ചർമ്മസംരക്ഷണത്തിൽ സൺസ്ക്രീൻ ഒഴിച്ചുകൂടാനാവാത്തതാണ്. ചർമ്മത്തെ പ്രായമാകുന്നതിൽ നിന്നും പിഗ്മെന്റേഷനിൽ നിന്നും സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. പുറത്തുപോകുമ്പോൾ മാത്രമാണ് പലരും സൺസ്ക്രീൻ ഉപയോഗിക്കുന്നത്.
എന്നാൽ, വീടിനകത്തുള്ളപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കണോ?.
എല്ലാ ദിവസവും രാവിലെ സൺസ്ക്രീൻ പ്രയോഗിക്കണം. പിന്നീട് ഇടവിട്ടുള്ള സമയങ്ങളിൽ വീണ്ടും പ്രയോഗിക്കണം. വീടിനകത്താണെങ്കിലും സൺസ്ക്രീൻ ആവശ്യമാണ്. കാരണം, അൾട്രാവൈലറ്റ് രശ്മികളിൽ UVA, UVB രശ്മികൾ അടങ്ങിയിരിക്കുന്നു. ഗ്ലാസ് ജാലകങ്ങൾക്ക് UVB രശ്മികളെ തടയാൻ കഴിയുമെങ്കിലും UVA രശ്മികൾക്ക് ഗ്ലാസ് ജാലകങ്ങളിലേക്ക് തുളച്ചുകയറാൻ കഴിയും. അതിനാലാണ്, വീടിനകത്താണെങ്കിലും സൺസ്ക്രീൻ ഉപയോഗിക്കണമെന്ന് പറയുന്നത്, പ്രത്യേകിച്ച് നിങ്ങൾ ഗ്ലാസ് ജാലകങ്ങൾക്ക് അരികിലാണെങ്കിൽ.
അതുപോലെ ലാപ്ടോപ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലെ ബ്ലൂ ലൈറ്റിൽനിന്നും ചർമ്മത്തെ സംരക്ഷിക്കാൻ സൺസ്ക്രീൻ സഹായിക്കും. ദീർഘകാലാടിസ്ഥാനത്തിൽ ഈ ബ്ലൂ ലൈറ്റുകൾ ചർമ്മത്തിന് കേടുപാടുകൾ വരുത്തുമെന്ന് ചില പഠനങ്ങൾ പറയുന്നു. ബ്രോഡ്-സ്പെക്‌ട്രം സൺസ്‌ക്രീൻ തിരഞ്ഞെടുക്കുക.
വീടിനകത്താണെങ്കിലും സൺസ്ക്രീൻ പുരട്ടുന്നത് നല്ലൊരു ശീലമാണ്. ചിലപ്പോൾ ജോലിക്കിടയിൽ എന്തെങ്കിലും ആവശ്യത്തിന് പുറത്തേക്ക് പോകേണ്ടി വരുമ്പോൾ സൺസ്ക്രീൻ പുരട്ടാൻ മറക്കാറുണ്ട്. എന്നാൽ, വീടിനകത്താണെങ്കിലും രാവിലെ തന്നെ സൺസ്ക്രീൻ പുരട്ടുന്നത് ഈ മറവിയിൽനിന്നും രക്ഷപ്പെടുത്തും.
സൺസ്ക്രീൻ ഉപയോഗിക്കേണ്ട ശരിയായ വിധം?
ഫെയ്സ് വാഷിനു ശേഷം സൺസ്‌ക്രീൻ ഉപയോഗിക്കാം. സൂര്യപ്രകാശം ഏൽക്കുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും സൺസ്‌ക്രീൻ പുരട്ടണം. ഇത് 2 മണിക്കൂർ സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. ഓരോ രണ്ട് മണിക്കൂറിലും സൺസ്ക്രീൻ വീണ്ടും പുരട്ടുക എന്നതാണ് ശരിയായ രീതി.
വരണ്ട ചർമ്മമുള്ളവർ ക്രീം അടിസ്ഥാനമാക്കിയുള്ള സൺസ്‌ക്രീൻ ഉപയോഗിക്കണം. എണ്ണമയമുള്ള ചർമ്മത്തിന്, സൺസ്ക്രീൻ ജെല്ലുകൾക്ക് മുൻഗണന നൽകണം.