പ്രസവം ഒരു സ്ത്രീയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന അനുഭവമാണ്. ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും പ്രസവത്തിന് ശേഷം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. അമ്മയായ ഒരാളുടെ ശരീരത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും അവയെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അറിയുകയും ചെയ്യുന്നത് പ്രസവാനന്തര ജീവിതം സുഖപ്രദമാക്കാൻ സഹായിക്കും.
പല സ്ത്രീകളിലും ഗർഭകാലത്തെ ഹോർമോൺ മാറ്റങ്ങൾ മൂലം ചർമ്മത്തിൽ പിഗ്മെന്റേഷൻ രൂപപ്പെടും. ഇത് മുഖത്തും വയറ്റിലുമൊക്കെയായി കറുത്ത പാടുകളായി കാണാം. വയറിന്റെ വിസ്താരം കൂട്ടുന്നതിലൂടെ സ്ട്രെച്ച് മാർക്സ് ഉണ്ടാകുകയും ചെയ്യും. ഇവയെ നേരിടാൻ പ്രത്യേക ത്വക്ക് പരിപാലന ഉൽപ്പന്നങ്ങൾ ഉപയോഗിക്കാം.
മുടി കൊഴിച്ചിൽ പ്രസവത്തിന് ശേഷമുള്ള മറ്റൊരു സാധാരണ പ്രശ്നമാണ്. ഗർഭകാലത്തുണ്ടായിരുന്ന തിളക്കമുള്ള മുടി ഹോർമോണുകൾ പഴയ നിലയിലായതോടെ കൊഴിയാം. മുടിയുടെ ആരോഗ്യത്തിനായി പ്രോട്ടീൻ ഭക്ഷണം കഴിക്കുകയും വിറ്റാമിൻ സപ്ലിമെന്റുകൾ ഉപയോഗിക്കുകയും ചെയ്യാം.

ഭാരം കുറഞ്ഞതോ കൂടിയതോ ആയ ശരീരാവസ്ഥയും അനുഭവപ്പെടാം. ഗർഭകാലത്ത് കൂടിയ ഭാരം കുറയാൻ സമയമെടുക്കും, ചിലപ്പോൾ അമിതമായ മുലയൂട്ടൽ മൂലവും പോഷകക്കുറവിന്റെയും ഫലമായി ഭാരം കുറയാനും സാധ്യതയുണ്ട്. സമതുലിതമായ ആഹാരവും ലഘുവായ വ്യായാമങ്ങളും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
ദേഹവേദനകളും ശരീര ദുർബലമാവുക തുടങ്ങിയവ പ്രസവത്തിനുശേഷം പതിവാണ്. പ്രസവാനന്തര സമയത്ത് ഗർഭാശയം ചുരുങ്ങുവാൻ ശ്രമിക്കുന്നതിനാൽ അടിവയർ ഭാഗത്തു ചെറിയ വേദന അനുഭവപ്പെടാം. ഇത് കുറയ്ക്കാൻ ഹോട് പാക്കുകൾ ഉപയോഗിക്കാം.
ചിലരിൽ പൂർണ്ണമോ ഭാഗികമോ ആയ മാനസിക സമ്മർദങ്ങൾ പ്രകടമാകാം. ചിലരിൽ ഇത് പ്രസവാനന്തര വിഷാദരോഗമായി മാറുകയും ചെയ്യും. ഇതിനെ അതിജീവിക്കാൻ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ തേടുകയും, ആവശ്യമായാൽ വൈദ്യ സഹായം ആവശ്യപ്പെടുകയും ചെയ്യുക.
ഹോർമോൺ തുല്യത പുനഃസ്ഥാപിക്കുമ്പോൾ അനിയന്ദ്രിതമായ് മൂത്രം പോകുക, ക്ഷീണം, രക്തസ്രാവം എന്നിവ അനുഭവപ്പെടാം. ഇത്തരം ശാരീരിക പ്രശ്നങ്ങൾക്ക് ഡോക്ടറുടെ നിർദേശങ്ങൾ അനുസരിച്ച് പരിഹാരം കാണുക.
പ്രസവശേഷം സ്തനങ്ങളിൽ പെട്ടെന്നുള്ള മാറ്റങ്ങൾ കാണപ്പെടാം. സ്ഥാനങ്ങളിൽ വേദന കടച്ചിൽ തുടങ്ങിയവ അനുഭവപ്പെടാം. ചെറിയ ചൂടുവെള്ളത്തിൽ മുക്കിയ തുണി ഉപയോഗിച്ച് ആവി കൊള്ളിക്കാം.
ഈ എല്ലാ മാറ്റങ്ങളും ഓരോ അമ്മയിലും വ്യത്യസ്തമായി അനുഭവപ്പെടും. ആരോഗ്യപരമായ ശുചിത്വവും പോഷകാഹാരവും, ഉറക്കവും ആവശ്യത്തിന് ജലാംശം നിലനിറുത്തുന്നതുമെല്ലാം സാധാരണമായ പ്രശ്നങ്ങളെ മറികടക്കാനുള്ള വഴികളാണ്. ആത്മവിശ്വാസം കൈവിടാതെ, പ്രസവാനന്തര പരിചരണത്തിന് ഡോക്ടറുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക.