ബന്ധങ്ങള്‍ തകരുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒന്നാണ് അമിത ദേഷ്യം. പല കുടുംബ ബന്ധങ്ങളും തകര്‍ച്ചയുടെ വക്കിലെത്താന്‍ പ്രധാന കാരണം പങ്കാളികളുടെ ദേഷ്യമാണ്. ചിലപ്പോള്‍ ചെറിയ പ്രശ്‌നമായിരിക്കാം. എന്നാല്‍, നമ്മുടെ അമിത ദേഷ്യം കൊണ്ട് അത് വലിയൊരു പ്രശ്‌നമായി തീര്‍ന്ന എത്രയോ സാഹചര്യങ്ങളുണ്ട്.
ദേഷ്യം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍, അങ്ങനെ ദേഷ്യം വരുന്ന നിമിഷങ്ങളില്‍ സ്വയം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നാല്‍ അത് അപകടകരമായ അവസ്ഥയാകും. അത് ചിലപ്പോള്‍ നമ്മുടെ സമൂഹ ജീവിതത്തെ തന്നെ വളരെ മോശമായി ബാധിക്കും. അമിത ദേഷ്യമുള്ളവരാണോ നിങ്ങള്‍? അല്ലെങ്കില്‍ ദേഷ്യം വന്നാല്‍ അത് നിയന്ത്രിക്കാന്‍ സാധിക്കാത്തവരാണോ നിങ്ങള്‍? തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളുണ്ട്. ദേഷ്യം നിയന്ത്രിക്കാനുള്ള ചില കുറുക്കുവഴികളുണ്ട്…
വളരെ ദേഷ്യം തോന്നുന്ന സമയത്ത് ഒരു നിമിഷം ആലോചിക്കുക. എടുത്തുചാടി എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതിനു മുന്‍പ് സ്വയം ചിന്തിക്കുക. സ്വന്തം മനസിനെ നിയന്ത്രിക്കുക. അല്‍പ്പം മാറിനിന്ന് വളരെ ദീര്‍ഘമായി ശ്വാസം വലിക്കുക. ഇങ്ങനെ ഒന്നോ രണ്ടോ തവണ ചെയ്യുക. നല്ല ആഴത്തില്‍ ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോള്‍ നമുക്ക് നമ്മെത്തന്നെ നിയന്ത്രിക്കാന്‍ സാധിക്കും. അങ്ങനെ ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോള്‍ നിങ്ങളിലെ ദേഷ്യം പതുക്കെ പതുക്കെ ഉരുകും. ദേഷ്യം കുറഞ്ഞുവരുന്നതായി നിങ്ങള്‍ക്ക് തോന്നും.
സ്വയം സംസാരിക്കുക എന്നതാണ് ദേഷ്യം നിയന്ത്രിക്കാനുള്ള രണ്ടാമത്തെ വഴി. സ്വന്തം മനസ്സിനോട് തന്നെ സംസാരിക്കാന്‍ ശ്രമിക്കുക. വളരെ പോസിറ്റീവായ ചിന്തകളും സംസാരങ്ങളും തലച്ചോറിലേക്ക് കൊണ്ടുവരിക. അതിനുശേഷം, സ്വന്തം ഹൃദയത്തോട് സംസാരിച്ചുകൊണ്ടേയിരിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ ദേഷ്യം നിങ്ങളില്‍നിന്ന് അകലും.
തമാശകള്‍ കേള്‍ക്കുകയും പറയുകയുമാണ് മറ്റൊരു വഴി. മനസ്സിന്റെ പിരിമുറക്കം മാറുന്ന വിധത്തിലുള്ള തമാശകള്‍ കേള്‍ക്കാനും പറയാനും ശ്രമിക്കണം. അപ്പോള്‍ ദേഷ്യത്തെ നിയന്ത്രിക്കാന്‍ ഒരുപരിധിവരെ സാധിക്കും. നിങ്ങളുടെ ദേഷ്യം കൂടാനുള്ള കാരണം എന്താണെന്ന് തിരിച്ചറിയുകയാണ് മറ്റൊരു കുറുക്കുവഴി. ഓരോ ദിവസവും നിരീക്ഷിക്കുക. ഏതൊക്കെ സാഹചര്യത്തിലാണ് ദേഷ്യം വരുന്നതെന്ന് മനസ്സിലാക്കുക. ചിലപ്പോള്‍ ഏതെങ്കിലും വ്യക്തിയോട് ഇടപഴുകുമ്പോള്‍ ആയിരിക്കും നിങ്ങള്‍ക്ക് ദേഷ്യം വര്‍ധിക്കുക. അങ്ങനെയാണെങ്കില്‍ ആ വ്യക്തിയെ തിരിച്ചറിയുക. വളരെ ശാന്തമായ അന്തരീക്ഷത്തില്‍ അവരോട് ഉള്ളുതുറന്നു സംസാരിക്കുക. അവരുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് തുറന്നു പറയുക.
ജീവിതത്തിലെ നല്ല കാര്യങ്ങളെക്കുറിച്ചും നല്ല അവസ്ഥകളെക്കുറിച്ചും ആലോചിക്കുക. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചിന്തിക്കുകയും വേണം. നിങ്ങളെ പിന്തുണയ്ക്കുന്നവര്‍, നിങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ ഇവരൊക്കെയായി കൂടുതല്‍ ഇടപഴകുക.