കന്നഡ സിനിമാ താരം പുനീത് രാജ്കുമാറിന്റെ മരണം പെട്ടെന്നുള്ള അറ്റാക്ക് കാരണമായിരുന്നു. ആരോഗ്യ, വ്യായാമ ചിട്ടകള്‍ പാലിയ്ക്കുന്ന അദ്ദേഹത്തിന്റെ അകാലത്തിലെ മരണം ഞെട്ടലാണ് ഉണ്ടാക്കിയിരിയ്ക്കുന്നതും. ഏറെ ആരോഗ്യ ശ്രദ്ധ പുലര്‍ത്തുന്ന പലര്‍ക്കും പലപ്പോഴും വ്യായാമത്തിനിടെ തന്നെ കുഴഞ്ഞു വീണും അറ്റാക്ക് വന്നുമെല്ലാം മരണം സംഭവിയ്ക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.
മുന്‍കൂട്ടി ലക്ഷണങ്ങള്‍ കാണിയ്ക്കാതെ പെട്ടെന്നുള്ള അറ്റാക്കിന് കാരണങ്ങള്‍ പലതാണ്. ഹൃദയ പ്രശ്‌നങ്ങള്‍ തന്നെയാണ് പ്രധാനപ്പെട്ട കാരണം. ഹൃദയത്തിന്റെ മസിലുകള്‍ക്ക് ബലക്ഷയം സംഭവിയ്ക്കുന്ന കാര്‍ഡിയോ മയോപ്പതി, രക്തധമനികള്‍ക്കുണ്ടാകുന്ന പ്രശ്‌നം, പള്‍സ് താളം തെറ്റുക, ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുക എന്നിവയെല്ലാം ഇതിന് കാരണമായി വരുന്നു. പലരും ഇത്തരം പ്രശ്‌നങ്ങള്‍ കാര്യമായി എടുക്കാറില്ല. ഇതിനാല്‍ തന്നെ ലക്ഷണങ്ങളും അവഗണിക്കും.
ഹൃദയ സ്പന്ദനത്തിന്റെ താളം തെറ്റുന്നതാണ് ഹൃദയാഘാതത്തിന് കാരണമാകുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നം. ഇത് കാര്‍ഡിയാക് അരിത്മിയാസ് എന്ന പേരില്‍ അറിയപ്പെടുന്നു. പല അത്‌ലറ്റുകളും കുഴഞ്ഞ് വീണ് മരിയ്ക്കുന്നതിന് ഇതാണ് പ്രധാനപ്പെട്ട ഒരു കാരണമാകുന്നത്. രക്തം ഹൃദയത്തിലേയ്ക്ക് പമ്പു ചെയ്യപ്പെടുന്നത് താളം തെറ്റുമ്പോള്‍ പള്‍സില്‍ വ്യത്യാസമുണ്ടാകാം. ഇതു പോലെ ശക്തമായ അറ്റാക്ക് വരുമ്പോഴും സ്പന്ദനതാളത്തില്‍ വ്യത്യാസമുണ്ടാകുമ്പോഴും ഈ അവസ്ഥ വരാം.
അരോട്ടിക് സ്‌റ്റെനോസിസ് എന്ന അവസ്ഥയും കുഴഞ്ഞ് വീണുള്ള മരണത്തിലേയ്ക്ക് നയിക്കാം. ഇതു പോലെ അരോട്ടിക് വാല്‍വിലൂടെയുള്ള രക്തപ്രവാഹം തടസപ്പെടുന്നതും കുഴഞ്ഞ് വീണ് മരിയ്ക്കുന്നതിന് കാരണമാകുന്നു. സഡണ്‍ കാര്‍ഡിയാക് അറസ്റ്റ് എന്ന ഒന്നുണ്ട്. ഇതില്‍ ഹൃദയത്തിലേയ്ക്കുള്ള രക്തയോട്ടം തടസപ്പെടുന്നു. എന്നിരുന്നാലും ഹൃദയമിടിപ്പ് നിലയ്ക്കുന്നില്ല. ഇത്തരം കേസില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിയ്ക്കാം. അമിത വണ്ണം, മദ്യപാനം, പുകവലി, ഡ്രഗ്‌സ് ശീലം, സ്‌ട്രെസ്, പ്രമേഹം നിയന്ത്രണാതീതമായ അവസ്ഥ എന്നിവയെല്ലാം തന്നെ ഹൃദയ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിയ്ക്കുന്നു.
ശരീരത്തിലെ ഇലക്ട്രോളൈറ്റുകളുടെ ബാലന്‍സ് തെറ്റുന്നതും പെട്ടെന്നുള്ള അറ്റാക്കിന് കാരണമാകുന്നു. അതായത് സോഡിയം, പൊട്ടാസ്യത്തിന്റെ കുറവ് വന്നാലും കുഴഞ്ഞ് വീഴാം. സോഡിയം, പൊട്ടാസ്യം കുറയുന്നത് പോലെ തന്നെ കൂടുന്നതും നല്ലതല്ല. പൊട്ടാസ്യം കൂടിയാല്‍ ഹൃദയം പെട്ടെന്ന് നിലയ്ക്കാം. വേനല്‍ക്കാലത്ത് ഡീഹൈഡ്രേഷന്‍ സംഭവിയ്ക്കുമ്പോഴും ഇതു തന്നെയാണ് പ്രശ്‌നം. ആ സമയത്ത് സോഡിയവും, പൊട്ടാസ്യവും കുറയാം.
രോഗ ലക്ഷണങ്ങൾ എന്തു തന്നെയായാലും അതിനെ നിസ്സാരവൽക്കരിക്കാതെ ഉടൻ ചികിത്സ തേടുകയാണ് വേണ്ടത്. അല്ലാത്തപക്ഷം അത് ജീവൻ തന്നെ ഭീഷണിയായേക്കാം.