Nammude Arogyam
GeneralHeart Disease

മനുഷ്യ ഹൃദയത്തെക്കുറിച്ച് അറിയാത്ത ചില വസ്തുതകള്‍

ഹൃദയത്തിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണ്‌. ശരീരത്തിന്റെ രക്തചംക്രമണ സംവിധാനത്തിന്റെ ഭാഗമാണ് ഹൃദയം. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവവും ഏറ്റവും കഠിനമായി പ്രവര്‍ത്തിക്കുന്ന പേശിയുമാണിത്. രണ്ട് ആട്രിയയും രണ്ട് വെന്‍ട്രിക്കിളുകളും ചേര്‍ന്ന് നാല് അറകള്‍ ഉള്‍പ്പെടുന്നതാണ് മനുഷ്യ ഹൃദയത്തിന്റെ ഘടന. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്‌സിജന്‍ അടങ്ങിയ രക്തം വിതരണം ചെയ്യുക എന്നതാണ് ഹൃദയത്തിന്റെ പ്രാഥമിക പ്രവര്‍ത്തനം.

ജീവന്റെ നിലനില്‍പ്പിന് ഹൃദയം നിര്‍ണായകമായതിനാല്‍, സമീകൃതാഹാരത്തിലൂടെയും വ്യായാമത്തിലൂടെയും അതിനെ ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ഹൃദയ സംബന്ധമായ രോഗങ്ങളില്‍ നിന്നുള്ള മരണ സാധ്യതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഹൃദ്രോഗങ്ങള്‍ തടയാനുമായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 29ന് ലോക ഹൃദയ ദിനമായി ആചരിക്കുന്നു.

ഹൃദയം അതിന്റെ ധമനികളിലൂടെ രക്തം പമ്പ് ചെയ്യുന്നത് ഏതാണ്ട് 75 ട്രില്യണ്‍ കോശങ്ങളിലേക്കാണ്. കണ്ണിന്റെ സുതാര്യമായ മുന്‍ഭാഗമായ കോര്‍ണിയയാണ് മനുഷ്യശരീരത്തില്‍ രക്തവിതരണമില്ലാത്ത ഒരേയൊരു ഭാഗം. ശരാശരി, മനുഷ്യ ഹൃദയം അതിന്റെ ജീവിതകാലത്ത് ഏകദേശം 1.5 ദശലക്ഷം ബാരല്‍ രക്തം പമ്പ് ചെയ്യുന്നു. ഇത് ഏകദേശം 200 ട്രെയിന്‍ ടാങ്ക് കാറുകള്‍ നിറയ്ക്കാന്‍ പര്യാപ്തമാണ്.

ഒരു മനുഷ്യന്റെ ഹൃദയം ഓരോ ദിവസവും ഏകദേശം 1,15,000 തവണ സ്പന്ദിക്കുകയും 2,000 ഗാലന്‍ രക്തം പമ്പ് ചെയ്യുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയായ ഒരാളുടെ ഹൃദയത്തിന്റെ ശരാശരി വലുപ്പം നമ്മുടെ രണ്ട് കൈകളും ഒരുമിച്ച് ചേര്‍ത്തിരിക്കുന്നത്രയുമാണ്. ഒരു കുഞ്ഞിന്റെ ഹൃദയം ഒരു മുഷ്ടിയുടെ വലുപ്പത്തിലായിരിക്കും. ശരാശരി, നമ്മുടെ ഹൃദയം മിനിറ്റില്‍ 70 മുതല്‍ 72 തവണ സ്പന്ദിക്കും. പ്രതിദിനം 100,000 തവണയും പ്രതിവര്‍ഷം 3,600,000 തവണയും ഹൃദയം സ്പന്ദിക്കും.

ഹൃദയ കോശങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ വിഭജനം നിര്‍ത്തുന്നതിനാല്‍ മറ്റ് ക്യാന്‍സറുകളെ അപേക്ഷിച്ച് ഹൃദയ ക്യാന്‍സര്‍ വളരെ അപൂര്‍വമായി മാത്രമേ വരാറുള്ളൂ. ഹൃദയത്തിന്റെ വലതുഭാഗം ശ്വാസകോശത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നു. ഹൃദയത്തിന്റെ ഇടതുഭാഗം ശരീരത്തിലൂടെ രക്തം പമ്പ് ചെയ്യുന്നു. നാം കേള്‍ക്കുന്ന ഹൃദയമിടിപ്പ് ശബ്ദം, ഹൃദയ വാല്‍വുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും മൂലമുണ്ടാകുന്നതാണ്.

കണക്കുകള്‍ പ്രകാരം, ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും ഹൃദയാഘാതത്തിന്റെയും ലക്ഷണങ്ങള്‍ പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു സ്ത്രീയുടെ ഹൃദയം പുരുഷന്റേതിനെക്കാള്‍ വേഗത്തില്‍ പമ്പ് ചെയ്യുന്നു. അതിനാൽ തന്നെ സ്ത്രീകള്‍ക്ക് ഹൃദയ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. 3000 വര്‍ഷം പഴക്കമുള്ള ഈജിപ്ഷ്യന്‍ മമ്മികളില്‍ വരെ ഹൃദയ രോഗങ്ങള്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നുണ്ട്.

നമ്മള്‍ ഉറങ്ങുമ്പോള്‍ ഹൃദയമിടിപ്പ് സാധാരണയായി കുറയുന്നു. ഇത് മിനിറ്റില്‍ 40 മുതല്‍ 60 ബിപിഎം വരെയായി മാറുന്നു. ശരീരത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാകുന്നതാണ് ഇതിന് പ്രധാനമായും കാരണം. സമ്മര്‍ദ്ദമുണ്ടാകുന്ന സമയത്ത് ഒരു സ്ത്രീയുടെ ഹൃദയം കൂടുതല്‍ രക്തം പമ്പ് ചെയ്യുകയും അവരുടെ പള്‍സ് നിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഒരു പുരുഷന്റെ കാര്യത്തില്‍, ഇത് അവരുടെ ഹൃദയധമനികള്‍ ചുരുക്കുകയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ദിവസവും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുകയും സമീകൃതാഹാരവും ആരോഗ്യകരമായ ജീവിതശൈലിയും നിലനിര്‍ത്തുകയും ചെയ്താല്‍ ഹൃദ്രോഗ സാധ്യത മൂന്നിലൊന്നായി കുറയ്ക്കാന്‍ സാധിക്കും.

Related posts