നമ്മുടെ ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ കൈകാര്യം ചെയ്യുന്നത് കരള്‍ ആണ്. എന്നാല്‍ കരളില്‍ അണുബാധയുണ്ടാകുമ്പോള്‍ കരളിന്‍റെ പ്രവര്‍ത്തനം തന്നെ താറുമാറാകുന്നു. ഇങ്ങനെ കരളിനെ ബാധിക്കുന്ന അണുബാധയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് എന്ന് പറയാം. സാധാരണഗതിയില്‍ വരുന്ന പനിയും അനുബന്ധരോഗങ്ങളില്‍ നിന്നും ലക്ഷണങ്ങളില്‍ കാര്യമായ വ്യത്യാസങ്ങളൊന്നും ഇല്ലാതെയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗവും വരുന്നത്. ഇത് തന്നെയാണ് വില്ലനായി മാറുന്നതും. വൈറല്‍ ഹെപ്പറ്റൈറ്റിസ് ഒരു സാധാരണ രോഗമെന്ന നിലയില്‍ വരികയും പിന്നീട് വൈറസ് ബാധയില്‍ നിന്ന് മുക്തമാകാന്‍ കഴിയാതെ വന്നാല്‍ ഗുരുതരരോഗമായി മാറുകയും ചെയ്യും.
കരൾ കോശങ്ങൾക്കുണ്ടാകുന്ന വീക്കമാണ് ഹെപ്പറ്റൈറ്റിസ്. മദ്യം, ചിലയിനം മരുന്നുകൾ, രോഗാണുബാധ, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ എന്നിവ ഹെപ്പറ്റൈറ്റിസിന് കാരണമാകാറുണ്ട്. എന്നാൽ പ്രധാന കാരണം വൈറസുകൾ ആണ്. എ,ബി,സി,ഡി, ഇ എന്നിങ്ങനെ അഞ്ചുതരം ഹെപ്പറ്റൈറ്റിസ് വൈറസുകളുണ്ട്.
ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മലിനമായ ജലത്തിൽക്കൂടിയും ഭക്ഷണത്തിൽ കൂടിയും പകരുന്നു. പെട്ടെന്നുണ്ടാകുന്ന മഞ്ഞപ്പിത്തം, വയറുവേദന, പനി, ഛർദി, എന്നിവ ഹെപ്പറ്റൈറ്റിസ് എ,ഇ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്.
രക്തത്തിൽ കൂടിയും ശരീരസ്രവങ്ങളിൽക്കൂടിയും ഉള്ളിൽക്കടക്കുന്നവയാണ് ഹെപ്പറ്റൈറ്റിസ് ബിയും സിയും. തുടക്കത്തിൽ ഇവ കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ ശരീരത്തിൽ നിലനിൽക്കും. അതിനാൽ രോഗനിർണയം വൈകുന്നു. കാലാന്തരത്തിൽ ഇവ കരൾ കോശങ്ങളെ ബാധിച്ച സിറോസിസ്, കരൾരോഗം, കാൻസർ എന്നിവയുണ്ടാക്കുന്നു. രോഗമുള്ളവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ/ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർ, സിറിഞ്ചും മറ്റും പങ്കുവെച്ച് മയക്കുമരുന്ന് കുത്തിവെപ്പെടുക്കുന്നവർ, രോഗബാധിതരായ അമ്മമാരുടെ കുഞ്ഞുങ്ങൾ, ആരോഗ്യപ്രവർത്തകർ, ഡയാലിസിസ് രോഗികൾ എന്നിവർ ഹൈ റിസ്ക് കാറ്റഗറിയിലാണ്.
എങ്ങനെ പ്രതിരോധിക്കാം?
1. ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ (Hepatitis A, E) രോഗബാധ തടയാൻ കഴിയും. പ്രത്യേകിച്ചും യാത്രാവേളകളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നുള്ള ഭക്ഷണം, വെള്ളം എന്നിവ ഒഴിവാക്കേണ്ടതാണ്.
2. ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) രോഗങ്ങൾ പ്രതിരോധിക്കുന്നതിന് താഴെ പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാം
രക്തവുമായി സമ്പർക്കത്തിൽ വരുന്ന ഉപകരണങ്ങൾ (സൂചികൾ, ആശുപത്രി ഉപകരണങ്ങൾ എന്നിവ) ഒരിക്കൽ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
ഷേവിംഗ് സെറ്റ്, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കുവയ്ക്കാതിരിക്കുക.
ടാറ്റു, അക്യുപങ്ക്ചർ (tattoo, acupuncture) തുടങ്ങിയവ സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്നു മാത്രം സ്വീകരിക്കുക.
സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ മാത്രം ഏർപ്പെടുക.
രോഗസാദ്ധ്യതയുള്ള സാഹചര്യത്തിലൂടെ കടന്നു പോകുന്നവർ ഹെപ്പറ്റൈറ്റിസിന്റെ സ്ക്രീനിംഗ് ടെസ്റ്റുകൾക്ക് വിധേയരാവുക.
3. വാക്സിനുകൾ (Vaccines)
ഹെപ്പറ്റൈറ്റിസ് എ (Hepatitis A), ഹെപ്പറ്റൈറ്റിസ് ബി (Hepatitis B) രോഗങ്ങൾക്ക് ഫലപ്രദമായ വാക്സിനുകൾ ഇന്നു ലഭ്യമാണ്. അവ സ്വീകരിച്ച് രോഗം പകരുന്നത് ഒഴിവാക്കാം.
വൈറൽ ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള ശരിയായ അവബോധം വ്യക്തികളിൽ സൃഷ്ടിക്കപ്പെടുന്നതോടെ ഈ രോഗത്തെ നമുക്ക് പൂർണ്ണമായും നിയന്ത്രിച്ചു നിർത്താൻ സാധിക്കും