ഒരു നിശ്ചിത പ്രായത്തിന് ശേഷം ഏതൊരു വ്യക്തിയിലും ഉണ്ടാകാൻ സാധ്യതയുള്ള ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം. സാധാരണ 35 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്കാണ് ഇത്തരം അവസ്ഥകൾ കൂടുതലായി കണ്ടുവരുന്നതെങ്കിലും ഇന്നത്തെ മാറിയ ജീവിതശൈലിക്ക് അനുസൃതമായി ചെറുപ്പക്കാരിലും ഇന്നിത് കാണപ്പെടുന്നുണ്ട്. ഇതിൻ്റെ ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് വഴി നേരത്തെ തന്നെ ഈയവസ്ഥയെ ചികിത്സിക്കാനാവും. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ഇത്തരമൊരവസ്ഥ നിരവധി രോഗങ്ങൾക്കും കാരണമായി മാറാൻ ഇടയാക്കിയേക്കും. പതിവായി പരിശോധനകൾ നടത്തി ഇതിന്റെ ലക്ഷണം ഉണ്ടോ എന്ന് സ്വയം തിരിച്ചറിയുക അത്യാവശ്യമാണ്.
നമ്മുടെ രക്തസമ്മർദ്ദം സാധാരണ നിലയേക്കാൾ ഉയർന്നതാണെങ്കിൽ അതായത് രക്തസമ്മർദ്ദത്തിന്റെ അളവ് 120/80 നേക്കാൾ അധികമാണെങ്കിൽ ഇത് ശരീരത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ, കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നമ്മുടെ ഹൃദയ ധമനികളിലൂടെയുള്ള രക്തയോട്ടം അമിതമായി പമ്പ് ചെയ്യേണ്ടിവരുമ്പോൾ സമ്മർദ്ദം വർദ്ധിക്കുകയും ഇത് ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
രക്തസമ്മർദ്ദം പതിവിലും കൂടുതലായി ഉയരുന്നതിൻ്റെ ചില സാധാരണ ലക്ഷണങ്ങൾ ഇവയെല്ലാമാണ്.
1.തലവേദന-ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാവുന്നതിൻ്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ് തലവേദന. പല കാരണങ്ങളാൽ തലവേദന ഉണ്ടാകാമെങ്കിലും, നിരന്തരമായി അടുപ്പിച്ച് തലവേദന ഉണ്ടാകുന്നുണ്ടെങ്കിൽ ഇടയ്ക്കിടെ രക്തസമ്മർദ്ദ നില നിരീക്ഷിക്കുന്നത് നല്ലതാണ്. രക്താതിമർദ്ദവുമായി ബന്ധപ്പെട്ട തലവേദന തലയുടെ ഇരുവശങ്ങളിലുമായി ഒരുപോലെ ഉണ്ടാവുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. രക്തസമ്മർദ്ദം മൂലം ഉണ്ടാവുന്ന തലവേദനയെ ഒരു വ്യക്തി അവഗണിക്കുകയാണെങ്കിൽ പലപ്പോഴുമിത് കൂടുതൽ വഷളാകാൻ കാരണമാകുന്നു.
2.നെഞ്ച് വേദന-മിക്ക ആളുകളും നേരിയ നെഞ്ചുവേദനയെ അവഗണിക്കുന്നതും ഇതിനെ തള്ളിക്കളയുകയും ചെയ്യുക പതിവാണെങ്കിലും കുറച്ച് ദിവസങ്ങൾ ഇത് തുടർന്നാൽ ശ്രദ്ധിക്കുന്നത് നല്ലതാണ്. വേദന സാധാരണയായി നെഞ്ചിൽ നിന്ന് പുറത്തേക്ക് അനുഭവപ്പെടുന്നതായി തോന്നും. പേശികളുമായി ബന്ധപ്പെട്ടുകൊണ്ടും വേദന ഉണ്ടാകാമെങ്കിലും പ്രശ്നത്തിന്റെ മൂലകാരണം തേടുന്നത് നല്ലതാണ്. ഗ്യാസ്ട്രിക് പ്രശ്നങ്ങൾ മൂലവും പലപ്പോഴും നെഞ്ചുവേദന ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
3.തലകറക്കം-തലകറക്കം ഉയർന്ന രക്തസമ്മർദ്ദത്തിന്റെ പ്രത്യേക ലക്ഷണമല്ലെങ്കിലും, മറ്റ് ലക്ഷണങ്ങളോടൊപ്പം ഇതും ഉണ്ടാകുന്നുണ്ടെങ്കിൽ ഇതിനെ സൂക്ഷിക്കണം. കാരണം ഇത്തരത്തിലുണ്ടാകുന്ന ഒരു തലകറക്കം എപ്പോൾ വേണമെങ്കിലും ശരീരത്തിൻ്റെ ബാലൻസും, ഏകോപനവും നഷ്ടപ്പെടുത്താനും ഒരു സ്ട്രോക്കിലേക്ക് നയിക്കാനും ഒക്കെ കാരണമായേക്കാം. ഹൃദയാഘാതത്തിന് വഴിയൊരുക്കുന്നതിൽ ഒരു പ്രധാന കാരണമാണ് ഉയർന്ന രക്തസമ്മർദ്ദം. രക്തസമ്മർദ്ദം ഉള്ള ആളാണെളെങ്കിൽ തലകറക്കം അനുഭവപ്പെടുമ്പോൾ ആരെയെങ്കിലും അടിയന്തിര പിന്തുണയ്ക്കായി വിളിക്കണം. ഇരിക്കാൻ ഒരു സ്ഥലം കണ്ടെത്തിയതിനെ തുടർന്ന് സഹായം തേടുക. ഈയൊരവസ്ഥയിൽ പഞ്ചസാര ചേർത്ത് കലക്കിയ വെള്ളം ഉടനടി കഴിക്കുന്നത് ഹൃദയാഘാതത്തിൽ നിന്ന് ഉടനടി രക്ഷനേടാൻ സഹായിക്കും.
4.ശ്വാസതടസ്സം-ഓരോ തവണ പടികൾ ചവിട്ടി കയറുമ്പോഴും ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതായി അനുഭവപ്പെട്ടാൽ ഉടൻ തന്നെ രക്തസമ്മർദ്ദം പരിശോധിക്കുക. ഇങ്ങനെ ഉണ്ടാവുന്നതിന് നിരവധി കാരണങ്ങളുണ്ടാകാം. ഉയർന്ന രക്താതിമർദ്ദം അതിനൊരു പ്രധാന കാരണമാകാം. ശ്വാസതടസ്സമുണ്ടായാൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കേണ്ടതാണ്. അവസ്ഥ മെച്ചപ്പെടുത്തുന്നതിനായി എല്ലാ ദിവസവും രാവിലെ കുറച്ച് നല്ല ശ്വസന വ്യായാമങ്ങളിൽ ഏർപ്പെടുക.
5.ക്ഷീണവും ബലക്ഷയവും-ഒരാൾക്ക് ക്ഷീണവും ബലഹീനതയും ഉണ്ടാകാൻ പല കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാന കാരണം ചിലപ്പോൾ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ സൂചകമായിരിക്കാം എന്നതാണ്. ശരീരത്തിലെ സുപ്രധാന അവയവമായ ഹൃദയം അമിതമായ അളവിൽ പ്രവർത്തിക്കേണ്ടി വരുമ്പോൾ രക്താതിമർദ്ദം ഉണ്ടാവുകയും ഇത് ശരീരത്തിൻ്റെ തളർച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു. നമ്മുടെ പ്രായവും ഉയരവും ഭാരവും ഒക്കെയനുസരിച്ച് ആരോഗ്യകരമായ ശരീര ഭാരം നിലനിർത്താൻ ശ്രമിക്കുന്നതിലൂടെ ഈ ക്ഷീണത്തെ ഒരു പരിധിവരെ നേരിടാൻ കഴിയും. അധിക കിലോ ഭാരം വഹിക്കുന്നത് വേഗത്തിൽ ക്ഷീണമുണ്ടാക്കും. അമിത ഭാരം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാവുകയും ഹൃദ്രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ ആരോഗ്യത്തോടെ ഭക്ഷണം കഴിക്കുക. ദിവസവും വ്യായാമങ്ങളിൽ ഏർപ്പെടുക.
6.മങ്ങിയ കാഴ്ച-ഉയർന്ന രക്തസമ്മർദ്ദം ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്നതാണ്. ഇത് കണ്ണിനുള്ളിലെ റെറ്റിനയിലെ രക്തക്കുഴലുകളെ ബാധിക്കുന്നു. അവ കഠിനമാവുകയും പതുക്കെ പതുക്കെ കാഴ്ച മങ്ങുന്നതിലേക്ക് നയിക്കുന്നതിന് കാരണമാകും. മറ്റുള്ളവരെപ്പോലെ ഇത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ പ്രത്യേക ലക്ഷണമായി കണക്കാക്കാനാവില്ല. അതുകൊണ്ടുതന്നെ ഇതിനെ മറ്റ് ലക്ഷണങ്ങളുമായി സംയോജിച്ച് പരിഗണിക്കേണ്ടതുണ്ട്. കണ്ണുകളിലെ ഈ രക്തക്കുഴലുകളിൽ ഉണ്ടാവുന്ന കേടുപാടുകൾ കൃത്യമായി പരിശോധിച്ച് ആവശ്യമായ നടപടികൾ നൽകിയില്ലെങ്കിൽ കാലക്രമേണ അത് കൂടുതൽ ദോഷം വരുത്തുന്നതായി മാറും. രക്താതിമർദ്ദം കണ്ണുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന വസ്തുത പലർക്കും അറിയില്ല. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയാൽ ഉടൻ തന്നെ ഒരു നേത്രരോഗവിദഗ്ദ്ധനെ സന്ദർശിക്കുക.
7.ഉത്കണ്ഠ-ഏതൊരു വ്യക്തിയും അവരുടെ ദൈനംദിന ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളോട് പൊരുത്തപ്പെടാൻ കഴിയാതെ വരുന്നത് വഴി അനാവശ്യമായ സമ്മർദ്ദത്തിലൂടെ കടന്നുപോവുന്നു. ഇതവരെ നിയന്ത്രിക്കാനാവാത്ത ഉത്കണ്ഠയിലേക്ക് നയിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിലേക്കും അതിൽ നിന്ന് മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും. ഈ ലക്ഷണത്തെ ഒരിക്കലും അവഗണിക്കരുത്. മാത്രമല്ല ഉടൻ തന്നെ പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തി രോഗനിർണയത്തിനായി ഡോക്ടറുടെ സഹായം തേടണം. ഉത്കണ്ഠ കൂടുതലാവുന്നത് രക്തസമ്മർദ്ദം ഉയരാൻ ഇടയാക്കുകയും ഹൃദയമിടിപ്പ് അമിതമായി വർദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം ഉൽക്കണ്ഠാകരമായ സന്ദർഭങ്ങൾ ഉണ്ടാവുമ്പോൾ അഭിപ്രായങ്ങളും തീരുമാനങ്ങളും എടുക്കുന്നത് പരമാവധി ഒഴിവാക്കുക.
പ്രമേഹവും രക്തസമ്മർദ്ദവും
രക്താതിമർദ്ദത്തിന് പ്രമേഹരോഗവുമായി നേരിട്ട് ബന്ധമൊന്നും ഇല്ലെങ്കിലും, പ്രമേഹരോഗമുള്ള ആളുകൾക്ക് രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ പ്രമേഹരോഗം ഉണ്ടെങ്കിൽ ജീവിതശൈലിയിൽ മാറ്റം വരുത്തുകയും ഡോക്ടറുടെ ഉപദേശപ്രകാരം മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യണം. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കുന്നതിൽ ശ്രദ്ധാലുവായിരിക്കുകയും കഴിയുന്നത്ര ഇത് കുറയ്ക്കുകയും വേണം.
തടി അധികമുള്ളവർ വിഷമിക്കേണ്ടതുണ്ടോ?
ശരീരഭാരത്തിനൊപ്പം വർദ്ധിക്കാൻ സാധ്യതയുള്ള ഒന്നാണ് രക്തസമ്മർദ്ദം. ബോഡി മാസ് സൂചിക കൂടുതലായതിനാൽ തന്നെ അമിതഭാരമുള്ളവർക്ക് ഈ ഈ രോഗാവസ്ഥ വികസിക്കാനുള്ള സാധ്യത പൊതുവേ കൂടുതലാണ്. ഉയർന്ന രക്തസമ്മർദ്ദത്തിന് പുറമെ, നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും ശരീരഭാരം ഒരു കാരണമാകും. ഒരാൾ 20-25 എന്ന സാധാരണ ബോഡി മാസ് സൂചിക നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ശരീരഭാരം കുറയുന്നത് വഴി രക്തസമ്മർദ്ദം കുറയ്ക്കാൻ സാധിക്കുമെന്നതിനാൽ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടതും അത്യാവശ്യമാണ്.
രക്തസമ്മർദ്ദമുള്ളവർ ഏതുതരം ഭക്ഷണമാണ് പിന്തുടരേണ്ടത്?
ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതും സമതുലിതമായതുമായ ഭക്ഷണക്രമം എല്ലായ്പ്പോഴും പിന്തുടരേണ്ടത് പ്രധാനമാണ്. രക്താതിമർദ്ദത്തിൻ്റെ പ്രശ്നം അനുഭവിക്കുന്നവർ പഴങ്ങൾ, പച്ചിലകൾ, പാലുൽപ്പന്നങ്ങൾ, പ്രോട്ടീൻ, ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ, ധാന്യങ്ങൾ, അവശ്യ വിറ്റാമിനുകൾ ധാതുക്കൾ ഒക്കെ അടങ്ങിയ ഭക്ഷണങ്ങൾ ദൈനംദിന ക്രമത്തിൽ ഉൾപ്പെടുത്തണം. കഴിക്കുന്ന ഭക്ഷണങ്ങളിലെ ഉപ്പിൻ്റെ അളവ് കുറഞ്ഞതായിരിക്കണം. കൊഴുപ്പ് അധികം അടങ്ങിയ ഭക്ഷണങ്ങൾ അല്ലെങ്കിൽ ഉയർന്ന അന്നജം, കാർബോഹൈഡ്രേറ്റ് ഉള്ളടക്കമുള്ള ഭക്ഷണങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ പരമാവധി ഒഴിവാക്കേണ്ടതാണ്.
ശ്രദ്ധിച്ചില്ലെങ്കിൽ വളരെയധികം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് രക്തസമ്മർദം. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഒരു പരിധി വരെ രക്തസമ്മർദം നിയന്ത്രിക്കാനാകും. എങ്കിലും മുകളിൽപ്പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സക്ക് നിൽക്കാതെ വൈദ്യസഹായം ഉറപ്പാക്കണം.