Nammude Arogyam
Covid-19Health & Wellness

കോവിഡാനന്തര ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്കൊരു പരിഹാരം

പുതിയ വകഭേദങ്ങളിലൂടെ കോവിഡ് വൈറസ് വീണ്ടും ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഏത് പ്രായക്കാര്‍ക്കും എങ്ങനെയും വൈറസ് പിടിപെടാം എന്ന അവസ്ഥയിലെത്തി. കാപ്പ, ലാംഡ, ഡെല്‍റ്റ തുടങ്ങിയ കോവിഡ് വകഭേദങ്ങളുടെ പെട്ടെന്നുള്ള വ്യാപനം ഒരു മൂന്നാംതരംഗ സാധ്യത അടുത്താണെന്നുള്ള സൂചന നല്‍കുന്നു. കോവിഡ് വരാതിരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാല്‍ വന്നുപോയവര്‍ക്കും ആശ്വസിക്കാനുള്ള വകയില്ല. കോവിഡ് വൈറസില്‍ നിന്ന് കരകയറുന്ന പല രോഗികളും മനസിലാക്കേണ്ട ഒരു കാര്യം എന്തെന്നാല്‍ ഇതൊരു പകുതി ജയിച്ച യുദ്ധം മാത്രമാണെന്നാണ്.

കാരണം, കോവിഡ് വന്നുമാറിയാലും കോവിഡാനന്തര പ്രശ്‌നങ്ങള്‍ അലട്ടിക്കൊണ്ടിരുന്നേക്കാം. ശരീരത്തിലെ സുപ്രധാന അവയവങ്ങള്‍ക്കും ശ്വാസകോശത്തിനും കോവിഡ് വൈറസ് വരുത്തുന്ന നാശനഷ്ടങ്ങള്‍ പല രോഗികളിലും നിരീക്ഷിക്കപ്പെടുന്നുണ്ട്. കോവിഡ് വന്നുമാറിയാലും മൂന്ന് മാസത്തിനു ശേഷമുള്ള ഏറ്റവും സാധാരണമായ പരാതികളാണ് ക്ഷീണം, ശ്വാസം മുട്ടല്‍, നെഞ്ചുവേദന എന്നിവ.

വൈറസ് ബാധയ്ക്ക് ശേഷം സാധാരണയായി പലരിലും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറുണ്ട്. മോശം കാലാവസ്ഥ, വായു മലിനീകരണം, മറ്റ് പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവ പ്രശ്നം കൂടുതല്‍ വഷളാക്കുന്നു. അതിനാല്‍, അത്തരം രോഗികള്‍ക്ക്, സാധാരണ ജീവിതം പുനരാരംഭിച്ചതിന് ശേഷം ശ്വാസകോശത്തെ പരിപാലിക്കുന്നതിന് മുന്‍ഗണന നല്‍കണം. കോവിഡില്‍ നിന്ന് കരകയറിയതിനു ശേഷം ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശ്വാസതടസം നേരിടുന്നതിനുമുള്ള ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1.പതിവായി ശ്വസന വ്യായാമം ശീലിക്കുക

കോവിഡ് മുക്തരായ രോഗികളോട് ശ്വാസകോശത്തിലേക്കും നെഞ്ചിലേക്കുമുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനായി ലളിതമായ ശ്വസന വ്യായാമങ്ങള്‍ ചെയ്യണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഡയഫ്രാമാറ്റിക് ശ്വസനം, ആഴത്തിലുള്ള ശ്വസന പരിശീലനങ്ങള്‍ എന്നിവ ശ്വാസകോശത്തിന്റെയും നെഞ്ചിന്റെയും സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സഹായിക്കുന്നു. മറ്റൊരു വഴിയാണ് പ്രാണായാമം പരിശീലിക്കുന്നത്. ഇത് ശ്വാസകോശത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കും.

2.ശ്വാസകോശശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക

ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഒരു എളുപ്പ മാര്‍ഗമാണിത്. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശ്വാസകോശത്തിന് കരുത്ത് നല്‍കും. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. പകരം സീസണല്‍ ഭക്ഷണങ്ങളായ തക്കാളി, നട്‌സ്, ബ്ലൂബെറി, സിട്രസ് പഴങ്ങള്‍ എന്നിവ കഴിക്കുക. ബീറ്റ്റൂട്ട്, ആപ്പിള്‍, മത്തന്‍, മഞ്ഞള്‍, ഗ്രീന്‍ ടീ, ചുവന്ന കാബേജ്, ഒലീവ് ഓയില്‍, തൈര്, ബാര്‍ലി, വാല്‍നട്ട്, ബ്രൊക്കോളി, ഇഞ്ചി, വെളുത്തുള്ളി, സിട്രസ് പഴങ്ങള്‍ എന്നിവ ശ്വാസകോഷത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ആഹാരസാധനങ്ങളാണ്. ഒമേഗ -3 സമ്പന്നമായ ഭക്ഷണങ്ങള്‍ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു. പ്രകൃതിദത്തവും സമൃദ്ധവുമായ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും.

3.പുകവലി ഒഴിവാക്കുക

ശ്വാസകോശത്തോട് ചെയ്യുന്ന ഏറ്റവും മോശമായ കാര്യമാണ് പുകവലി. ശ്വാസകോശ ശേഷി നിലനിര്‍ത്തുന്നതിനുള്ള ആദ്യത്തേതും പ്രധാനപ്പെട്ടതുമായ കാര്യം പുകവലി ഒഴിവാക്കുക എന്നതാണ്. കോവിഡ് വൈറസ് ശരീരത്തില്‍ കയറിയാല്‍ ശ്വാസകോശം ദുര്‍ബലമാകും. അതിനു പുറമേ പുകവലിയും കൂടിയായാല്‍ ശ്വാസകോശം അധിക സമ്മര്‍ദ്ദത്തിലാകും. ഇത് മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങളും ശ്വാസകോശ അണുബാധകളും ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ പുകവലിയും മറ്റ് പുകയില ഉല്‍പന്നങ്ങളും ഒഴിവാക്കുക.

കോവിഡ് വൈറസ് ബാധിച്ചാല്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം അല്‍പം മോശമാകും. അതിനാല്‍ പുകവലി, മലിനമായ അന്തരീക്ഷം മുതലായവ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ദോഷകരമായ രാസവസ്തുക്കള്‍ ശ്വാസകോശത്തില്‍ കയറി ശ്വസന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍, മലിനമായ അന്തരീക്ഷത്തില്‍ എല്ലാ മുന്‍കരുതലുകളും പാലിക്കുക. എല്ലായ്‌പ്പോഴും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക.

Related posts