ലോകമെമ്പാടും ഹൃദയാഘാതം ഒരു പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നത് 2019ല്‍ 17.9 ദശലക്ഷം ആളുകള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം മരിച്ചു എന്നാണ്. ഇത് മൊത്തം ആഗോള മരണങ്ങളുടെ 32 ശതമാനമാണ്. കോവിഡിന്റെ തുടക്കത്തോടെ, സ്ഥിതി കൂടുതല്‍ വഷളാവുകയും യുവാക്കളായ ഹൃദ്രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്തു.
തെറ്റായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണം, അമിത വ്യായാമം എന്നിവ ഉള്‍പ്പെടെയുള്ളവ ഹൃദയാഘാത കേസുകളുടെ വര്‍ദ്ധനവിന് കാരണമായി. ഹൃദയാഘാതം എപ്പോള്‍ സംഭവിക്കുമെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും, ശരീരത്തിന്റെ ചില ഭാഗങ്ങള്‍ വരാനിരിക്കുന്ന ഹൃദയാഘാതത്തെ മനസിലാക്കിത്തരും. അത്തരം ശരീര ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1.നെഞ്ച്-ഹൃദയാഘാതത്തിന്റെ സൂചനകള്‍ അസ്വസ്ഥതയും വേദനയും ഉണ്ടാക്കിയേക്കാം. നെഞ്ചിലെ അസ്വസ്ഥത തീര്‍ച്ചയായും ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ഒന്നാണ്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രകാരം, ഒരാള്‍ക്ക് അസ്വാസ്ഥ്യകരമായ സമ്മര്‍ദ്ദം, ഞെരുക്കം, അല്ലെങ്കില്‍ നെഞ്ചിന്റെ മധ്യഭാഗത്ത് വേദന എന്നിവ അനുഭവപ്പെടാം. വേദനയും സമ്മര്‍ദ്ദവും കുറച്ച് മിനിറ്റിലധികം നീണ്ടുനില്‍ക്കും. അങ്ങനെയെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.
2.പുറം-നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ അടയാളമായിരിക്കാമെങ്കിലും, പുറത്ത്, പ്രത്യേകിച്ച് സ്ത്രീകളില്‍ പ്രത്യക്ഷപ്പെടുന്ന ഈ മുന്നറിയിപ്പ് അടയാളം ആരും അവഗണിക്കരുത്. ഹൃദയാഘാതത്തിന് മുമ്പും ശേഷവും ഉണ്ടാകുന്ന നടുവേദനയെക്കുറിച്ച് പരാതിപ്പെടുന്നത് പുരുഷന്മാരേക്കാള്‍ സ്ത്രീകളാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അവകാശപ്പെടുന്നു.
3.താടിയെല്ല്-താടിയെല്ലില്‍ പ്രസരിക്കുന്ന വേദന കേവലം പേശി തകരാറോ പല്ലുവേദനയോ മാത്രമല്ല അര്‍ത്ഥമാക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളില്‍, മുഖത്തിന്റെ ഇടതുവശത്തുള്ള താടിയെല്ല് വേദന ഹൃദയാഘാതത്തിന്റെ ഒരു സാധാരണ ലക്ഷണമാണ്. നെഞ്ചിലെ അസ്വസ്ഥത, ശ്വാസതടസ്സം, വിയര്‍പ്പ്, ശ്വാസം മുട്ടല്‍, ഓക്കാനം എന്നിവയ്ക്കൊപ്പം താടിയെല്ല് വേദനയും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടന്‍ വൈദ്യസഹായം തേടുക.
4.കഴുത്ത്-ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം തടയുന്ന തരത്തില്‍ രക്തം കട്ടപിടിക്കുന്നത് മൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്. നെഞ്ചില്‍ നിന്ന് അസ്വസ്ഥത ആരംഭിക്കുമ്പോള്‍, വേദന ക്രമേണ കഴുത്തിലേക്ക് വ്യാപിക്കും. കഠിനമായ കഴുത്ത് വേദന, പേശി സമ്മര്‍ദ്ദം, ബുദ്ധിമുട്ട് എന്നിവ മറ്റ് രോഗങ്ങൾക്കും അടയാളമാണെങ്കിലും, ഇത് ഹൃദയാഘാതം മൂലവും സംഭവിക്കാം.
5.തോള്‍-നെഞ്ചില്‍ നിന്ന് കഴുത്ത്, താടിയെല്ല്, തോളുകള്‍ എന്നിവയിലേക്ക് അസ്വസ്ഥയുള്ള വേദന എത്തുമ്പോള്‍, അത് ഹൃദയാഘാതത്തിന്റെ സൂചനയായിരിക്കാം. തോളില്‍ വേദന അനുഭവപ്പെടുകയാണെങ്കില്‍, പ്രത്യേകിച്ച് നെഞ്ചില്‍ നിന്ന് ഇടത് താടിയെല്ലിലേക്കോ കൈകളിലേക്കോ കഴുത്തിലേക്കോ അത് പ്രസരിക്കുന്നുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടുക.
6.ഇടതു കൈ- ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്, അത് ഇടതുകൈയില്‍ വേദനയുണ്ടാക്കും. ഇടത് കൈയിലെ നേരിയ വേദന വാര്‍ദ്ധക്യത്തിന്റെ ലക്ഷണമാകുമെങ്കിലും, പെട്ടെന്നുള്ള അസാധാരണമായ വേദന ഹൃദയാഘാതത്തിന്റെ ആദ്യകാല ലക്ഷണമാകാം. അതിനാൽ ശ്രദ്ധിക്കേണ്ടതാണ്.
ഒരു വ്യക്തിക്ക് ഹൃദയാഘാതമോ ഹൃദയസ്തംഭനമോ ഉണ്ടാകുമ്പോള്‍, ഉടനടിയുള്ള രക്ഷാപ്രവര്‍ത്തനമായി കാര്‍ഡിയോ പള്‍മോണറി റെസിറ്റേഷന്‍ (സി.പി.ആര്‍) നൽകുകയും. രോഗിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുക.