക്കലും നിസ്സാരവൽക്കരിക്കരുത്. കാരണം നിസ്സാരമെന്ന് കരുതി ഒഴിവാക്കുന്നവ ചിലപ്പോൾ നമ്മളിൽ കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിച്ചേക്കാം.

Related posts