മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. മറ്റെല്ലാ അവയവങ്ങളിലേക്കും രക്തം പമ്പ് ചെയ്ത് ഒരാളുടെ ജീവന് നിലനിര്‍ത്തുന്നത് ഹൃദയമാണ്. അതിനാല്‍ത്തന്നെ, ഹൃദയത്തെ പരിപാലിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്. എന്നാല്‍, പ്രമേഹം, രക്താതിമര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണക്രമം, അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, മദ്യത്തിന്റെയും പുകയിലയുടെയും ഉപഭോഗം തുടങ്ങിയ കാരണങ്ങളാല്‍ വര്‍ഷങ്ങളായി ഹൃദ്രോഗങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്.
ഹൃദയാരോഗ്യത്തിനായി ഒരു നല്ല ജീവിതശൈലി നയിക്കണം. കാരണം, ആരോഗ്യമുള്ള ഹൃദയം മൊത്തത്തിലുള്ള ക്ഷേമത്തില്‍ നല്ല സ്വാധീനം ചെലുത്തും. ശക്തമായ ഹൃദയമുണ്ടെങ്കില്‍ നിരവധി വിട്ടുമാറാത്ത രോഗാവസ്ഥകളുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളില്‍ നിന്ന് രക്ഷ നേടാനാകും. വര്‍ഷങ്ങളായി, ജീവിതശൈലിയുടെ മാറ്റം കാരണം കൂടുതല്‍, യുവാക്കള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ബാധിക്കുന്നുണ്ട്. ഇതൊഴിവാക്കാന്‍, ചെറുപ്പത്തില്‍ തന്നെ ഹൃദയത്തെ പരിപാലിക്കാനുള്ള ശീലങ്ങള്‍ ആരംഭിക്കേണ്ടത് പ്രധാനമാണ്. ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനുള്ള ചില നല്ല ശീലങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം.
ധാന്യങ്ങള്‍ – ധാന്യങ്ങള്‍, മില്ലറ്റുകള് എന്നിവ പോലുള്ളവ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കുറഞ്ഞത് ഒരു തരം ധാന്യമെങ്കിലും ദിവസവും കഴിക്കുക.
ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങള്‍ – ചണ വിത്ത്, ചിയ വിത്തുകള്‍ പോലുള്ള വിത്തുകള്‍ ഒമേഗ -3 യുടെ മികച്ച ഉറവിടങ്ങളാണ്.
പച്ച ഇലക്കറികള്‍ – വിറ്റാമിനുകളുടെയും ധാതുക്കളുടെയും, പ്രത്യേകിച്ച് ഹൃദയത്തിന് അനുയോജ്യമായ വിറ്റാമിന്‍ കെ യുടെ മികച്ച സ്രോതസ്സായതിനാല്‍ ദൈനംദിന ഭക്ഷണത്തില്‍ കൂടുതല്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുക.
എണ്ണ – ഒലിവ്, കടുക് എണ്ണ എന്നിവ പാചകം ചെയ്യാന്‍ ഉപയോഗിക്കുക. കാരണം അവയില്‍ ഹൃദയത്തിന് നല്ലതായ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്.
നട്സും വിത്തുകളും – ദിവസവും ഒരു പിടി ബദാം, ഹസല്‍നട്ട്, നിലക്കടല, വാല്‍നട്ട് തുടങ്ങിയവ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള ഒരു വഴിയാണ്.
ദിവസം മുഴുവന്‍ ശരീരം ജലാംശത്തോടെ നിലനിര്‍ത്തുക. ആവശ്യത്തിന് വെള്ളം കുടിക്കുന്നതിനു പുറമേ, മറ്റ് ആരോഗ്യകരമായ പാനീയങ്ങളായ തേങ്ങാവെള്ളം, നാരങ്ങ, സ്മൂത്തികള്‍ തുടങ്ങിയവയും കഴിക്കുക.
ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ഹൃദയ ധമനികളില്‍ ഫലകം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ഇത് രക്തചംക്രമണം സുഗമമാക്കുകയും ചെയ്യും. ദിവസവും പതിവായി നടക്കുക, അല്ലെങ്കില്‍ കുറച്ച് പുഷ്-അപ്പുകള്‍ അല്ലെങ്കില്‍ സിറ്റ്-അപ്പുകള്‍ ചെയ്യുക. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, ഓരോ ആഴ്ചയും കുറഞ്ഞത് 150-300 മിനിറ്റ് എങ്കിലും ഒരു വ്യക്തി ശാരീരിക പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ വ്യായാമം ചെയ്യണം.
പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് സ്ട്രെസ്. സ്ട്രെസ് നിയന്ത്രിക്കുന്നത് ഹൃദയാഘാതം കുറയ്ക്കാന്‍ സഹായിക്കും. സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ശ്വസന വ്യായാമങ്ങളും ധ്യാനവുമുണ്ട്. ധ്യാനം സമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയമിടിപ്പ് ക്രമപ്പെടുത്തുകയും ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഒരു ദിവസം 10 മിനിറ്റ് ധ്യാനമെങ്കിലും പരിശീലിക്കുക.
മിക്കവരിലും കാണുന്ന ഒരു സാധാരണ പ്രശ്നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ഹൃദയാഘാതം, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണിത്. രക്തസമ്മര്‍ദ്ദം പതിവായി പരിശോധിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണക്രമം കഴിക്കുകയും വേണം.
ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനുള്ള പ്രധാനമായ മറ്റൊന്നാണ് ഉറക്കം. വേണ്ടത്ര ഉറങ്ങുന്നില്ലെങ്കില്‍, പ്രായമോ മറ്റ് ആരോഗ്യ ശീലങ്ങളോ പരിഗണിക്കാതെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. രാത്രിയില്‍ ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്ന മുതിര്‍ന്നവര്‍ക്ക് ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്.
പുകവലി പോലെ തന്നെ അപകടമുള്ള ഒന്നാണ് പുകവലിക്കാര്‍ വിടുന്ന പുക ശ്വസിക്കുന്നതും. ഇതിന് സെക്കന്‍ഡ് ഹാന്‍ഡ് പുകവലി എന്നു പറയുന്നു. ഇതിന് വിധേയരായ ആളുകള്‍ക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത 25 മുതല്‍ 30 ശതമാനം വരെ കൂടുതലാണ്. സിഗരറ്റ് പുകയില്‍ നിന്ന് പുറന്തള്ളുന്ന രാസവസ്തുക്കള്‍ ഹൃദയ ധമനികളില്‍ ഫലകം സൃഷ്ടിക്കുകയും അതുവഴി ഹൃദയ പ്രശ്നങ്ങള്‍ വരുത്തുകയും ചെയ്യും.
എല്ലാ ദിവസവും ഹോബികള്‍ക്കായി സമയം കണ്ടെത്തുക. ജോലിയിലെ സമ്മര്‍ദ്ദം അകറ്റാനായി ദിവസവും അല്പനേരം ഹോബികളില്‍ മുഴുകുക. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുക, പാട്ട് കേള്‍ക്കുക, പുസ്തകം വയിക്കുക, സിനിമ കാണുക തുടങ്ങിയ പ്രവര്‍ത്തികള്‍ സന്തോഷകരവും പോസിറ്റീവുമായി നിലനിര്‍ത്തും. അതുവഴി ഹൃദയാരോഗ്യവും മെച്ചപ്പെടും.
ഹൃദയം ആരോഗ്യപൂർണ്ണമാവാണോ, എങ്കിൽ ഒരു നല്ല ജീവിതശൈലി തന്നെ നയിക്കണം. അതിനായി ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.