കരള്‍ രോഗം ഇന്നത്തെ കാലത്ത് പലര്‍ക്കുമുണ്ട്. കേരളത്തില്‍ തന്നെ 1000 പേര്‍ വര്‍ഷം ലിവര്‍ സ്ലീറോറിസ് വന്ന് മരിച്ചു പോകുന്നുണ്ടെന്നാണ് കണക്ക്. കരള്‍ വീക്കം അഥവാ ലിവര്‍ സ്ലീറോസിസിന് പ്രധാന പ്രശ്‌നം മദ്യമാണ്. ഇതല്ലാതെ ഹെപ്പറ്റൈറ്റിസ് ഇന്‍ഫെക്ഷനുകള്‍, അമിത വണ്ണം, ഫാറ്റി ലിവര്‍ രോഗം എല്ലാം തന്നെ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകും.
കരള്‍ രോഗത്തിന് ചില ലക്ഷണങ്ങള്‍ കാണുന്നത് ചര്‍മത്തിലൂടെയാണ്. സ്‌കിന്‍ അവസ്ഥകള്‍ പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം. എന്നാല്‍ കരള്‍ രോഗവും ചിലപ്പോള്‍ ഇതിന് കാരണമായി വരുന്നു. ഇത്തരം ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. എന്നാല്‍ ഇത്തരം ചര്‍മ അവസ്ഥകള്‍ കരള്‍ രോഗത്തിന് മാത്രമല്ലെന്നത് കൂടി പ്രധാനമാണ്. അതായത് മറ്റു കാരണങ്ങളും ഇതിന് പുറകിലുണ്ടാകാമെന്ന് ചുരുക്കം. ഏറ്റവും പ്രധാനപ്പെട്ടത് ചര്‍മത്തിലുണ്ടാകുന്ന മഞ്ഞ നിറമാണ്. ഇത് പണ്ട് മുതല്‍ എടുത്തു വരുന്ന ലക്ഷണമാണ്. ഇതു പോലെ കണ്ണിന്റെ വെള്ള ഭാഗത്തു വരുന്ന മഞ്ഞ നിറം, നഖങ്ങളുടെ മഞ്ഞ നിറം തുടങ്ങിയവ. ബൈല്‍ പിഗ്മെന്റാണ് ഇത്തരം നിറത്തിന് കാരണം. പിത്തരസം രക്തത്തിലേക്ക് കൂടുതല്‍ കലരുന്ന അവസ്ഥയിലും ഈ മഞ്ഞ നിറമുണ്ടാകാം. ഇതു പോലെ വിളര്‍ച്ചയുള്ളവരിലും ഇതുണ്ടാകാം.
പാള്‍മാര്‍ എരിത്തിമ എന്ന അവസ്ഥയെങ്കില്‍ ഉളളം കൈകളിൽ ചുവപ്പ് നിറം ഉണ്ടാകാം. ഇത് കരള്‍ രോഗമുള്ള 23 ശതമാനം ആളുകൾക്കിടയിലും കണ്ടു വരുന്നു. അലര്‍ജി രോഗം, ഓട്ടോ ഇമ്യൂണ്‍ രോഗം, എക്‌സിമ, സോറിയായിസിസ് തുടങ്ങിയ അവസ്ഥകളെങ്കിലും ഇതുണ്ടാകാം. ഉള്ളം കാലില്‍ വരുന്ന ചൊറിച്ചില്‍ കരള്‍ രോഗമുള്ളവരില്‍ വരുന്ന ഒന്നാണ്. പിത്തരസത്തിലെ സാള്‍ട്ട് വന്നടിയുമ്പോഴാണ് ഈ ചൊറിച്ചില്‍ ഉണ്ടാകുന്നത്. ഇതു പോലെ ഹിസ്റ്റമിന്‍ കാരണവും ഈ ചൊറിച്ചിലുണ്ടാകാം. കാലുകള്‍ വരണ്ട് ചൊറിയുന്നതാണ് കരള്‍ രോഗത്തിന്റെ ഒരു അവസ്ഥ. ചൊറിച്ചില്‍ വന്ന് അവിടെ ചര്‍മം ഇളകിപ്പോകുന്നതാണ് മറ്റൊരു അവസ്ഥ. കക്ഷത്തിലെ രോമം കൊഴിയുക, മുട്ട് ഭാഗത്തെ രോമം കൊഴിയുക തുടങ്ങിയ അവസ്ഥകളും കണ്ടുവരുന്നു. കരള്‍ രോഗം കാരണം ഹോര്‍മോണ്‍ വ്യത്യാസമുണ്ടാകുന്നതാണ് ഈ അവസ്ഥകൾക്ക് കാരണം.
പേപ്പര്‍ മണി സ്‌കിന്‍ എന്നതാണ് മറ്റൊരു ലക്ഷണം. നമ്മുടെ ചര്‍മം എവിടെയങ്കിലും ഞെക്കിപ്പിടിച്ചു വിട്ടാല്‍ ചുളിവു വന്ന് വിട്ടാല്‍ പെട്ടെന്ന് തന്നെ പൂര്‍വ സ്ഥിതിയിലാകും. എന്നാല്‍ കരള്‍ രോഗമെങ്കില്‍ ഇത്തരത്തില്‍ ചുളിവു വന്നാല്‍ അതു പോലെ തന്നെ ഇരിയ്ക്കും. സാധാരണ പ്രായമുള്ളവരില്‍ കണ്ടു വരുന്ന ഈ അവസ്ഥ ചെറുപ്പക്കാരിലുണ്ടെങ്കില്‍ ഇത് ലിവര്‍ രോഗത്തിന്റെ ലക്ഷണമാകാം. ഇതു പോലെ ശരീരത്തിന്റെ പല ഭാഗത്തും സ്‌പൈഡര്‍ വെയിനുകള്‍ അതായത് തടിച്ച് ഞരമ്പു വീര്‍ത്ത് കിടക്കുന്നത് മറ്റൊരു ലക്ഷണമാണ്. ഇത് ഹോര്‍മോണ്‍ വ്യത്യാസം കാരണമാണ്. സ്ത്രീകളില്‍, കാലുകളിലും തുടകളിലും കാണുന്ന ഇത്തരം സ്‌പൈഡര്‍ വെയിനുകള്‍ വെറും ഹോര്‍മോണ്‍ പ്രശ്‌നം കാരണമാണ്. അല്ലാതെ കരള്‍ രോഗമാകണമെന്നില്ല. എന്നാല്‍ പുരുഷന്മാരില്‍ മുതുകിലോ വയറ്റിലോ എല്ലാം സ്‌പൈഡര്‍ വെയിനുകളെങ്കില്‍ ഒരുപക്ഷെ കരള്‍ രോഗമാകാം കാരണം. ഇതു പോലെ ശരീരത്തില്‍ രക്തം കല്ലിച്ച് കിടക്കുന്ന അവസ്ഥ ഉണ്ടാവുകയും, ഇതിന് പിങ്ക് നിറം വരുകയും ചെയ്താല്‍ കാരണം ലിവര്‍ പ്രശ്‌നമാകാം.
ചര്‍മത്തിലെ ഹൈപ്പര്‍ പിഗ്മെന്റേഷന്‍ ലിവർ രോഗം കൊണ്ടുണ്ടാകുന്നു. പെട്ടെന്ന് തന്നെ മുഖത്തും മറ്റുമായി ഇരുണ്ടു പോകുന്ന അവസ്ഥ. പ്രത്യേകിച്ചും നിറമുള്ളവരുടെ ചര്‍മത്തില്‍ ഇത്തരം പെട്ടെന്നുള്ള വ്യത്യാസമുണ്ടാകാം. ഇവരുടെ ചര്‍മം പെട്ടെന്ന് ഇരുണ്ടു പോകുന്നു. ഇതു പോലെ മുഖത്തെ കൊഴുപ്പ് പെട്ടെന്ന് കുറയുന്നു. കവിളുകള്‍ കുഴിയുന്നു. മുഖത്തിന്റെ മുകള്‍ ഭാഗം പെട്ടെന്ന് ശോഷിച്ച് താഴേക്ക് തൂങ്ങി വരുന്നു. ഇത് പ്രമേഹ രോഗം നിയന്ത്രണത്തില്‍ അല്ലാതെ നില്‍ക്കുന്നവരിലും ഉണ്ടാകാം. ഹൈപ്പര്‍ തൈറോയ്ഡ്, അമിതമായ സ്‌ട്രെസ് തുടങ്ങിയ അവസ്ഥകളിലും ഇതു കാണാം. എന്നിരുന്നാലും കരള്‍ രോഗത്തിന്റെ കൂടെയും ഈ ലക്ഷണങ്ങൾ കാണാം.
തുടക്കത്തില്‍ തന്നെ കരള്‍ വീക്കം കണ്ടെത്താന്‍ സാധിയ്ക്കുന്നില്ലെന്നതാണ് വാസ്തവം. മറ്റെന്തെങ്കിലും രോഗങ്ങളുടെ ഭാഗമായി ചികിത്സ തേടുമ്പോള്‍ എടുക്കുന്ന ടെസ്റ്റുകളിലൂടെയാണ് പലപ്പോഴും കരള്‍ രോഗം കണ്ടെത്തുന്നത്. അതിനാൽ തന്നെ മുകളിൽ പറഞ്ഞ തരത്തിലുള്ള എന്തെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ വൈദ്യ സഹായം തേടേണ്ടതാണ്.