🎵🎶 സര്യനായി തഴുകി ഉറക്കമുണർത്തുമെൻ
അച്ഛനെയാണെനിക്കിഷ്ടം
ഞാനൊന്ന് കരയുമ്പോൾ അറിയാതെ ഉരുകുമെൻ
അച്ഛനെയാണെനിക്കിഷ്ടം🎶🎵
സിനിമയിലെ പാട്ട് മൂളികൊണ്ട് നടന്നാൽ മാത്രം പോര, ജീവിതത്തിൽ അത് പ്രാവർത്തികമാക്കാനും ശ്രമിക്കണം. വ്യദ്ധസദനങ്ങൾ കൂടി വരുന്ന ഈ കാലഘട്ടത്തിൽ, അവിടങ്ങളിലെ അന്തേവാസികളാക്കാതെ നമ്മുടെ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് നമ്മളിൽ ഓരോരുത്തരുമാണ്.
കഠിനാധ്വാനം, സ്നേഹം, ആരാധന, കരുതൽ….. ഇവയെല്ലാം നിങ്ങളുടെ പിതാവിനെ വിവരിക്കാൻ നിങ്ങൾ ഉപയോഗിക്കുന്ന വാക്കുകളാണ്. നിങ്ങളെ വളർത്തി വലുതാക്കിയ അവരുടെ വാർധക്യം ആരോഗ്യകരമാക്കി നൽകേണ്ട ചുമതല നിങ്ങൾക്കുണ്ട്.
വരും കാലങ്ങളിൽ നിങ്ങളുടെ പിതാവിനെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിർത്താൻ സഹായിക്കുന്നതിന് അവരുടെ ആരോഗ്യക്ഷമത പരിശോധിക്കേണ്ടതുണ്ട്. അതിനായി നിങ്ങളുടെ പിതാവിന് തീർച്ചയായും ചെയ്തു നൽകേണ്ട മെഡിക്കൽ ചെക്കപ്പുകളെക്കുറിച്ച് നിങ്ങൾക്കിവിടെ വായിച്ചറിയാം.
കൊളസ്ട്രോൾ
പുരുഷൻമാർക്കുള്ള ഏറ്റവും പ്രാനപ്പെട്ട പരിശോധനയാണിത്. ഓരോ വർഷവും ഏകദേശം 17.3 ദശലക്ഷം ആളുകൾ ഹൃദ്രോഗം മൂലം മരിക്കുന്നു, ഹൃദ്രോഗത്തിനുള്ള പ്രധാന കാരണം കൊളസ്ട്രോളിൻ്റെ ഉയർന്ന അളവാണ്. കൊളസ്ട്രോൾ പരിശോധനയിലൂടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോളിൻ്റെ അളവ് അറിയാൻ പറ്റുന്നു. ലിപിഡ് പ്രൊഫൈൽ എന്നറിയപ്പെടുന്ന ഈ പരിശോധനയിൽ ട്രൈഗ്ലിസറൈഡുകൾ, എച്ച് ഡി എൽ, എൽ ഡി എൽ കൊളസ്ട്രോൾ എന്നിവയുടെ അളവ് പരിശോധിക്കുന്നു. 40 വയസ്സിനു മുകളിലുള്ള പുരുഷന്മാർ 6 മാസത്തിലൊരിക്കൽ മുടങ്ങാതെ നടത്തേണ്ട പരിശോധനയിൽ ഒന്നാണിത്.
രക്തസമ്മർദ്ദം
സ്പിഗ്മോമാനോമീറ്റർ ഉപയോഗിച്ച് ഒരാളുടെ രക്തം അവരുടെ രക്തക്കുഴലുകളിൽ എത്രമാത്രം സമ്മർദ്ദം ചെലുത്തുന്നുവെന്ന് പരിശോധിക്കുന്നു. രക്തസമ്മർദ്ദം ഒരു സുപ്രധാന പരിശോധനയാണ്, കാരണം താഴ്ന്നതോ ഉയർന്നതോ ആയ രക്തസമ്മർദ്ദം ശരീരത്തിൽ തെറ്റായ ഫലങ്ങൾ ഉണ്ടാക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം, ആനൂറിസം എന്നിവ പോലുള്ള രോഗാവസ്ഥകളിലേക്ക് നയിച്ചേക്കാം, അതേസമയം കുറഞ്ഞ രക്തസമ്മർദ്ദം തലകറക്കം, മയക്കം എന്നിവയ്ക്ക് കാരണമാവുകയും ഒരു വ്യക്തിയെ കോമയിലാക്കുക വരെയും ചെയ്തേക്കാം. 45-50 വയസ്സിനു മുകളിലുള്ള പുരുഷന്മാർ ഈ പരിശോധന പതിവായി സാധ്യമായത്ര ചെയ്യണം.
അസ്ഥി സാന്ദ്രത പരിശോധന
നാഷണൽ ഓസ്റ്റിയോപൊറോസിസ് ഫൗണ്ടേഷൻ്റെ കണക്കനുസരിച്ച് 10 ദശലക്ഷം ആളുകൾക്ക് ഓരോ വർഷവും ഓസ്റ്റിയോപൊറോസിസ് ബാധിക്കുന്നു. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്ന ഈ അവസ്ഥ എല്ലുകളുടെ ശക്തിയെ ബാധിക്കുന്നു. 50 വയസ്സിനു ശേഷം പുരുഷന്മാർക്ക് ഇടുപ്പ് തകരാറോ കശേരുക്കൾ ഒടിയാനോ സാധ്യതയുണ്ട്. അസ്ഥിയിൽ കാത്സ്യം പുറന്തള്ളുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. ഡി എക്സ് എന്നറിയപ്പെടുന്ന ഒരു പ്രത്യേക എക്സറേ ആണ് പരിശോധന നടത്തുന്നത്. ഇത് എല്ലുകളുടെ ക്ഷമത അളക്കുന്നു. 65 വയസ്സിനു മുകളിലുള്ള പുരുഷന്മാർ ഈ പരിശോധനകൾ തീർച്ചയായും നടത്തണം.
ദന്ത പരിശോധന
പ്രായമാകുമ്പോൾ പല്ലും താടിയെല്ലുകളും ദുർബലമാകും.പ്രായമായ മിക്ക പുരുഷന്മാരുടെയും അണപ്പല്ലുകൾക്ക് കേട് പറ്റുകയും മോണരോഗങ്ങൾ, ചവയ്ക്കാൻ ബുദ്ധിമുട്ട് എന്നിവയും കണ്ടു വരുന്നു. അതിനാൽ പല്ലിൻ്റെ ആരോഗ്യം കണക്കാക്കാൻ ഒരു ദന്തരോഗ വിദഗ്ധൻ്റെ സഹായം തേടേണ്ടതാണ്. കൂടാതെ ഒരു ദന്തരോഗ വിദഗ്ധന് ഓറൽ കാൻസറിൻ്റെ ലക്ഷണങ്ങളും പരിശോധിക്കാം. 50 വയസ്സിനു മുകളിലുള്ള പുരുഷന്മാർ ഇത് പതിവായി ചെയ്യണം. പ്രത്യേകിച്ചും പുകവലി, പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർ.
പ്രമേഹം
ഇന്ത്യയിൽ അതിവേഗം പിടിമുറുക്കുന്ന ഒരു രോഗമാണ് പ്രമേഹം. മിക്ക ആളുകളും ഈ പരിശോധന അവഗണിക്കുന്നു. ഫലപ്രദമായ ചികിത്സ ആവശ്യമായ ഒരു ഗുരുതര അവസ്ഥയാണ് പ്രമേഹം. ഈ അവസ്ഥ ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ മാത്രമല്ല, മുഴുവൻ രക്തപ്രവാഹത്തേയും ബാധിക്കുന്നു. ഇത് കണ്ണിൻ്റെ കാഴ്ച തകരാറ്, വൃക്കരോഗം തുടങ്ങിയവയ്ക്ക് കാരണമാകുന്നു. 40 വയസ്സിനു മുകളിലുള്ള മിക്ക പുരുഷന്മാരും ഈ പരിശോധന നടത്തണം, പ്രത്യേകിച്ച് അമിതഭാരമുള്ളവരോ, ഉയർന്ന രക്ത സമ്മർദരോ ആണെങ്കിൽ.
പ്രോസ്റ്റേറ്റ്
അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ കണക്കനുസരിച്ച് ആറിൽ ഒരാൾക്ക് പ്രോസ്റ്റേറ്റ് കാൻസർ ബാധിക്കുന്നു. പുരുഷന്മാർ പ്രായമാകുമ്പോൾ അവരുടെ പ്രോസ്റ്റേറ്റ് സാധാരണയായി വലുതാകുന്നു. മൂത്രമൊഴിക്കുമ്പോൾ പ്രശ്നങ്ങൾ കണ്ടുവരുന്നെങ്കിൽ എന്തെങ്കിലും അസാധാരണതകൾ ഉണ്ടോ എന്ന് പരിശോധിക്കണം.
നേത്ര പരിശോധന
പ്രായമാകുന്നതോടെ നമ്മളുടെ കാഴ്ചശക്തി പലപ്പോഴും ദുർഭലമാകുന്നു. മിക്ക മുതിർന്നവരിലും ഹൈപ്പർമെട്രോപിയ എന്നറിയപ്പെടുന്ന ഒരു അവസ്ഥ കണ്ടുവരുന്നു. ചിലർക്ക് മയോപിയയും സംഭവിക്കാം. നേത്രപരിശോധനയിൽ കാഴ്ചയുടെ കൃത്യത മാത്രമല്ല, ഗ്ലോക്കോമ പോലുള്ള അവസ്ഥകളുടെ ലക്ഷണങ്ങളും പരിശോധിക്കുന്നു.40 വയസ്സിനു മുകളിൽ ഉള്ള പുരുഷൻമാർ ഓരോ ആറു മാസത്തിലും കണ്ണ് പരിശോധിക്കുന്ന്’ പ്രത്യേകിച്ച് പുകവലി, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം അല്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ.
ശ്രവണ പരിശോധന
കണ്ണിൻ്റ കാഴ്ച പോലെ തന്നെ പ്രായമാകുമ്പോൾ കേൾവിക്കും തകരാർ സംഭവിക്കുന്നു. മിക്ക പുരുഷൻമാരും ഇതിൻ്റെ രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ പ്രയാസമുള്ളതാകുന്നു. മധ്യ ആന്തരിക ചെവിയിലെ തകരാറുകൾ, സംസാരം തിരിച്ചറിയാനുള്ള കഴിവ് എന്നിവ പരിശോധിക്കുന്നതിന് ഒരു കൂട്ടം ടെസ്റ്റുകൾ ഇതിൽപ്പെടുന്നു.
സ്ട്രെസ് ടെസ്റ്റ്
നിങ്ങളുടെ ഹൃദയത്തിൻ്റെ ക്ഷമത നിർണ്ണയിക്കാൻ സഹായിക്കുന്ന ഒരു പരിശോധനയാണ് സ്ട്രെസ് ടെസ്റ്റ്. പരിശോധനയുടെ ഫലങ്ങൾ നിങ്ങളുടെ ഹൃദയപേശികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ഹൃദയമിടിപ്പിൽ എന്തെങ്കിലും തകരാറുകൾ, തടസ്സങ്ങൾ അല്ലെങ്കിൽ ഹൃദയരോഗങ്ങൾ എന്നിവയുടെ ലക്ഷണങ്ങൾ തിരിച്ചറിയാൻ ഈ ടെസ്റ്റ് നിങ്ങളെ സഹായിക്കുന്നു. 40 വയസ്സിനു മുകളിലുള്ള എല്ലാ പുരുഷന്മാരും ഈ പരിശോധന നടത്തണം. ഹൃദ്രോഗത്തിൻ്റെ കുടുംബ ചരിത്രമുള്ള പുരുഷന്മാർ, ഉയർന്ന സമ്മർദമുള്ള ജോലികൾ ചെയ്യുന്നവർ, പുകവലി അല്ലെങ്കിൽ അമിതവണ്ണമുള്ളവർ എന്നിവർ 6 മാസത്തിലൊരിക്കൽ ഈ പരിശോധന നടത്തണം.
ബ്ലഡ് കൗണ്ട്
രക്തത്തിലെ എന്തെങ്കിലും തകരാറുകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള അടിസ്ഥാന പരിശോധനയാണിത്. ചുവന്ന രക്താണുക്കളുടെ അളവ്, വെളുത്ത രക്താണുക്കൾ, ഹീമോഗ്ലോബിൻ മറ്റ് ഘടകങ്ങൾ എന്നിവ പരിശോധിക്കുന്നു. ഏതെങ്കിലും അണുബാധയുടെ സാന്നിധ്യം, രക്തത്തിൻ്റെ എണ്ണം കുറയൽ, വിളർച്ച എന്നിവ തിരിച്ചറിയാൻ പുരുഷന്മാർക്ക് ഈ പരിശോധന വളരെ പ്രധാനമാണ്.
തൈറോയ്ഡ് പ്രവർത്തനം
നിങ്ങളുടെ തൊണ്ടയുടെ മുൻവശത്തുള്ള ഒരു ചെറിയ ഘടനയാണ് നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥി. നിങ്ങളുടെ മെറ്റബോളിസം, നാഡീവ്യൂഹം, ദഹനം, താപനില, ലൈംഗിക അവയവങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്തമാണിതിന്. തൈറോയ്ഡ് ഹോർമോണിൻ്റെ അമിത അളവ് (ഹൈപ്പർതൈറോയിഡിസം) തുടങ്ങിയ തൈറോയ്ഡ് ഹോർമോണിലെ അസന്തുലിതാവസ്ഥ നിങ്ങളിൽ കടുത്ത ക്ഷീണം, ഹൃദയമിടിപ്പ് തുടങ്ങിയ ചില സങ്കീർണ്ണതകൾക്ക് കാരണമാകുന്നു. അതിനാൽ ഈ പരിശോധന പുരുഷന്മാർക്ക് അതൃന്താപേക്ഷിതമാണ്.
മൂത്ര പരിശോധന
ഈ പരിശോധന പുരുഷന്മാർക്ക് അത്യന്താപേക്ഷിതമാണ്, കാരണം ഇത് അവരുടെ വ്യക്കകൾ എത്രത്തോളം കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നുവെന്ന് പരിശോധിക്കുന്നു. പഴുപ്പ് കോശങ്ങളുടെ സാന്നിധ്യം (അണുബാധയുടെ അടയാളം), ഉയർന്ന ക്രിയാറ്റിനിൻ അളവ്, മൊത്തത്തിലുള്ള വ്യക്കകളുടെ പ്രവർത്തനം എന്നിവയും പരിശോധിക്കുന്നു.
പ്രമേഹം, പ്രോസ്റ്റേറ്റ് വളർച്ച എന്നിവ കൂടുതൽ അപകടസാധ്യത സൃഷ്ടിക്കുന്നതിനാൽ പുരുഷന്മാർക്ക് വൃക്ക സംബന്ധമായ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. 50 വയസ്സിനു മുകളിലുള്ള പുരുഷന്മാർ ഈ പരിശോധന നടത്തണം.