ആര്‍ത്തവമെന്നത് സ്ത്രീ ശരീരത്തെ പ്രത്യുല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ സൂചനയുമാണ്. എന്നാല്‍ ചില അനാരോഗ്യകരമായ അവസ്ഥകള്‍ പലപ്പോഴും സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ട്. സാധാരണ അവസ്ഥയില്‍ ആര്‍ത്തവചക്രം ഏകദേശം 28 ദിവസം കൂടുമ്പോഴാണ് സംഭവിക്കുന്നത്. എന്നാല്‍ സാധാരണ 21 മുതല്‍ 35 ദിവസം വരെയും ഇത് ഉണ്ടാവുന്നത്. ഇത് സാധാരണ അവസ്ഥയാണ്. ആര്‍ത്തവങ്ങള്‍ക്കിടയിലുള്ള ദിവസങ്ങളുടെ എണ്ണം അനുസരിച്ചാണ് ഇത് അളക്കുന്നത്
ഏകദേശം ഒരു മാസം നീണ്ടുനില്‍ക്കുന്ന ഈ ചക്രത്തില്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അണ്ഡോത്പാദനത്തിനും പിന്നീട് ആര്‍ത്തവത്തിനും കാരണമാകുന്നു. ഈ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മറ്റ് ശരീര വ്യവസ്ഥകളെയും പ്രവര്‍ത്തനങ്ങളെയും പ്രത്യുത്പാദന വ്യവസ്ഥയെയും ബാധിക്കും. ഈ സങ്കീര്‍ണ്ണമായ ഹോര്‍മോണ്‍ ഇടപെടലുകളുടെ ഫലമായി പ്രമേഹമുള്ള സ്ത്രീകള്‍ക്ക് ചില പ്രത്യേക ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
പ്രമേഹമെന്നത് പലരേയും പണ്ട് ഒരു പ്രായം കഴിഞ്ഞാല്‍ ബാധിയ്ക്കുന്ന പ്രശ്‌നമായിരുന്നു. എന്നാല്‍ ഇന്ന് ഇത് ചെറുപ്പക്കാരെ പോലും ബാധിയ്ക്കുന്നു. ചെറുപ്പക്കാരെ മാത്രമല്ല, പലപ്പോഴും ചെറിയ കുട്ടികളെപ്പോലും ബാധിയ്ക്കുന്നു. പ്രമേഹം സ്ത്രീകളുടെ ആര്‍ത്തവചക്രത്തെ ബാധിയ്ക്കുന്നതെങ്ങനെയാണെന്ന് നോക്കാം.
പ്രമേഹത്തില്‍ തന്നെ ടൈപ്പ് 2 പ്രമേഹമാണ് കൂടുതലായി ആര്‍ത്തവത്തെ ബാധിയ്ക്കുന്നത്. പ്രമേഹാവസ്ഥ സ്ത്രീകളില്‍ ക്രമരഹിത ആര്‍ത്തവത്തിന് വഴിയൊരുക്കുന്നു. ഇത് അനോവുലേഷന്‍ എന്ന അവസ്ഥയ്ക്ക് വഴിയൊരുക്കുന്നു. അതായത് ഓവുലേഷന്‍ ഇല്ലാത്ത അവസ്ഥ. ഈസ്ട്രജന്റെ വർദ്ധനവിന് അനോവുലേഷൻ കാരണമാകുന്നു. ഇത് ഗർഭാശയത്തിന്റെ ആവരണമായ എന്‍ഡോമെട്രിയത്തെ ബാധിയ്ക്കുന്നു.
അനോവുലേഷൻ കാരണം ഈസ്ട്രജന്റെ അളവ് വർദ്ധിക്കുന്നത് കട്ടിയുള്ള എൻഡോമെട്രിയത്തിലേക്ക് നയിച്ചേക്കാം. ഇത് ആർത്തവസമയത്ത് അമിതമായ ബ്ലീഡിംഗിന് വഴിയൊരുക്കുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നതിനും, വിളർച്ചയിലേക്ക് നയിക്കുന്നതിനും, ക്ഷീണം ഉണ്ടാക്കുന്നതിനും കാരണമാകും. വർഷങ്ങളായി ഈസ്ട്രജന്റെ അളവ് തുടർച്ചയായി വർദ്ധിക്കുന്നത് ഗർഭാശയ ക്യാൻസർ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. കൂടാതെ വര്‍ദ്ധിച്ച തോതിലെ ഈസ്ട്രജന്‍ ബ്രെസ്റ്റ് ക്യാന്‍സറുമായും ബന്ധപ്പെട്ടിരിയ്ക്കുന്നു.
സ്ത്രീകളില്‍ കണ്ടു വരുന്ന പിസിഒഡിയും പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൗമാര പ്രായത്തിലും മുതിർന്നവരുടെ തുടക്കത്തിലും പിസിഒഡി ഉള്ള സ്ത്രീകൾക്ക് ഹൈപ്പർ ഇൻസുലിനീമിയയും, രക്തത്തിലെ ഇൻസുലിന്റെ അളവിൽ വർദ്ധനയും ഉണ്ടാകുന്നതാണ്. പിസിഒഡിയുള്ളവരില്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് സാധാരണയാണ്. ഇതാണ് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നത്. തടി കൂടാനും കാരണമാകുന്നു. ഇന്‍സുലിന്‍ റെസിസ്റ്റന്‍സെങ്കില്‍ അമിതമായി വിശപ്പുണ്ടാകും. ഇത് കൊഴുപ്പായി രൂപാന്തരപ്പെടും. പിസിഒഡി ഉള്ള ഈ സ്ത്രീകൾക്ക് സാധാരണയായി നാൽപ്പതുകളിൽ ടൈപ്പ് 2 പ്രമേഹം ഉണ്ടാകുകയും ക്രമരഹിതമായ ആര്‍ത്തവ ക്രമക്കേടുകള്‍ തുടരുകയും ചെയ്യുന്നു.
ഈ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും, ആർത്തവചക്രം ക്രമപ്പെടുത്തുന്നതിനും വേണ്ടി പ്രമേഹമുള്ള സ്ത്രീകൾ ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് വ്യായാമം എന്നിങ്ങനെയുള്ള ചില ജീവിതശൈലി മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഇത് പ്രമേഹാനുബന്ധ, ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മറ്റു പല രോഗങ്ങള്‍ക്കും വഴിയൊരുക്കുന്നു
ഉറക്കം വളരെ പ്രധാനമാണ്. ഉറക്കമിളക്കരുത്. ഇത് പിസിഒഡി, പ്രമേഹ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. സ്‌ട്രെസ് കുറയ്ക്കുക. റിലാക്‌സ്ഡ് ആകുക. ദിവസവും 40 മിനിറ്റ് വ്യായാമം ചെയ്യുക. വ്യായാമം മാസമുറ സമയത്തും ചെയ്യാം. ആർത്തവ ക്യത്യമല്ലാതെ വരിക, ആർത്തവ ദിവസങ്ങളിൽ രക്തം കട്ട പിടിച്ച് പോവുക തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ മെഡിക്കല്‍ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഗുണം നല്‍കും.
ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ ഇത് രണ്ട് മാസത്തില്‍ കൂടുതല്‍ നിലനിന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം അത് കൂടുതൽ സങ്കീർണതകളിലേക്ക് നയിക്കുന്നതാണ്.