Nammude Arogyam
General

ഗർഭാവസ്ഥയിൽ ഉറക്കം ഇല്ലായ്മ: കാരണങ്ങളും പരിഹാരങ്ങളും.. Lack of sleep during pregnancy: causes and remedies

ഗർഭകാലം ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏറെ മനോഹരവും മറക്കാനാവാത്തതുമായ അനുഭവമാണ്. എന്നാൽ, ഈ കാലത്ത് വന്നേക്കാവുന്ന ചില ശാരീരിക-മാനസിക പ്രശ്നങ്ങൾ ആശങ്കാജനകമാവാറുണ്ട്. ഉറക്കം ഇല്ലായ്മ അല്ലെങ്കിൽ ഇൻസോമ്നിയ, ഗർഭിണികളിൽ കണ്ടുവരുന്ന ഒരു സാധാരണ പ്രശ്നമാണ്. പ്രാഥമിക ഘട്ടങ്ങളിൽ ചെറിയ തോതിൽ ആരംഭിക്കുന്ന ഈ പ്രശ്നം ഗർഭകാലം മുന്നോട്ട് പോകുമ്പോൾ കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. ശരിയായ ബോധവൽക്കരണവും പരിഹാര മാർഗങ്ങളും സ്വീകരിച്ചാൽ ഈ പ്രശ്നം കൈകാര്യം ചെയ്യാൻ കഴിയും.

ഗർഭകാലത്തെ ഹോർമോൺ മാറ്റങ്ങൾ ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഇത് ശരീരത്തിലും മനസ്സിലും ഗണ്യമായ മാറ്റങ്ങൾ വരുത്തുന്നു. കൂടാതെ, വയർ വലുതാകുന്നതിനാൽ ശരിയായ ഉറക്ക സ്ഥാനം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകും. കാൽമുട്ടുവേദന, ഇടയ്ക്കിടെ മൂത്രശങ്കയുണ്ടാവുക, ഓക്കാനം, ചർദ്ദി എന്നിവയും ഉറക്കം ഇല്ലായ്മയ്ക്ക് കാരണമാകും. ചിലപ്പോൾ കുഞ്ഞിന്റെ സുരക്ഷയോടുള്ള ഭയവും ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട ആശങ്കകളും മാനസിക സമ്മർദ്ദം ഉണ്ടാക്കി ഉറക്കത്തെ പ്രതികൂലമായി ബാധിക്കാം.

ഗർഭകാലത്തെ ഉറക്കമില്ലായ്മയെ പൂർണമായും തടയാൻ കഴിഞ്ഞില്ലങ്കില അതിനെ കുറച്ച് നിയന്ത്രിക്കാൻ ചില മാർഗങ്ങൾ ഉണ്ട്. ആദ്യം, ശരിയായ ഉറക്കസ്ഥാനം തെരഞ്ഞെടുക്കുക. ഇടത് വശത്തേക്ക് കിടക്കുന്നത് രക്തസഞ്ചാരം സുഗമമാക്കും, ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് മികച്ചതാണ്.

രാത്രികാല ഭക്ഷണം ലഘുവായിരിക്കണം. അസിഡിറ്റി ഉണ്ടാക്കുന്ന ഫാസ്റ്റ് ഫുഡുകൾ ഒഴിവാക്കുകയും പാൽ പോലുള്ള പാനീയങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യണം. ദിവസേന ലളിതമായ വ്യായാമങ്ങൾ ചെയ്യുന്നത് ശരീരത്തെ ചലനാത്മകമാക്കുകയും മാനസിക സമ്മർദ്ദം കുറക്കുകയും ചെയ്യും. ഉറക്കത്തിന് മുന്നോടിയായി, കിടക്കുന്നയിടം ശാന്തവും ആശ്വാസകരവുമാക്കുക.

ശരീരത്തിൽ ജലാംശം നില നിർത്തുക. രാത്രി കാലങ്ങളിൽ വെള്ളം കുറഞ്ഞയളവിൽ കുടിക്കാൻ ശ്രദ്ധിക്കുക, ഇതുവഴി മൂത്രശങ്ക കുറയ്ക്കാൻ കഴിയും. ഉറങ്ങാനായില്ലെന്ന് തോന്നുമ്പോൾ, നിശബ്ദമായ് ധ്യാനം ചെയ്യുക. ശാന്തമായ ശ്വസന പ്രക്രിയ നിങ്ങൾക്ക് കൂടുതൽ മനസ്സമാധാനം നൽകും. ആവശ്യമായ ഇടങ്ങളിൽ ഡോക്ടറുടെ ഉപദേശം തേടുക എന്നത് ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Related posts