Nammude Arogyam
General

വെറും വയറ്റിലെ ചായ കുടി ശീലം

രാവിലെ ഉറക്കം ഉണരുമ്പോൾ തന്നെ ഒരു കപ്പ് ചായ അടുത്ത് ഉണ്ടാവണമെന്ന് ആഗ്രഹിക്കാത്ത ആളുകൾ നമുക്കിടയിൽ കുറവായിരിക്കും. ഉണർന്ന ഉടൻ ആദ്യം കാണുന്ന ഒരു ചായ അന്നത്തെ ദിവസത്തിൻറെ തന്നെ ഊർജ്ജവും ഉന്മേഷവും ആണെന്ന് വിശ്വസിക്കുന്നവർ നിരവധിയുണ്ട്. ചായകുടി ശീലം പല രീതിയിൽ നമ്മുടെ ആരോഗ്യത്തിന് നല്ലതാണെങ്കിൽ തന്നെയും രാവിലെ ഉണർന്നെണീറ്റ് ഉടൻ ആദ്യമിത് കുടിക്കുന്നത് അത്ര നല്ലതല്ല . കാരണം കഫീൻ അടങ്ങിയ പാനീയങ്ങൾ വെറും വയറ്റിൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പല പഠനങ്ങളിലും പറയുന്നത്.

ദിവസവും രാവിലെ ഉണരുമ്പോൾ തന്നെ ഒരു കപ്പ് ചായയ്ക്ക് വേണ്ടി വാശി പിടിക്കുന്നവരാണെങ്കിൽ ഈയൊരു ശീലം ഒരു ആസക്തിയായി മാറിയിട്ടുണ്ടെന്ന് കൂടി തിരിച്ചറിയുക. ചെറിയ അളവിൽ ആണെങ്കിൽ പോലും ചായയിൽ ആസക്തിക്ക് കാരണമാകുന്ന നിക്കോട്ടിന്റെ അംശം അടങ്ങിയിട്ടുണ്ട്. എല്ലാവരിലുമല്ലെങ്കിലും ചിലരിലെങ്കിലും ഇത് അസിഡിറ്റി അടക്കമുള്ള ലക്ഷണങ്ങളെ കൂട്ടിക്കൊണ്ടു വരുന്നുണ്ട്. രാവിലെ വെറും വയറ്റിൽ പതിവായി ചായ കുടിക്കുന്നത് വഴി ഉണ്ടാകാൻ സാധ്യതയുള്ള ചില ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1.രാവിലെ ഉണരുമ്പോൾ തന്നെ ഏറ്റവും ആദ്യം ചായ കുടിക്കുന്നത് ആമാശയത്തിലെ ആസിഡിക്ക് ആൽക്കലൈൻ ബാലൻസിനെ തകരാറിലാക്കും. ഇത് ദിവസത്തിൽ ഉടനീളം ചില ദഹന പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ചില വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

2.രാവിലെ തന്നെയുള്ള ചായ കുടി വായിൽ നിന്ന് കുടൽ വരെയുടെ ചില നല്ല ബാക്ടീരിയകളെ കഴുകിക്കളയുന്നു. കുടലിലെ ദഹന സഹായികളായ നല്ല ബാക്ടീരിയകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നത് മെറ്റബോളിസത്തെ മോശപ്പെട്ട രീതിയിൽ ബാധിക്കാനിടയുണ്ട്. മലബന്ധം അടക്കമുള്ള ലക്ഷണങ്ങൾക്ക് ഇത് വഴിയൊരുക്കും.

3.ചായയിൽ തിയോഫിലിൻ എന്നറിയപ്പെടുന്ന ഒരു രാസഘടകം അടങ്ങിയിട്ടുണ്ട്. ഇത് മലത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുകയും മലബന്ധം, മലം മുറുകൽ അടക്കമുള്ള ലക്ഷണങ്ങൾക്ക് കാരണമാവുകയും ചെയ്യും. ആരോഗ്യകരമായ ഫൈബറുകൾ അടങ്ങിയ ഭക്ഷണക്രമവും വ്യായാമവും ഒരുമിച്ച് കൊണ്ടു പോവുകയാണെങ്കിൽ പോലും രാവിലത്തെ ചായ കുടി ശീലം ഇത്തരം പ്രശ്നങ്ങളെ വരുത്തി വച്ചേക്കാം.

4.ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്നത് ശരീരത്തിൽ ദിവസത്തിൽ ഉടനീളമുള്ള മറ്റ് പോഷകങ്ങളുടെ ആഗിരണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ്.

5.ചായയിൽ നിക്കോട്ടിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഇത് ദീർഘകാലയളവിൽ ഈയൊരു പാനീയത്തിന് അടിമയാക്കി മാറ്റും.

രാവിലെ വെറും വയറ്റിൽ ചായ കുടിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അത്ര പേടിക്കാനുള്ളതൊന്നുമല്ലെങ്കിൽ പോലും ഒഴിവാക്കാൻ കഴിയുന്നതാണെങ്കിൽ അതാണ് ഏറ്റവും നല്ലത്. ഇങ്ങനെ ചെയ്യുന്നത് വഴി കൂടുതൽ ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നതാണ്. യഥാർത്ഥത്തിൽ ശരീരത്തിന് ഏറ്റവും ആരോഗ്യകരം ഉണർന്നെണീക്കുമ്പോൾ തന്നെ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുന്നതാണ്. ഉറക്കമുണർന്ന് 15 മുതൽ 20 മിനിറ്റിനുള്ളിൽ ഇത് ചെയ്യണം. വെള്ളം കുടിച്ചതിന് ശേഷം ഇഷ്ടമുള്ള ഏതെങ്കിലും ഒരു പഴവർഗം കഴിക്കാം. അടുത്ത 15 മുതൽ 20 മിനിറ്റ് വരെയുള്ള സമയത്തിൽ ചായയോ കാപ്പിയോ കഴിക്കുന്നതിൽ തെറ്റില്ല

വർഷങ്ങളായി നമ്മൾ പിന്തുടർന്നു പോകുന്ന ഇത്തരമൊരു ശീലം പെട്ടെന്ന് ഉപേക്ഷിക്കാൻ പറയുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്നാൽ പരിശ്രമിച്ചാൽ അസാധ്യമായത് ഒന്നുമില്ല. ചായക്ക് പകരം എണീറ്റ ഉടനെ ഒരു പിടി നട്സുകളോ, വിത്തുകളോ കഴിക്കുന്നത് നിത്യജീവിതത്തിൽ ശീലമാക്കാം.

Related posts