Nammude Arogyam
General

“അമ്മിഞ്ഞ തന്നെ അമൃത് ” ജോലിക്ക് പോകുന്ന അമ്മമാർ അറിയാൻ…

മുലയൂട്ടലിലൂടെ അമ്മയുടെ സ്‌നേഹം കുഞ്ഞിലേയ്ക്ക് പകരുകയാണ് ചെയ്യുന്നത്. എന്നാല്‍ ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് മുലയൂട്ടല്‍ ഒരു പ്രശ്‌നം തന്നെയാണ്. വീട്ടിലിരിക്കുമ്പോള്‍ ഇടയ്ക്കിടെ പാലൂട്ടുന്നതു പോലെ ജോലിക്കു പോകുമ്പോള്‍ കൊടുക്കുവാന്‍ സാധിക്കില്ല. മുലയൂട്ടാത്തത് കുഞ്ഞിനു മാത്രമല്ലാ, അമ്മയ്ക്കും ബുദ്ധിമുട്ടുണ്ടാക്കും. കുഞ്ഞ് പാല്‍ കുടിക്കുന്നുണ്ടെങ്കില്‍ ആവശ്യത്തിന് മുലപ്പാല്‍ ഉല്‍പാദിപ്പിക്കപ്പെടും. പാല്‍ നീക്കാത്തിരുന്നാല്‍ സ്തനങ്ങള്‍ക്കുള്ളില്‍ പാല്‍ കെട്ടിക്കിടന്ന്് കല്ലിപ്പും വേദനയുമുണ്ടാകാന്‍ കാരണമാകുന്നു.

ജോലിയ്ക്കു പോകുന്ന അമ്മമാര്‍ക്ക് പാല്‍ പിഴിഞ്ഞെടുത്ത് സൂക്ഷിക്കാം. ഇത് കുഞ്ഞിന് ഇടയ്ക്കിടെ മുലപ്പാല്‍ കുടിയ്ക്കുന്നതിനും സഹായിക്കുന്നു. ഇങ്ങനെ മുലപ്പാല്‍ ശേഖരിയ്ക്കുമ്പോള്‍ വൃത്തി പ്രധാനമാണ്. നല്ല വൃത്തിയുള്ള പാല്‍ക്കുപ്പിയില്‍ പാല് പിഴിഞ്ഞു വയ്ക്കാം. ഇത് കുഞ്ഞിന് കുടിയ്ക്കുവാനും എളുപ്പമായിരിക്കും. സാധാരണ റൂം ടെംപറേച്ചറില്‍ 4 മുതല്‍ എട്ടുമണിക്കൂര്‍ വരെ മുലപ്പാല്‍ കേടുവരാതെ ഇരിയ്ക്കും. റഫ്രിജറേറ്ററില്‍ മൂന്നു ദിവസവും ഫ്രീസറില്‍ മൂന്നു മാസവും വരെ പാലിന് കേടു വരില്ല. എന്നാല്‍ റഫ്രിജറേറ്ററില്‍ പാല്‍ സൂക്ഷിക്കുന്നത് ആരോഗ്യകരമായ ഒരു രീതിയല്ല.

ഓഫീസില്‍ വച്ച് ഇടയ്ക്ക് മുലപ്പാല്‍ പിഴിഞ്ഞു കളയേണ്ടി വരും. ഇതും വേണമെങ്കില്‍ സൂക്ഷിച്ചു വയ്ക്കാം. ഇതിനുള്ള കുപ്പി കയ്യില്‍ കരുതണം. പിഴിഞ്ഞെടുത്ത ഉടനെ മുലപ്പാല്‍ ശേഖരിച്ച് കുഞ്ഞിനെത്തിക്കുവാന്‍ സൗകര്യമുണ്ടെങ്കില്‍ ഏറെ നല്ലത്. ദിവസവും കൃത്യമായ ഇടവേളകളില്‍ പാല്‍ പിഴിഞ്ഞെടുക്കുന്നതാണ് നല്ലത്.

ജോലിക്കു പോകുന്നതിന് മുന്‍പ് പറ്റാവുന്നത്ര തവണ കുഞ്ഞിനെ മുലയൂട്ടുക. ഉണര്‍ന്ന ഉടനെ പാല്‍ കൊടുത്താല്‍ പോകുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടി പാലൂട്ടിയ ശേഷം ജോലിയ്ക്കു പോകാം. ജോലിക്കു പോകാന്‍ തീരുമാനിച്ചാല്‍ പോകുന്നതിന് ഒരാഴ്ച മുന്‍പു തന്നെ കുപ്പിയില്‍ പാല്‍ ശേഖരിച്ച് കുഞ്ഞിന് കൊടുത്തുതുടങ്ങാം. ഈ രീതിയുമായി കുഞ്ഞ് ചേര്‍ന്നുപോകും. മാത്രമല്ലാ, ഇങ്ങനെ പാല്‍ കൊടുക്കുന്നത് കുഞ്ഞിന് പററുന്നുണ്ടോയെന്നും കണ്ടുപിടിക്കാം. പാല്‍ ശേഖരിച്ചു വച്ചാല്‍ കൃത്യമായ ഇടവേളകളില്‍ കൊടുക്കുവാന്‍ വീട്ടിലുള്ളവരോട് പറഞ്ഞേല്‍പ്പിക്കുകയും വേണം. ഓഫീസില്‍ നിന്നു വന്നാല്‍ കുളിക്കുകയോ മേല്‍ കഴുകുകയോ ചെയ്ത ശേഷം വേണം കുഞ്ഞിന് പാല്‍ കൊടുക്കുവാന്‍.

സാധാരണ ആറുമാസത്തിന് ശേഷമാണ് കുഞ്ഞിന് മറ്റുള്ള ഭക്ഷണങ്ങള്‍ കൊടുത്തുതുടങ്ങാന്‍. ജോലിക്കു പോകുന്ന അമ്മമാരാണെങ്കില്‍ വേണമെങ്കില്‍ നേരത്തെ മുതല്‍ കട്ടിയുള്ള ഭക്ഷണം കൊടുത്തു തുടങ്ങാം. അതനുസരിച്ച് മുലപ്പാല്‍ കൊടുക്കുന്നത് കുറയ്ക്കുകയും ചെയ്യാം. എന്നാല്‍ ഒന്നോര്‍ക്കുക. അമ്മിഞ്ഞപ്പാല്‍ തന്നെയാണ് അമൃതം. അതുകൊണ്ട് കഴിവതും കുഞ്ഞിനെ മുലയൂട്ടുക. കുഞ്ഞിനൊപ്പം കഴിവതും സമയം ചെലവഴിക്കുവാനും ശ്രദ്ധിക്കുക. അമ്മയുടെ സ്‌നേഹം ഈ രീതികളിലാണ് കുഞ്ഞിലേക്ക് പകരുക.

Related posts