Nammude Arogyam
General

മഞ്ഞുകാലത്തും പച്ച വെള്ളത്തിലാണോ കുളി? എങ്കിൽ ഈ രോഗങ്ങളെ സൂക്ഷിക്കുക

മഞ്ഞുകാലം ആയിത്തുടങ്ങി. നമ്മള്‍ പലകാര്യങ്ങളും ശ്രദ്ധിക്കുന്ന സമയമാണിത്. പ്രത്യേകിച്ച് ആരോഗ്യം. മഞ്ഞുകാലത്ത് ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ അതില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട ഒന്നാണ് കുളിക്കാന്‍ എടുക്കുന്ന വെള്ളം. മഞ്ഞുകാലത്ത് തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് അറ്റാക്ക് മുതല്‍ സ്‌ട്രോക്ക് വരെ വരാന്‍ സാധ്യത കൂട്ടുന്നു.

ചിലര്‍ ഏത് കാലാവസ്ഥ ആയാലും കുളിക്കാന്‍ തിരഞ്ഞെടുക്കുന്നത് പച്ച വെള്ളമായിരിക്കും. ഇത്തരത്തില്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. ശരീരത്തിലെ വീക്കം കുറയ്ക്കുവാനും വേദന ഇല്ലാതാക്കുവാനും സ്‌ട്രെസ്സ് ലെവല്‍ കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെ, ക്ഷീണം മാറ്റി നല്ല ഉറക്കം ലഭിക്കാനും പച്ചവെള്ളത്തില്‍ കുളിക്കുന്നത് വളരെ നല്ലതാണ്.

നമ്മുടെ പേശികള്‍ക്ക് കൃത്യമായ രീതിയില്‍ രക്തം കിട്ടാതെ വരുമ്പോഴാണ് രക്തം കട്ട പിടിക്കുന്നതും ബ്ലോക്ക് ഉണ്ടാകുന്നതും. ഇത്തരത്തില്‍ ബ്ലോക്കുകള്‍ ഉണ്ടാകുമ്പോള്‍ ഇത് ശരീരത്തിലേയ്ക്ക് ഓക്‌സിജന്‍ സപ്ലൈ കുറയ്ക്കുന്നു.

അറ്റാക്കും, സ്‌ട്രോക്കും വരുന്നതിന് പ്രായവും അതുപോലെ നമ്മുടെ ആരോഗ്യസ്ഥിതിയും ഒരു പ്രധാന ഘടകം തന്നെയാണ്. അമിതമായിട്ടുളള രക്ത സമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ജീവിത രീതി എന്നിവയെല്ലാം തന്നെ ഈ രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ തണുത്ത വെള്ളത്തില്‍ മഞ്ഞുകാലത്ത് കുളിക്കുന്നത് നല്ലതല്ല.

നമ്മള്‍ പെട്ടെന്ന് നമ്മുടെ ശരീരത്തിലേയ്ക്ക് തണുത്ത വെള്ളം ഒഴിക്കുമ്പോള്‍, ഹൃദയത്തിന്റെ ആരോഗ്യത്തെ ഇത് കാര്യമായി ബാധിക്കുന്നു. പെട്ടെന്ന് തണുപ്പ് ശരീരത്തിലേയ്ക്ക് എത്തുമ്പോള്‍ ശരീരത്തിലേയ്ക്കുള്ള രക്തത്തിന്റെ പ്രവാഹം കുറയുകയും ഹൃദയം അമിതമായി മിടിക്കാന്‍ തുടങ്ങുകയും ചെയ്യും. ശരീരത്തിലേയ്ക്ക് രക്തം പമ്പ് ചെയ്യുന്നതിനായാണ് ഹൃദയം വേഗത്തില്‍ മിടിക്കുന്നത്. ഇത് അറ്റാക്കിലേയ്ക്കും സ്‌ട്രോക്കിലേയ്ക്കും നയിക്കുമെന്ന് പല പഠനങ്ങളിലും പറയുന്നുണ്ട്.

ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ തണുപ്പ് കാലത്ത് നമ്മള്‍ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട സമയമാണ്. കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോ വര്‍ഷവും 18 ലക്ഷം ആളുകള്‍ക്കാണ് സ്‌ട്രോക്ക് വരുന്നത്. അതിനാല്‍, നമ്മള്‍ നമ്മളുടെ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അനിവാര്യമാണ്. ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

1. തണുത്ത വെള്ളത്തില്‍ കുളിക്കാതിരിക്കാം. ചൂടുവെള്ളത്തില്‍ അല്ലെങ്കില്‍ ചെറു ചൂടുവെള്ളത്തില്‍ കുളിച്ച് ശീലിക്കുന്നതാണ് എല്ലായ്‌പ്പോഴും ആരോഗ്യത്തിന് നല്ലത്.

2. എല്ലായ്‌പ്പോഴും ശരീരം ചൂടാക്കി നിലനിര്‍ത്താം. തണുപ്പ് തട്ടിയാല്‍ വേഗത്തില്‍ അസുഖം വരുന്നവര്‍ പ്രത്യേകിച്ച് ശരീരം ചൂടാക്കി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.

3. ഫിസിക്കലി ആക്ടീവായി ഇരിക്കുന്നതും നല്ലതാണ്. ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യാവുന്നതാണ്. ഓടുന്നത്, ജോഗിംഗ്, എയ്‌റോബിക്‌സ്, യോഗ, വീട്ടില്‍ ഇരുന്ന് ചെയ്യുന്ന വ്യായാമങ്ങള്‍, ഡാന്‍സ്, മെഡിറ്റേഷന്‍ എന്നിവ ചെയ്യുന്നതിലൂടെ ശരീരം ചൂടാക്കി നിലനിര്‍ത്താന്‍ സഹായിക്കും.

4. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാം. സീസണല്‍ ഫ്രൂട്‌സ് കഴിക്കുന്നത് നല്ലതാണ്. പച്ച നിറത്തിലുള്ള പച്ചക്കറികള്‍ കഴിക്കുന്നതും നല്ലത് തന്നെ. പൊരിച്ചതും പ്രോസസ്സ്ഡ് ഫുഡും കഴിക്കാതിരിക്കുക. അതുപോലെ, ചൂടോടെ ആഹാരം കഴിക്കുക.

5. ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒരു പൂര്‍ണ്ണമായ ബോധ്യം ഉണ്ടാക്കി എടുക്കാം. ഇടയ്ക്കിടയ്ക്ക് പ്രമേഹം രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിക്കാവുന്നതാണ്. അതുപോലെ, കൊളസ്‌ട്രോള്‍ ലെവല്‍ പരിശോധിക്കേണ്ടതും അനിവാര്യം.

6. ഹൃദ്രോഗികള്‍ അമിതമായി ഭാരപ്പെട്ട പണികള്‍ ഈ സമയത്ത് ചെയ്യാതിരിക്കുന്നത് നല്ലതായിരിക്കും.

Related posts