Nammude Arogyam
General

പ്രായമാകുന്നവരിൽ എല്ലാം മറവിരോഗം ബാധിക്കുമോ?

ഡിമൻഷ്യ അല്ലെങ്കിൽ മറവി രോഗം പ്രായമാകുന്നതിൻറെ സാധാരണ ലക്ഷണങ്ങളായാണ് കണക്കാക്കുന്നത്. എന്നാൽ പ്രായമാകുന്നവരിൽ എല്ലാം മറവിരോഗം ബാധിക്കാറില്ല. പ്രായം കൂടിയ ആളുകളിലെ ശാരീരിക, മാനസികാവസ്ഥകൾക്ക് അനുസരിച്ചാണ് ഡിമൻഷ്യ ബാധിക്കുന്നത്. പാരമ്പര്യമായോ, അല്ലെങ്കിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും രോഗാവസ്ഥയുടെ ഭാഗമായോ ഡിമൻഷ്യ അനുഭവപ്പെടാം. ഓർമ്മക്കുറവ്‌ തന്നെയാണ് ഡിമൻഷ്യയുടെ പ്രധാന ലക്ഷണം. ചിന്താശേഷി കാര്യക്ഷമമാല്ലാതെ വരിക, പരസ്പര ബന്ധമില്ലാത്ത പെരുമാറ്റ രീതി (Symptoms Of Dementia) എന്നിവയെല്ലാം ഇതിൻറെ ലക്ഷണങ്ങളാണ്.

പ്രായമായവരിൽ ഇത് കൂടുതൽ സാധാരണമാണെങ്കിലും, ചില അടിസ്ഥാന അവസ്ഥകൾ അനുഭവിക്കുമ്പോൾ ചെറുപ്പക്കാരിലും ലക്ഷണങ്ങൾ കണ്ടേക്കാം. മറവി, ആശയക്കുഴപ്പം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, കൃത്യമായി എഴുതാൻ സാധിക്കാതെ വരിക തുടങ്ങിയവയെല്ലാം ഇതിൻറെ ലക്ഷണങ്ങളാണ്. പുതിയ കാലത്ത് മധ്യ വയസ്സിനോട് അടുക്കുന്നതോടെ തന്നെ ഡിമൻഷ്യയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു എന്നതാണ്.

സൺഡൗണിംഗ് എന്നത് ചിലരിൽ ഉച്ചതിരിഞ്ഞ് സംഭവിക്കുന്ന അവസ്ഥയാണ്. പലപ്പോഴും രാത്രി വരെ ഇത് തുടരും. അനാവശ്യമായ ആശയക്കുഴപ്പം, ഉത്കണ്ഠ, ആക്രമണോത്സുകത അല്ലെങ്കിൽ സാധാരണ ഉപയോഗിക്കുന്ന വഴികൾ പോലും അപരിചിതമായി തോന്നുക തുടങ്ങിയവയാണ് ഇതിൻറെ ലക്ഷണങ്ങൾ. ഇത് പിന്നീട് രാത്രി ഉറക്കത്തിൻറെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും. സൺഡൗണിംഗ് ഒരു രോഗമല്ല, മറിച്ച് ദിവസത്തിലെ ഒരു പ്രത്യേക സമയത്ത് അനുഭവപ്പെടുന്ന രോഗലക്ഷണങ്ങളാണ്, സാധാരണയായി ഉച്ച കഴിഞ്ഞ് കൂടുതൽ തീവ്രമാകാനും സാധ്യതയുണ്ട്. ഈ സമയത്ത് ഇതിന്റെ കൂടെ ഇത്തരം ലക്ഷണങ്ങളും അനുഭവപ്പെട്ടേക്കാം.

1.അമിതമായ ക്ഷീണം.

2.കാഴ്ച മങ്ങുക.

3.ശരീരത്തിലെ ബയോളജിക്കൽ ക്ലോക്ക് കൃത്യമല്ലാതെ പ്രവർത്തിക്കുക.

4.തോന്നലുകളെയും യാഥാർത്ഥ്യത്തെയും വേർതിരിക്കുന്നത്തിനുള്ള ബുദ്ധിമുട്ട്.

ഡിമൻഷ്യ ബാധിക്കാനുള്ള സാധ്യത അനുഭവിക്കുന്ന മിക്കവരിലും സൺഡൗണിംഗ് പോലുള്ള ലക്ഷണങ്ങൾ അനുഭവിക്കുന്നു. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നതായി തോന്നിയാൽ ഉടൻ തന്നെ വിദഗ്ധ സഹായം തേടുക. ഡിമെൻഷ്യ ബാധിച്ചവരിൽ സൺഡൗണിംഗ് ആഘാതം കുറയ്ക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ ഇവയാണ്.

1.ഉറക്കം കൃത്യമാക്കാം. ദിവസത്തിൽ ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ സമയം നിശ്ചയിച്ച് മുന്നോട്ട് പോകുന്നത് ഗുണം ചെയ്യും. ഇത് പതിവായി പിന്തുടരണം. രാത്രി നേരത്തെ ഉറങ്ങുന്നതിനായി പകൽ സമയത്തെ ഉറക്കം പൂർണമായും മാറ്റി വെക്കുക.

2.കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, ഭക്ഷണം ഒഴിവാക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാം.

3.ദിവസം കഫീൻ, പഞ്ചസാര എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.

4.മനസ്സിനെ ശാന്തമാക്കാൻ വൈകുന്നേരങ്ങളിൽ ശുദ്ധ സംഗീതം ആസ്വദിക്കുന്നതും നല്ലതാണ്.

സൺഡൗണിംഗ് സംഭവിക്കാനുള്ള ഒരു കാരണം ഡിമെൻഷ്യയാണ്, എന്നാൽ അതിന് കാരണമായേക്കാവുന്ന മറ്റ് പല കാര്യങ്ങളും ഉണ്ടാകാം. ഇതിൽ ഏതെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ പ്രത്യേക ശ്രദ്ധ നൽകാൻ മടിക്കരുത്. രോഗ ലക്ഷണങ്ങൾ ഗുരുതരമായാൽ നിർബന്ധമായും ഡോക്ടറെ സമീപിക്കുക.

Related posts