Nammude Arogyam
DiabeticsHealthy Foods

ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ കുറക്കാൻ കറുവപ്പട്ട

അടുക്കളയിലെ പല സുഗന്ധവ്യഞ്ജനങ്ങളും നമുക്ക് പല തരത്തിലും ആരോഗ്യകരമാകാറുണ്ട്. പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ് ഇവ പലതും. ഇതില്‍ പല തരത്തിലെ മസാലകളും പെടുന്നു. ഇതില്‍ ഒന്നാണ് സിന്നമണ്‍ അഥവാ കറുവപ്പട്ട. ഇത് പൊതുവേ സ്വാദിനും മണത്തിനുമായി ഉപയോഗിയ്ക്കുന്നുവെങ്കിലും ആരോഗ്യപരമായി പല ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്. ഇത് തടിയ്ക്കും പ്രമേഹം പോലുളള പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കാം. ഇത് ഉപയോഗിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക കൂടി വേണം. അല്ലെങ്കില്‍ ഗുണത്തേക്കാള്‍ ദോഷം വരുത്തുകയും ചെയ്യും. കറുവാപ്പട്ട രോഗങ്ങള്‍ക്ക് മരുന്നായി എങ്ങിനെ ഉപയോഗിയ്ക്കാന്‍ പറ്റും എന്ന് നമുക്ക് നോക്കാം.

കറുവപ്പട്ട അഥവാ സിന്നമണില്‍ സിന്നമാര്‍ഡിഹൈഡ് എന്നൊരു രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍സുലിന്‍ മെറ്റബോളിസം കൃത്യമാക്കാന്‍ സഹായിക്കും. ഇന്‍സുലിനാണ് പഞ്ചസാരയെ ദഹിപ്പിക്കുന്നതും ഊര്‍ജമാക്കുന്നതും. ഇതു പോലെ കാര്‍ബോഹൈഡ്രേറ്റ് കൂടുമ്പോള്‍ കൊഴുപ്പായി മാറാതെ സംരക്ഷിയ്ക്കുന്നതും ഇതാണ്. എന്നാല്‍ ടൈപ്പ് 2 പ്രമേഹ രോഗികളിൽ ഇന്‍സുലിന് ഈ പ്രവൃത്തി നടത്താന്‍ സാധിക്കില്ല. അതായത് ബ്രെയിന്‍ ഇത്തരത്തിലെ ഒരു മെസേജ് ശരീരത്തില്‍ എത്തിയ്ക്കുന്നതില്‍ പരാജയപ്പെടുന്നു. ഇന്‍സുലിന്‍ റെസിസ്റ്ററന്‍സ് എന്നും ഇതിനെ പറയാം. അതായത് പഞ്ചസാര കൊഴുപ്പായി സൂക്ഷിയ്ക്കുന്നു. ഊര്‍ജമായി മാറുന്നില്ല.

കറുവപ്പട്ടയ്ക്ക് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയ്ക്കാന്‍ സാധിയ്ക്കുന്നു. ഇതാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നതും. ഇതിട്ടു വെള്ളം കുടിയ്ക്കുന്നതും ഭക്ഷണത്തില്‍ ചേര്‍ക്കുന്നതും നല്ലതാണ്. സാധാരണ പ്രമേഹ രോഗികളിലെത്തുന്ന പഞ്ചസാര രക്തത്തിലെ ഷുഗര്‍ തോത് വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് ശരീരത്തിലെ അവയവങ്ങളെ കേടു വരുത്തുന്നു. ഇതെല്ലാം തടയാന്‍ കറുവപ്പട്ട നല്ലതാണ്. രക്തത്തില്‍ പെട്ടെന്ന് ഷുഗര്‍ ഉയരുമ്പോള്‍ നടക്കുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും കറുവപ്പട്ട നല്ലതാണ്. കറുവപ്പട്ട സ്ഥിരം കഴിയ്ക്കുന്നവരില്‍ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ കുറയുന്നു.

കറുവപ്പട്ട രക്തത്തിലേയ്ക്ക് ശരിയായി വലിച്ചെടുക്കാന്‍ വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതാണ് നല്ലത്. 2-6 ഗ്രാം വരെ ഇത് ഉപയോഗിയ്ക്കാം. കാല്‍ ടീസ്പൂണ്‍ കറുവപ്പട്ട പൊടിച്ചത് ഒന്നര ഗ്ലാസ് വെള്ളത്തിലിട്ട് ഇത് ഒരു ഗ്ലാസ് ആകുന്നതു വരെ തിളപ്പിച്ച് കുടിയ്ക്കാം. ഇത് ഭക്ഷണ ശേഷം, പ്രത്യേകിച്ചും ചോറ് പോലുളളവ കഴിച്ചതിനു ശേഷം കഴിയ്ക്കാം. ഗുണം ലഭിയ്ക്കും. രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതും നല്ലതാണ്. ചോറ് മാത്രമല്ല, അരി ഭക്ഷണം കഴിച്ച ശേഷം ഇത് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുമ്പോള്‍ അധികം ഗുണം ലഭിയ്ക്കില്ല.

കറുവപ്പട്ട തണ്ടായി ഇട്ടു തിളപ്പിച്ചാല്‍ വേണ്ട ഗുണം ലഭിയ്ക്കില്ല. പൊടിയാക്കി ഇട്ടു തിളപ്പിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. വ്യായാമം ചെയ്യുന്നവര്‍ക്ക് ഇതു തുടങ്ങുന്നതിന് തൊട്ടു മുന്‍പായി അര ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. കൊഴുപ്പ് പെട്ടെന്നു കുറയും. എന്നാല്‍ പ്രമേഹത്തിനും തടിയ്ക്കും ഇത് ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കണം. പ്രത്യേകിച്ചും ഇന്‍സുലിന്‍ എടുക്കുന്നവര്‍. ഇവരില്‍ ചിലപ്പോള്‍ മരുന്നിനൊപ്പം ഇതു കുടിയ്ക്കുമ്പോള്‍ പെട്ടെന്ന് പഞ്ചസാര ലെവല്‍ താഴാനും തല ചുറ്റാനും കാരണമാകും. ഇതിനാല്‍ ഡോക്ടറോട് ചോദിച്ച ശേഷം ഉപയോഗിയ്ക്കാം.

കറുവപ്പട്ട രണ്ടു തരമുണ്ട്. കാസിയ സിന്നമണ്‍, സിലോണ്‍ സിന്നമണ്‍. ഇതില്‍ സിലോണ്‍ സിന്നമണ്‍ ആണ് കൂടുതല്‍ നല്ലത്. എന്നാൽ കാസിയ സിന്നമണ്‍ ആണ് കൂടുതല്‍ ലഭ്യമാകുന്നത്. ഇതിന് വേണ്ടത്ര ഗുണം ലഭിയ്ക്കില്ല. സിലോണ്‍ സിന്നമണിന് വില കൂടുതലാണ്. കാസിയയില്‍ സിന്നമാല്‍ഡിഹൈഡ് തീരെ കുറവാണ്. മാത്രമല്ല, ഇതില്‍ കൗമാരിന്‍ എന്ന വിഷാംശവുമുണ്ട്. ഇത് സ്ഥിരം ശരീരത്തില്‍ എത്തിയാല്‍ ദോഷമാണ്. കറുവാപ്പട്ട സിലോണ്‍ ആണെങ്കില്‍ തീരെ കട്ടി കുറവാണ്. പേപ്പര്‍ പോലെ നേര്‍ത്തതാകും, ഇവ. പെട്ടെന്ന് ഒടിഞ്ഞു പോകും.വളരെ ലൈറ്റ് മഞ്ഞ നിറമാണ് ഇത്. ഇത് പെട്ടെന്നു പൊടിയ്ക്കാന്‍ സാധിയ്ക്കും. എന്നാല്‍ കാസിയ സിന്നമണ്‍ കടുത്ത ബ്രൗണ്‍ നിറമാകും. പെട്ടെന്ന് പൊടിയില്ല, മിക്‌സിയില്‍ എളുപ്പം പൊടിയ്ക്കാനും പറ്റില്ല. ഇത് നേരിട്ട് വെള്ളം തിളപ്പിക്കാന്‍ ഉപയോഗിക്കുന്നതും നല്ലതല്ല. അതിനാൽ കറുവപ്പട്ട ഉപയോഗിക്കുമ്പോൾ നല്ല ശുദ്ധമായതു തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക.

Related posts