Nammude Arogyam
General

കൂടുതൽ നേരം മാസ്ക് ധരിക്കുന്നത് കണ്ണുകൾക്ക് പ്രശ്നമാകുന്നുണ്ടോ?

ചർമ്മത്തിലെ അസ്വസ്ഥതകൾ, മുഖക്കുരു, ചെവികളിലെ വേദന എന്നിവ മാസ്‌ക് സ്ഥിരമായി ധരിക്കുന്നവർ അനുഭവിക്കുന്ന സാധാരണ പാർശ്വഫലങ്ങളാണ്. അതേസമയം, വളരെയധികം നേരം മാസ്ക് ധരിക്കുന്നത്. വരണ്ട കണ്ണുകൾ ഉണ്ടാവുന്നതിന് കാരണമാകുമെന്ന് നേത്രരോഗവിദഗ്ദ്ധർ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി കണ്ണുകൾക്ക് അസ്വസ്ഥതയും വരൾച്ചയും അനുഭവിക്കുന്നുണ്ടെങ്കിൽ, പ്രത്യേകിച്ചും ഒരു ഫേയ്‌സ് മാസ്‌ക് സ്ഥിരമായി ധരിക്കുവാൻ തുടങ്ങിയ ശേഷമാണെങ്കിൽ, വരണ്ട കണ്ണുകൾ ഉണ്ടാവുന്നതിന് സാധ്യതയുണ്ട്.

വരണ്ടതും പ്രകോപിതവുമായ കണ്ണുകളുടെ പ്രശ്‌നം റിപ്പോർട്ട് ചെയ്യുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുന്നത് നേത്രരോഗവിദഗ്ദ്ധർ ശ്രദ്ധിച്ചതു മുതൽ അടുത്ത കാലത്തായി ‘മാസ്ക് അനുബന്ധ വരണ്ട കണ്ണുകൾ’ എന്ന അസുഖം ചർച്ചയായിരിക്കുന്നു. ഈ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രസാഹിത്യത്തിൽ നടത്തിയ ആദ്യത്തെ ചർച്ചകളിലൊന്നാണ് ഫെയ്സ് മാസ്ക്-അസോസിയേറ്റഡ് ഒക്കുലാർ ഇറിറ്റേഷൻ ആൻഡ് ഡ്രൈനെസ് എന്ന പേപ്പർ. ഇത് 2020 ജൂലൈയിൽ ഒഫ്താൽമോളജി ആൻഡ് തിയറി ജേണലിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.

ഇന്ത്യയിൽ ഈ വിഷയത്തിൽ ഇതുവരെ പ്രാദേശിക ഗവേഷണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, ആഗോള തലത്തിൽ പൂർവകാല തെളിവുകൾ ഇതിനെ സ്ഥിരീകരിക്കുന്നു. ഡ്രൈ ഐസ് സിൻഡ്രോമിന്റെ മുൻകാല ചരിത്രമില്ലാത്ത നിരവധി ആളുകൾക്ക് ഇപ്പോൾ ഈ അവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്ത് ഡിജിറ്റൽ ഉപകരണങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ആളുകളും ദീർഘനാളുകളായി മാസ്ക് ധരിക്കുന്നവരും ഇതിൽ ഉൾപ്പെടുന്നു. മെഡിക്കൽ പ്രൊഫഷണലുകളും ഫീൽഡ് ജോലികളിലുള്ള മറ്റ് ആളുകളും ഉൾപ്പെടെ അണുബാധയിൽ നിന്ന് രക്ഷ നേടാൻ ദിവസം മുഴുവൻ മാസ്ക് ധരിക്കേണ്ടിവരുന്നവർക്കും ഈ അവസ്ഥ നേരിടുവാൻ കൂടുതൽ സാധ്യതയുണ്ട്.

കണ്ണുകൾ വരണ്ടതാകാൻ കാരണമെന്ത്?

മാസ്കുകൾക്കുള്ളിൽ നിരന്തരം ശ്വസിക്കുന്നതിനാൽ നമ്മുടെ മുഖത്തിന്റെ താഴ്ഭാഗത്തിന് ചുറ്റുമുള്ള പ്രദേശം ചൂടാകുന്നത് നമുക്ക് കുറച്ച് നേരം കഴിയുമ്പോൾ അനുഭവപ്പെടുന്നു. മാസ്കുകൾ ധരിക്കുന്നത് നമ്മുടെ മൂക്കിലൂടെയുള്ള വായുവിന്റെ സാധാരണ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു, മാത്രമല്ല നാം പുറത്തേക്ക് വിടുന്ന ചില വായുവിനെ നമ്മുടെ കണ്ണുകളിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്നു. മണിക്കൂറുകളോളം ഇത് നിരന്തരം സംഭവിക്കുമ്പോൾ, കണ്ണുകളിലെ ഈർപ്പം അകറ്റി കണ്ണുകൾ വരണ്ടതാക്കാൻ കാരണമാകുന്നു. ഇത് കണ്ണിന്റെ ഉപരിതലത്തിൽ പ്രകോപനം സൃഷ്ടിക്കുവാനോ വീക്കം വരുത്താനോ കാരണമാകുന്നു.

പരിഹാരം

വളരെയധികം നേരം മാസ്ക് ധരിക്കുന്നവർ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്നത് മനസിലാക്കുകയും, കണ്ണിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ പരിശോധിക്കുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടത് പ്രധാനമാണ്. കൊവിഡ് വ്യാപനം രൂക്ഷമാവുന്ന ഈ ഘട്ടത്തിൽ മാസ്ക് ധരിക്കുന്നത് ഒഴിവാക്കാനാവാത്ത കാര്യമാണെങ്കിലും, കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കാതിരിക്കുവാനുള്ള നടപടികൾ ഉടനടി ആരംഭിക്കണം. എല്ലാ ദിവസവും മണിക്കൂറുകളോളം മാസ്ക് ധരിക്കുന്ന ആളുകളിൽ ഒരാളാണെങ്കിൽ, ഈ കാര്യത്തിൽ എന്തുചെയ്യാൻ കഴിയും എന്നതിനെ കുറിച്ച് നമുക്ക് നോക്കാം.

1.മൂക്കുകളിൽ നിന്ന് കണ്ണുകളിലേക്കുള്ള വായുവിന്റെ ഒഴുക്ക് തടയുന്നതിനോ, കുറയ്ക്കുന്നതിനോ സഹായിക്കുന്ന തരത്തിൽ മൂക്കിന്റെ ഭാഗത്ത് ക്ലിപ്പ് ഉള്ള യോജിച്ച മാസ്കുകൾ ധരിക്കുക.

2.മുഖത്തിന് യോജിക്കുന്ന തരത്തിലുള്ള ശരിയായ മാസ്ക് തിരഞ്ഞെടുക്കുക. മാസ്ക്, താഴ്ന്ന കൺപോളകളിൽ കണ്ണു ചിമ്മുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ മുട്ടുന്നില്ല എന്നും കണ്ണിന് കീഴെയുള്ള ചർമ്മത്തെ വലിച്ചു നീട്ടുന്നില്ല എന്നും ഉറപ്പുവരുത്തുക.

3.ജോലിസ്ഥലത്ത് ആളൊഴിഞ്ഞ അല്ലെങ്കിൽ തുറന്ന സ്ഥലങ്ങളിൽ കുറച്ച് സമയം ചെലവഴിക്കാൻ കഴിയുമെങ്കിൽ, കൃത്യമായ ഇടവേളകളിൽ മാസ്‌ക് ഊരി സ്വസ്ഥമായി ശ്വസിക്കുക.

അസ്വസ്ഥത, ചൊറിച്ചിൽ, അല്ലെങ്കിൽ കണ്ണിൽ എരിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, അത് ഒരു നേത്രരോഗവിദഗ്ദ്ധനെ അറിയിക്കുകയും ഉടനടി കണ്ണ് പരിശോധിക്കുകയും ചെയ്യുക. വരണ്ട കണ്ണുകളുടെ പ്രശ്നം അനുഭവിക്കുന്നവർക്ക് നേത്രരോഗവിദഗ്ദ്ധൻ നിർദ്ദേശിക്കുന്ന കണ്ണിൽ ഒഴിക്കുന്ന ലൂബ്രിക്കേറ്റിംഗ് തുള്ളി മരുന്നുകൾ ഉപയോഗിക്കുന്നത് ഉത്തമമാണ്.

Related posts