Nammude Arogyam
Liver Diseases

ഹെപ്പറ്റൈറ്റിസ്:അറിയണം ഈ കാര്യങ്ങൾ

ലക്ഷണങ്ങൾ ഇല്ലാതെ രോഗം കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്. നമ്മുടെ ജീവിതകാലത്തു ചുരുക്കം ചില രോഗങ്ങൾ നമ്മെ ബാധിക്കും എന്ന് നമുക്കറിയാം. എന്നാൽ അവ സമയത്തു ചികിത്സിച്ചു ഭേദമാക്കേണ്ടത് അത്യാവശ്യമാണ്. പ്രാരംഭലക്ഷണങ്ങൾ കാണിക്കാത്ത ചില രോഗങ്ങളും ഉണ്ട്. രോഗലക്ഷണങ്ങൾ കാണിക്കാത്ത രോഗങ്ങളെക്കുറിച്ചു ശരിയായ അറിവ് നേടുകയും,ഇടയ്ക്കിടെ ആരോഗ്യ പരിശോധന നടത്തുകയും ചെയ്യണം. ചിലപ്പോൾ നമ്മുടെ ശരീരത്തിൽ കാണുന്ന ചെറിയ മാറ്റങ്ങൾ മാരക രോഗത്തിന്റെ ലക്ഷണങ്ങളായിരിക്കും. അതിനാൽ ശരിയായ സമയത്തു തന്നെ ചികിത്സ തേടണം.

ശരിയായ സമയത്തു ചികിത്സിച്ചില്ലെങ്കിൽ കരളിനെ ഗുരുതരമായി ബാധിക്കുന്ന ഒരു രോഗമാണ് കരൾവീക്കം അഥവാ ഹെപ്പറ്റൈറ്റിസ്. ഇത് ശരീരത്തിലെ മറ്റു അവയവങ്ങളെ ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. കരൾവീക്കം സാധാണരയായി വൈറസ് വഴിയാണ് പകരുന്നത്. 5 തരത്തിലുള്ള വയറൽ ഹെപ്പറ്റൈറ്റിസ് ഉണ്ട്. ഹെപ്പറ്റൈറ്റിസ് എ ,ബി ,സി ,ഡി ,ഇ എന്നിങ്ങനെയാണവ. എന്നാൽ അമിതമദ്യപാനം മുഖേനയും കരൾവീക്കം ഉണ്ടാകാം.

രോഗ കാരണങ്ങൾ

1.ഭക്ഷണത്തിലൂടെയും പാനീയത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പടരുക. ഇത് അധികകാലം നീണ്ടുനില്‍ക്കില്ല. ഇതുകൊണ്ടുതന്നെ അത്ര ദോഷകരവുമല്ല. വൈറസിനെതിരെ പ്രതിരോധ വാക്സിൻ ലഭ്യമാണ്.

2.ഹെപ്പറ്റൈറ്റിസ് ബി പല വിധത്തിലും പടരാം. ഈ രോഗമുള്ളവരുമായുള്ള സെക്‌സിലൂടെയും, ഇത്തരം രോഗമുള്ളവര്‍ ഉപയോഗിയ്ക്കുന്ന നീഡില്‍ ഉപയോഗിച്ചാലും, അമ്മമാരില്‍ നിന്നും നവജാതശിശുവിലേയ്ക്കുമെല്ലാം ഇതു പകരാം. പ്രതിരോധ വാക്സിൻ ലഭ്യമാണ്.

3.ഹെപ്പറ്റൈറ്റിസ് സി പടരുന്നത് ഈ രോഗമുള്ളവരുടെ രക്തത്തിലൂടെയോ അവര്‍ ഉപയോഗിച്ച നീഡിലിലൂടെയോ ആകാം. ടാറ്റൂ വഴിയും ഇതു പകരാം. ചില സന്ദര്‍ഭങ്ങളില്‍ ഇത് ലിവര്‍ സിറോസിസിനും കാരണമാകാം. പ്രതിരോധ വാക്സിൻ ലഭ്യമല്ല.

4.ഹെപ്പറ്റൈറ്റിസ് ഡി ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചവര്‍ക്കു മാത്രമേയുണ്ടാവുകയുള്ളൂ. അമ്മയില്‍ നിന്നും കുഞ്ഞിലേയ്ക്കും സെക്‌സിലൂടെയുമെല്ലാം ഇത് പകരാം.

5.ഹെപ്പറ്റൈറ്റിസ് ഇ ഏഷ്യ, ഇന്ത്യ, ആഫ്രിക്ക, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലുള്ളവരേയാണ് കൂടുതല്‍ ബാധിയ്ക്കുന്നത്. ഇതും ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പകരുന്ന ഒന്നാണ്. പ്രതിരോധ വാക്സിൻ ലഭ്യമല്ല.

രോഗ ലക്ഷണങ്ങൾ

1.ഹെപ്പറ്റൈറ്റിസ് എ- സാധാരണ ലക്ഷണങ്ങൾ വയറുവേദന, സന്ധികൾ, പേശികളുടെ വേദന, വയറിളക്കം , ഛർദ്ദി, ക്ഷീണം, പനി, വിശപ്പില്ലായ്മ തുടങ്ങിയവ.

2.ഹെപ്പറ്റൈറ്റിസ് ബി- സാധാരണ ലക്ഷണങ്ങൾ – വയറു വേദന, തീവ്രമായ ക്ഷീണം, വയറ്റിൽ ദ്രാവകം നിൽക്കുക , ഓക്കാനം, മഞ്ഞ ചർമ്മം, വീർത്ത രക്തക്കുഴലുകൾ, ഇരുണ്ട മൂത്രം തുടങ്ങിയവ.

3.ഹെപ്പറ്റൈറ്റിസ് സി- ഉദരത്തിൽ രക്തസ്രാവം, മലത്തിൽ രക്തം, വയറിനുള്ളിൽ ദ്രാവകം , ഓക്കാനം, തീവ്രമായ ക്ഷീണം, വിശപ്പില്ലായ്മ , വീർത്ത രക്തക്കുഴലുകൾ എന്നിവ സാധാരണ ലക്ഷണങ്ങളാണ്.

4.ഹെപ്പറ്റൈറ്റിസ് ഡി- സാധാരണ ലക്ഷണങ്ങൾ അടിവയർ വേദന , ഭാരം കുറയുക , ക്ഷീണം , ചർമ്മത്തിലും കണ്ണിലും മഞ്ഞ നിറം, തുടങ്ങിയവ.

5.ഹെപ്പറ്റൈറ്റിസ് ഇ- സാധാരണ ലക്ഷണങ്ങൾ – വയറുവേദന, സന്ധികളിൽ വേദന, ഛർദ്ദി, ഓക്കാനം, പനി, ഇരുണ്ട മൂത്രം, കണ്ണുകൾ, നഖം എന്നിവയിൽ മഞ്ഞ നിറം,

6.സ്വയം രോഗമുണ്ടാക്കുന്ന ഹെപ്പറ്റൈറ്റിസ്- സാധാരണ ലക്ഷണങ്ങൾ ഗുരുതരമായ ശാരീരിക വേദന, ക്ഷീണം, വിശപ്പ് കുറവ്, മറ്റ് സ്വയം രോഗപ്രതിരോധം കുറഞ്ഞു മറ്റു രോഗങ്ങൾ ഉണ്ടാകുക , മഞ്ഞനിറമുള്ള ചർമ്മം, ചർമ്മപ്രശ്നങ്ങൾ, സ്ത്രീകളിൽ ആർത്തവം നഷ്ടപ്പെടാനുള്ള സാധ്യത എന്നിവ.

7.മദ്യപാനം കൊണ്ടുളള ഹെപ്പറ്റൈറ്റിസ്- വയറുവേദന, വയറിനുള്ളിൽ ദ്രാവകം, ഓക്കാനം, ശ്വാസകോശങ്ങളിൽ ദ്രാവകം നിൽക്കുക , ശരീരത്തിൽ വിഷവസ്തുക്കൾ ഉണ്ടാകുക , കരളിന്റെ പ്രവർത്തനം നിൽക്കുക.

രോഗം തടയാനുള്ള മാര്‍ഗ്ഗങ്ങള്‍

ഹെപ്പറ്റൈറ്റിസ്‌ എ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍

1. ടോയ്‌ലറ്റില്‍ പോയതിന്‌ ശേഷം കൈ സോപ്പിട്ട്‌ കഴുകുക.

2. പാകം ചെയ്‌ത ഉടന്‍ ഭക്ഷണം കഴിക്കുക.

3.തിളപ്പിച്ച്‌ വെള്ളം കുടിക്കുക. ശുചിത്വം സംബന്ധിച്ച്‌ ഉറപ്പില്ലെങ്കില്‍ വാങ്ങിക്കുന്ന കുപ്പിവെള്ളവും തിളപ്പിച്ചശേഷമെ കുടിക്കാവു.

4. ശുചിത്വം ഉറപ്പില്ലെങ്കില്‍ പഴങ്ങള്‍ തൊലികളഞ്ഞ്‌ കഴിക്കുക.

5. നന്നായി വൃത്തിയാക്കിയതിന്‌ ശേഷമെ പച്ചക്കറികള്‍ പച്ചക്ക്‌ കഴിക്കാവു

6.ഹെപ്പറ്റൈറ്റിസ്‌ പകരാന്‍ സാധ്യത ഉള്ള സ്ഥലങ്ങളില്‍ യാത്രചെയ്യുമ്പോള്‍ ഹെപ്പറ്റൈറ്റിസ്‌ എ യ്‌ക്കുള്ള പ്രതിരോധ കുത്തിവയ്‌പ്പ്‌ എടുക്കുക.

ഹെപ്പറ്റൈറ്റിസ്‌ ബി തടയാനുള്ള മാര്‍ഗ്ഗങ്ങള്‍

1.സുരക്ഷിതമായ ലൈംഗിക ബന്ധം ശീലിക്കുക.

2.രോഗബാധിതരാണെങ്കില്‍ പങ്കാളിയെ അറിയിക്കുക, പങ്കാളിക്ക്‌ അണുബാധ ഉണ്ടോയെന്ന്‌ കണ്ടെത്തുക.

3. മറ്റുള്ളവര്‍ ഉപയോഗിക്കാത്ത വൃത്തിയുള്ള സിറിഞ്ചുകള്‍ ഉപയോഗിക്കുക.

4. ടൂത്ത്‌ ബ്രഷുകള്‍, റേസറുകള്‍, മണിക്യൂര്‍ ഉപകരണങ്ങള്‍ എന്നിവ ആരുമായും പങ്കുവയ്‌ക്കരുത്‌.

5. രോഗം വരാനുള്ള സാധ്യത ഉണ്ടെങ്കില്‍ ഘട്ടംഘട്ടമായുള്ള ഹെപ്പറ്റൈറ്റിസ്‌ ബി പ്രതിരോധ കുത്തിവയ്‌പ്പ്‌ എടുക്കുക.

6. പച്ചകുത്തുക, തുളയിടുക പോലെ ചര്‍മ്മത്തില്‍ എന്തു തന്നെ ചെയ്‌താലും ഉപകരണങ്ങള്‍ രോഗാണു വിമുക്തമാക്കിയിട്ടുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക

ഹെപ്പറ്റൈറ്റിസ്‌ സി തടയാനുള്ള മാര്‍ഗ്ഗങ്ങള്‍

1.ടൂത്ത്‌ ബ്രഷുകള്‍, റേസറുകള്‍, മണിക്യൂര്‍ ഉപകരണങ്ങള്‍ എന്നിവ പങ്കുവയ്‌ക്കരുത്.

‌2.അണുബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്നിരിക്കുന്ന മുറിവുകള്‍ കെട്ടിവയ്‌ക്കുക.

3. മദ്യത്തിന്റെ അമിത ഉപയോഗം നിര്‍ത്തുക

4. ചികിത്സാ ഉപകരണങ്ങള്‍ മറ്റുള്ളവരുമായി പങ്കിടരുത്

‌5. പച്ചകുത്തുന്നതിനും മറ്റുമായി ചര്‍മ്മം തുളക്കുകയാണെങ്കില്‍ ഉപകരണങ്ങള്‍ രോഗാണുവിമുക്തമാണെന്ന്‌ ഉറപ്പ്‌ വരുത്തുക.

ഹെപ്പറ്റൈറ്റിസ്‌ ഡി തടയാനുള്ള മാര്‍ഗ്ഗങ്ങള്‍

ഹെപ്പറ്റൈറ്റിസ്‌ ബിയ്‌ക്ക്‌ പറഞ്ഞിട്ടുള്ള അതേ നിര്‍ദ്ദേശങ്ങള്‍ പിന്തുരുക. ഹെപ്പറ്റൈറ്റിസ്‌ ബി പിടിപെട്ടിട്ടുള്ളവര്‍ക്ക്‌ മാത്രമെ ഹെപ്പറ്റൈറ്റിസ്‌ ഡി ബാധിക്കുകയുള്ളു.

ഹെപ്പറ്റൈറ്റിസ്‌ ഇ തടയാനുള്ള മാര്‍ഗ്ഗം

ഹെപ്പറ്റൈറ്റിസ്‌ എ പ്രതിരോധിക്കുന്നതിനായുള്ള മാര്‍ഗങ്ങള്‍ തന്നെ പിന്തുടരുക.

ഹെപ്പറ്റൈറ്റിസ്‌ എയും ബിയും തടയാന്‍ പ്രതിരോധമരുന്നുകള്‍ ലഭ്യമാകും. ഹെപ്പറ്റൈറ്റിസ്‌ എ വാക്‌സിന്‍ ഒരു വയസ്സിന്‌ താഴെയുള്ള കുട്ടികള്‍ക്ക്‌ നല്‍കാന്‍ അനുമതിയില്ല. പുനസംയോജിപ്പിച്ച വൈറസ്‌ വാക്‌സിന്‍ മൂന്ന്‌ ഡോസ്‌ സ്വീകരിക്കുന്നതോടെ കുട്ടികളിലും മുതിര്‍ന്നവരിലും രോഗ പ്രതിരോധശേഷി 95 ശതമാനത്തിലേറെ ഉയരും.

ജനനത്തിന്‌ ശേഷം 24 മണിക്കൂറിനുള്ളില്‍ പ്രതിരോധ കുത്തിവയ്‌പ്പ്‌ നടത്തിയാല്‍ രോഗബാധിതയായ അമ്മയില്‍ നിന്നും രോഗം പകരുന്നതും തടയാന്‍ കഴിയും. നാല്‍പത്‌ വയസ്സിന്‌ മുകളിലുള്ളവര്‍ക്ക്‌ വാക്‌സിനോട്‌ പ്രതികരിക്കാനുള്ള പ്രതിരോധശേഷി കുറയും. അമ്മയില്‍ നിന്നും കുട്ടികളിലേക്ക്‌ പകരാതിരിക്കാന്‍ ഹെപ്പറ്റൈറ്റിസ്‌ ബി ഉള്ള രാജ്യങ്ങളിലെ എല്ലാ കുട്ടികള്‍ക്കും പ്രത്യേകിച്ച്‌ നവജാത ശിശുക്കള്‍ക്ക്‌ പ്രതിരോധ കുത്തിവയ്‌പ്പ്‌ നടത്താന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നുണ്ട്‌.

വെറും 10 ശതമാനം ആളുകളില്‍ മാത്രമേ രോഗത്തിന്റെ ആരംഭ ലക്ഷണം കാണുകയുള്ളൂ. ഓക്കാനം, ഛർദ്ദി, വയറിന്റെ മുകൾഭാഗത്ത് വേദന, കണ്ണിന്റെ മഞ്ഞനിറം എന്നിവയാണ് പലപ്പോഴും പ്രാരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്. ഇത് കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു. അതുകൊണ്ട് രോഗത്തിന്‍റെ ആരംഭ ലക്ഷണം തന്നെ തിരിച്ചറിഞ്ഞാൽ ഉടൻ ഡോക്ടറെ കാണേണ്ടതാണ്. അത് ചികിത്സ എളുപ്പമാക്കുന്നു.

Related posts