Nammude Arogyam
Health & WellnessHealthy Foods

ചിക്കൻ പതിവായി കഴിക്കുന്നത് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ?

പൊതുവേ നോൺ-വെജ് ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളോട് ചിക്കനെ പറ്റി പ്രത്യേകിച്ച് ചോദിക്കേണ്ട കാര്യമൊന്നുമില്ല. നല്ല രുചിയുള്ള ചിക്കൻ കറിയുടെ മണമടിച്ചാൽ ഉച്ചയ്ക്ക് ചോറു കുറച്ചു കൂടുതൽ വേണമെന്ന് നേരത്തെ തന്നെ കട്ടായം പറയുന്നവരുണ്ട്. ചിക്കൻ ഉപയോഗിച്ചു കൊണ്ട് രുചിയേറിയ നിരവധി കറി വിഭവങ്ങൾ തയ്യാറാക്കാൻ കഴിയും. പാചകത്തിൽ വല്ല്യ പരിചയമില്ലാത്ത തുടക്കക്കാർക്ക് പോലും ചിക്കൻ ഉപയോഗിച്ച് എളുപ്പത്തിൽ പരീക്ഷിക്കാവുന്ന പാചകക്കുറിപ്പുകൾ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ റസ്റ്റോറൻ്റുകളിൽ ആയാലും വീട്ടിലായാലും ഏറ്റവും പ്രചാരമേറിയതാണ് ചിക്കൻ സിക്സ്റ്റി ഫൈവും, ബ്രോസ്റ്റഡ് ചിക്കനും, ചില്ലി ചിക്കനും ഒക്കെ. സാധാരണഗതിയിൽ പ്രോട്ടീൻ കണ്ടൻ്റ് ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ചിക്കൻ ആരോഗ്യകാര്യത്തിൽ അത്ര മോശപ്പെട്ടതല്ല എന്നുറപ്പാണ്. എന്നാൽ ദിവസവും ചിക്കൻ കഴിക്കുന്ന ഒരാളാണെങ്കിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടാകുമോ എന്ന് പലർക്കും സംശയമുണ്ട്.

ചിക്കൻ പതിവായി കഴിക്കുന്നത് മൂലം ശരീരത്തിലെ കൊളസ്ട്രോൾ നില വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു. ശരിയായ രീതിയിൽ അല്ലെങ്കിൽ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമായ രീതിയിലാണ് പാകം ചെയ്ത് ചിക്കൻ കഴിക്കുന്നതെങ്കിൽ ഇത് ശരീരത്തിലെ കൊളസ്ട്രോൾ നില വർദ്ധിപ്പിക്കുന്നതിന് കാരണമാകുകയില്ല. ചിക്കൻ കഴിക്കുന്നതു മൂലം കൊളസ്ട്രോൾ നില വർദ്ധിക്കാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടാവുന്നത് അത് പാകം ചെയ്യുന്ന രീതിയിൽ തെറ്റായ മാറ്റങ്ങൾ കടന്നു വരുമ്പോഴാണ്. പ്രത്യേകിച്ചും വറുത്ത ചിക്കനാണ് സ്ഥിരമായി കഴിക്കുന്നതെങ്കിൽ, കൊളസ്ട്രോളിന്റെ അളവ് വേഗത്തിൽ ഉയരുമെന്നതിൽ സംശയമില്ല. എണ്ണയിൽ മുക്കി പൊരിച്ചെടുക്കുമ്പോൾ ഇതിലെ ഗുണങ്ങൾ നഷ്ടപ്പെടുകയും അത് ശരീരത്തിൽ കൊളസ്ട്രോളിനു കാരണമായേക്കാവുന്ന ഒന്നായി മാറുകയും ചെയ്യുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് ഇത്തരത്തിൽ വറുത്തതും പൊരിച്ചതുമായ രൂപത്തിൽ ചിക്കൻ കഴിക്കുന്നതുവഴി ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി വർദ്ധിപ്പിക്കുമെന്നാണ്. കൊളസ്ട്രോളിന്റെ അളവിനെ നിയന്ത്രിച്ചു നിർത്താൻ ആയി ഏറ്റവും നല്ലത് ഗ്രിൽ ചെയ്തതോ, വേവിച്ചതോ, പുഴുങ്ങിയതോ ആയ രീതിയിൽ ചിക്കൻ കഴിക്കുന്നതാണ്.

ചിക്കൻ നമ്മുടെ ശരീരത്തിന് ഉയർന്ന ചൂടുള്ള ഭക്ഷണമായി കണക്കാക്കപ്പെടുന്നു. ഇത് കഴിക്കുന്നത് വഴി ശരീരത്തിന്റെ മൊത്തത്തിലുള്ള താപനില വർദ്ധിപ്പിക്കാൻ കാരണമാകും. ലളിതമായി പറഞ്ഞാൽ, അത് ശരീരത്തിൻ്റെ സ്വാഭാവിക താപനിലയിൽ ഏറ്റകൂടുതലുകൾ ഉണ്ടാക്കുന്നു. ഇക്കാരണത്താൽ, ഇത് കഴിച്ചു കഴിഞ്ഞ ശേഷം ചില ആളുകൾക്ക് മൂക്കൊലിപ്പ് പോലുള്ള ലക്ഷണങ്ങൾ അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ചൂടേറിയ സമയമായ വേനൽക്കാല ദിനങ്ങളിൽ കോഴിയിറച്ചി പതിവായി കഴിക്കുന്നത് മൂലം ചില ആരോഗ്യപ്രശ്നങ്ങൾ പ്രകടമാക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായേക്കാം. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, പതിവായി കഴിക്കുന്നതിൽ നിന്ന് വിട്ടു നിന്നുകൊണ്ട് കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിക്കുന്നത് ആയിരിക്കും നല്ലത്.

ചിക്കൻ പതിവായി കൂടുതൽ കഴിക്കുന്നതിന്റെ മറ്റൊരു പാർശ്വഫലമാണ് ശരീരഭാര വർദ്ധനവ്. ചിക്കൻ ബിരിയാണി, ബട്ടർ ചിക്കൻ, ഫ്രൈഡ് ചിക്കൻ തുടങ്ങി നിരവധി ഭക്ഷണ പദാർത്ഥങ്ങൾ എല്ലാം തന്നെ ഉയർന്ന കലോറി അടങ്ങിയിട്ടുള്ള ഭക്ഷ്യ ഘടകങ്ങളുടെ പട്ടികയിൽ മുന്നിൽ തന്നെ ഇടം പിടിച്ചിട്ടുള്ളതാണ്. അവ പതിവായി കഴിക്കുന്നത് ശരീരത്തിൽ പെട്ടെന്ന് ഭാരം വർദ്ധിപ്പിക്കുന്നതിന് വഴിയൊരുക്കും. അതുകൊണ്ടുതന്നെ തുടർച്ചയായി കഴിക്കാതെ വല്ലപ്പോഴുമൊക്കെ അവ കഴിക്കുന്നതാണ് എല്ലായ്പ്പോഴും നല്ലത്. അതല്ലെങ്കിൽ ചിക്കൻ പാകം ചെയ്യുന്ന രീതിയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരിക തന്നെ വേണം.

ചില ഇനം ചിക്കനുകൾ കഴിക്കുന്നത്, യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ എന്നറിയപ്പെടുന്ന മൂത്രാശയ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് പറയപ്പെടുന്നുണ്ട്. ഇത് അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. അമേരിക്കൻ സൊസൈറ്റി ഫോർ മൈക്രോബയോളജിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഈ.കോളിയുടെ എന്ന അണുബാധയുടെ പ്രശ്നങ്ങൾ ഉള്ള ചിക്കൻ ഉള്ളിൽ ചെല്ലുന്നത് വഴി യു.ടി.ഐ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും എന്ന് പറയപ്പെടുന്നു. കണക്കുകൾ പ്രകാരം നമുക്ക് ഇന്ന് ലഭിക്കുന്ന ചിക്കൻ ഭൂരിഭാഗവും ഇതിൻറെ സാധ്യതയുള്ളതാണ്. ഇത്തരം അണുബാധകൾ മൂലമുണ്ടാവുന്ന രോഗ സാധ്യതകൾ തടയുന്നതിന് ആൻറിബയോട്ടിക്കുകൾ കുത്തി വയ്ക്കാതെ വളർത്തിയെടുക്കുന്ന നാടൻ ചിക്കൻ കഴിക്കുന്നത് തന്നെയാണ് നല്ലത്.

ഏത് ഭക്ഷണവും ശരീരത്തിന് നല്ലതാണ്. എന്നാൽ അത് കഴിക്കുന്ന രീതി അനുസരിച്ചാണ് നമ്മുടെ ശരീരത്തിന് ഗുണവും, ദോഷവും നൽകുന്നത്. അതിനാൽ പാകം ചെയ്യുന്ന രീതിയിൽ നല്ല മാറ്റങ്ങൾ വരുത്തിയാൽ എല്ലാ ഭക്ഷണങ്ങളും കഴിക്കുക തന്നെ ചെയ്യാം.

Related posts