Nammude Arogyam
General

ഒരൊറ്റ കൊതുക് കടി കാരണം ഉണ്ടാകുന്ന പൊല്ലാപ്പുകൾ

ഓഗസ്റ്റ് 21 ലോക കൊതുക് ദിനം. ഒരൊറ്റ കൊതുക് കടി മതി നമ്മുടെ ജീവൻ തന്നെ ഭീഷണിയാകാൻ. കാരണം ഡെങ്കിപ്പനി, മലേറിയ പോലോത്ത മാരക രോഗങ്ങൾ ഉണ്ടാകുന്നത് ഒരു ചെറിയ കൊതുക് കടിയിൽ നിന്നാണ്. മഴക്കാലമാകുന്നതോടെ ജീവന് തന്നെ ഭീഷണിയായ ഈ അസുഖങ്ങള്‍ വർഷം തോറും രൂക്ഷമാകുന്നു. വലുപ്പത്തിൽ ചെറുതാണെങ്കിൽ പോലും ഓരോ വര്‍ഷവും അനേകം ജീവനുകളെടുക്കുന്ന ലോകത്തിലെ ഏറ്റവും അപകടകാരിയായ പരാന്നഭോജിയാണ് കൊതുക്. ലോക കൊതുക് ദിനത്തിൽ ഈ ഇത്തിരിക്കുഞ്ഞൻ ഭീകരൻ പരത്തുന്ന രോഗങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പ്ലാസ്മോഡിയം പാരസൈറ്റ് കാരണമുണ്ടാകുന്ന മലേറിയ ബാധ പരത്തുന്നത് പെണ്‍ അനോഫിലിസ് കൊതുകുകളാണ്. കൊതുകിന്‍റെ ശരീരത്തിൽ 18 ദിവസങ്ങള്‍ വരെയുള്ള കാലയളവിൽ വളര്‍ന്ന് വരുന്ന ഇത് ആളുകളെ കടിക്കുമ്പോള്‍ കൊതുകിന്‍റെ ഉമിനീരിലൂടെ പകരുന്നു. മലേറിയ രോഗം പരത്തുന്ന അണു രക്തത്തിലെത്തുമ്പോള്‍ പനി, വിറയൽ, ക്ഷീണം, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അണുബാധയേറ്റ വ്യക്തിയിൽ കാണാനാകുന്നു. കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ ഈ അണുബാധ വൃക്കകള്‍ പ്രവര്‍ത്തനരഹിതമാവുക, മരണം തുടങ്ങിയ ഗുരുതരമായ അവസ്ഥകളിലേക്ക് എത്തിക്കുന്നു.

ഈ കൊതുക് പ്രധാനമായും സന്ധ്യ മുതൽ പ്രഭാതം വരെയുള്ള സമയങ്ങളിലാണ് കടിക്കുക, പരുപരുത്ത സ്ഥലങ്ങള്‍, മഴവെള്ളം, കുളം, വെള്ളം ഒലിക്കുന്ന സ്ഥലം എന്നിവിടങ്ങളിലായി തുറസ്സായ സ്ഥലങ്ങളിലാണ് ഇത് പെരുകുന്നത്. ഓരോ വര്‍ഷവും ആഗോളതലത്തിൽ ഏകദേശം രണ്ട് കോടി ആളുകള്‍ക്ക് ഈ അണുബാധ ഏൽക്കുന്നുണ്ടെന്നും 4 ലക്ഷത്തിലധികം മരണങ്ങള്‍ കാരണമാകുന്നുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ ഒരു പഠനം വ്യക്തമാക്കുന്നത്.

ഈഡിസ് കൊതുകുകള്‍ പരത്തുന്ന ലോകത്തിൽ വളരെയധികം ബാധിക്കുന്ന വൈറൽ അണുബാധയാണ് ഡെങ്കി. പുലര്‍വേളയിലും സന്ധ്യക്ക് തൊട്ടുമുമ്പുള്ള സമയത്തുമാണ് ഈ കൊതുകുകള്‍ കൂടുതലായി കടിക്കുന്നത്. ചെറിയ അളവിലുള്ള വെള്ളമാണെങ്കിൽ പോലും ഏത് തരത്തിലുള്ള സ്ഥലത്തും ഇതിന് പെരുകാനാകും. കൂടുതൽ ഞെട്ടിപ്പിക്കുന്ന കാര്യം ഇതിന്‍റെ മുട്ടകള്‍ക്ക് വെള്ളമില്ലാതെ ഒരു വര്‍ഷത്തിലധികം കാലം നിലനില്‍ക്കാനാകും.

ഉയര്‍ന്ന അളവിലുള്ള പനി, രൂക്ഷമായ തലവേദന, കണ്ണുകള്‍ക്ക് പിന്നിലുള്ള വേദന, സന്ധി വേദന, പേശി വേദന തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. ശരീരത്തിലുള്ള തിണര്‍പ്പ്, മനംപിരട്ടൽ, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും കാണാം. ഇത് ഹെമറാജിക് ഷോക്കിലേക്കും വിവിധ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയിലേക്കും നയിക്കാം. ആഗോളതലത്തിൽ 10 മുതൽ 40 കോടി വരെയുള്ള ആളുകള്‍ക്ക് ഈ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഡെങ്കി/ഗുരുതരമായ ഡെങ്കിപ്പനി എന്നിവക്ക് പ്രത്യേകം ചികിത്സയൊന്നും നിലവിലില്ല. എങ്കിലും ശരിയായ ആരോഗ്യ പരിചരണം ലഭിക്കുന്നത് വഴി ഗുരുതരമായ ഡെങ്കിപ്പനി മൂലമുണ്ടാകുന്ന മരണ നിരക്ക് കുറക്കാനാകും.

ഒരു വ്യക്തിയെ ഡെങ്കിപ്പനി രണ്ടു തവണ ബാധിക്കാമെന്നും രണ്ടാമത്തെ തവണ കൂടുതൽ ഗുരുതരമാകുകയും ചെയ്യുമെന്നും ലോകോരാഗ്യ സംഘടനയുടെ വിവിധ പഠനങ്ങളിൽ പറയുന്നു. കണക്കുകളെ കുറിച്ച് പറയുകയാണെങ്കിൽ മുകളിൽ പറഞ്ഞ ലോകോരാഗ്യ സംഘടനയുടെ പഠനം വ്യക്തമാക്കുന്നത് ഓരോ വര്‍ഷവും 9 കോടിയിലധികം ലക്ഷണങ്ങളുള്ള ഡെങ്കി കേസുകള്‍ ഉണ്ടാകുന്നുണ്ടെന്നും ഏകദേശം 40,000 മരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നുമാണ്.

ബോധവൽക്കരണത്തിലൂടെയാണ് സുരക്ഷയും മുന്‍കരുതലുകളും ആരംഭിക്കുന്നത്. അതിനാൽ മഹാമാരിയോട് പൊരുതുന്ന ഈ സാഹചര്യത്തിൽ പ്രത്യേകിച്ചും ഈ മഴക്കാലത്ത് ഇത്തരം അണുബാധകള്‍ക്ക് ഇരകളാകില്ലെന്ന് ഉറപ്പ് വരുത്താന്‍ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.

1.വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക-എസികളിലെയും ഫ്രിഡ്ജ് ട്രേകളിലെയും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, ബക്കറ്റുകള്‍, കുടങ്ങള്‍, പാത്രങ്ങള്‍ എന്നിവയിൽ വെള്ളം ശേഖരിച്ച് വെക്കുന്നത് ഒഴിവാക്കുക. കൂളറുകളിലെ വെള്ളം വറ്റിക്കുക, വാട്ടര്‍ ടാങ്കുകളിലെ വെള്ളം വറ്റിച്ച് ഉണക്കുക. പ്രത്യേകിച്ചും ഈ മഴക്കാലത്ത്. ഇതെല്ലാമാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. കാരണം കെട്ടിക്കിടക്കുന്ന വെള്ളമാണ് ഈ കൊലയാളികള്‍ പെറ്റുപെരുകുന്ന പ്രധാന സ്ഥലം.

2.ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുക-ടോയ്ലറ്റുകളിലെയും അടുക്കളയിലെയും തുറന്ന ഡ്രെയിനേജ് ഹോളുകള്‍ സ്ഥിരമായി പരിശോധിക്കുക. തുറന്ന ഓവുചാലുകള്‍, അടച്ച് വെക്കാത്ത മാലിന്യം നിക്ഷേപിക്കുന്ന പാത്രങ്ങള്‍, ഹൗസിങ് സൊസൈറ്റികളിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ എന്നിവയെല്ലാം വൃത്തിഹീനമായിരിക്കുകയും ഈ അപകടകാരികളായ ജീവികള്‍ക്ക് പെറ്റുപെരുകാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. വീടിന് ചുറ്റുമുള്ള ഇത്തരം സ്ഥലങ്ങള്‍ സ്ഥിരമായി വൃത്തിയാക്കുന്നതിലൂടെയും സാനിറ്റൈസേഷന്‍ നടത്തുന്നതിലൂടെയും കൊതുക് പരത്തുന്ന ഈ രോഗങ്ങളിൽ നിന്ന് ആളുകള്‍ക്ക് രക്ഷ ഉറപ്പുവരുത്തും.

3.ശരീരം മുഴുവനായി മറക്കുക-കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, പ്രായമായ വ്യക്തികള്‍ എന്നിവരെയാണ് മലേറിയ, ഡെങ്കി പോലെയുള്ള അണുബാധ കടുതലായി ബാധിക്കാന്‍ സാധ്യത. പുറത്തിറങ്ങുമ്പോള്‍ എപ്പോഴും ഫുള്‍ സ്ലീവ് ഷര്‍ട്ടുകള്‍, ഫുള്‍ ലെങ്ത് പാന്‍റുകള്‍, പൈജാമ പോലെയുള്ള ശരീരം മുഴുവനായി മറക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നുവെന്ന് ഉറപ്പാക്കുക.

4.വൈകുന്നേരങ്ങളിൽ വാതിലുകളും ജനലുകളും അടച്ചിടുക-വൈകുന്നേരങ്ങളിലാണ് കൊതുകുകള്‍ കൂടുതൽ സജീവമാകുന്നത്. അതുകൊണ്ട് തന്നെ ജനലുകളും വാതിലുകളും അടച്ചിടുന്നതാണ് നല്ലത്. വീടിന്‍റെ മുക്കിലും മൂലയിലും ഒളിച്ചിരിക്കുന്ന കൊതുകുകളെയെല്ലാം Kala HIT ഉപയോഗിച്ച് പെട്ടെന്ന് തന്നെ കൊല്ലുക. കൊതുക് കടിയിൽ നിന്ന് രക്ഷ നേടാനുള്ള ഫലപ്രദമായ മറ്റൊരു വഴി കൊതുകുവലകള്‍ ഉപയോഗിക്കുക എന്നതാണ്.

‘സീറോ മലേറിയ എന്ന ലക്ഷ്യത്തിലെത്തുക’ എന്നതാണ് ഇത്തവണത്തെ ലോക കൊതുക് ദിനത്തിന്‍റെ തീം. നമുക്ക് വേണ്ടിയും പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയും കൂടുതൽ സുരക്ഷിതമായ അന്തരീക്ഷമൊരുക്കുന്നതിനായി മുന്നോട്ടു കുതിക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് അത്. മുകളിൽ പറഞ്ഞിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പിന്തുടരുന്നതിലൂടെ മാത്രമേ അത് സാധ്യമാകൂ. ഓര്‍മ്മിക്കുക സുരക്ഷ എപ്പോഴും നമ്മുടെ കൈകളിൽ തന്നെയാണ്.

Related posts