പലരെയും പേടിപ്പിക്കുന്ന രോഗമാണ് പ്രമേഹം (diabetes). രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള ഗ്ലൂക്കോസിനെ ആണ് പ്രമേഹം എന്ന് വിളിക്കുന്നത്. ഇത് ഒരു നിശ്ശബ്ദ കൊലയാളിയാണ്, കാരണം ഇത് മാറ്റാനാവാത്ത മാരകമായ സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ജീവന്‍ പോലും അപകടത്തിലാക്കും.
സമ്മര്‍ദ്ദം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, കുടുംബ ചരിത്രം തുടങ്ങിയ വിവിധ ഘടകങ്ങള്‍ കാരണം പ്രമേഹം ഉണ്ടാകാറുണ്ട്. ഈ അടുത്ത കാലത്തായി മുതിര്‍ന്നവര്‍ക്ക് മാത്രമല്ല, ധാരാളം ചെറുപ്പക്കാര്‍ക്കും പ്രമേഹം രോഗമുണ്ടാകുന്നുണ്ട്. പ്രമേഹം ശരീരത്തിന്റെ ഓരോ ഭാഗത്തെയും ബാധിക്കും. കൃത്യസമയത്ത് നിയന്ത്രിച്ചില്ലെങ്കില്‍ ജീവന്‍ വരെ അപകടപ്പെടുത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമായേക്കും. പ്രമേഹം കാരണമുണ്ടാകുന്ന 5 പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍ നോക്കാം.
1.പാദങ്ങളിലെ പ്രശ്‌നം: പ്രമേഹം കാരണമുള്ള പാദങ്ങളിലെ പ്രശ്‌നം വളരെ വലിയ ഒരു ആരോഗ്യ പ്രശ്‌നമാണ്. പാദങ്ങളില്‍ അള്‍സര്‍ ഉണ്ടാകുന്നത് ഒരു സാധാരണ സംഭവമാണ്. കാലില്‍ ഉണങ്ങാത്ത അള്‍സര്‍ ഉണ്ടെങ്കില്‍ ഡോക്ടറോട് സംസാരിക്കുന്നതാണ് ഏറ്റവും നല്ലത്. പ്രമേഹം ഉയര്‍ന്നവര്‍ക്ക് ഈ രോഗമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
2.കണ്ണിന്റെ പ്രശ്നങ്ങള്‍: അസാധാരണമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉള്ള ചില ആളുകള്‍ക്ക് ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകാറുണ്ട്. ഇത് അവരുടെ കാഴ്ചശക്തിയെ ബാധിക്കുകയും അന്ധതയ്ക്ക് കാരണമാവുകയും ചെയ്യും. സാധ്യമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ പതിവായി നേത്രപരിശോധന ചെയ്യുന്നതാണ് നല്ലത്.
3.ഹൃദയാഘാതവും പക്ഷാഘാതവും: പ്രമേഹമുള്ളവര്‍ക്കുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഹൃദ്രോഗം. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് രക്തക്കുഴലുകളെ ബാധിക്കും. ഇത് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാന്‍ കാണമാകും.
4.കിഡ്നി പ്രശ്നങ്ങള്‍: ദീര്‍ഘകാലമായി പ്രമേഹം നിയന്ത്രിക്കാത്തത് വൃക്കകളെ ബാധിക്കും. ശരീരത്തില്‍ നിന്ന് അധിക ദ്രാവകവും മാലിന്യവും നീക്കം ചെയ്യുന്നതിന് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത് വ്യക്ക തകരാറിന് കാരണമാകും. ഈ അവസ്ഥയില്‍ പലപ്പോഴും രോഗിയെ ഡയാലിസിസിന് വിധേയമാക്കും.
5.ലൈംഗിക പ്രശ്‌നങ്ങള്‍: രക്തക്കുഴലുകള്‍ക്കും ഞരമ്പുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നത് ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തിന്റെ അളവ് നിയന്ത്രിക്കുകയും സംവേദനക്ഷമത കുറക്കുകയും ചെയ്യും. ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാകും.
പ്രമേഹമുള്ള ഒരാള്‍ അത് ഒഴിവാക്കാൻ കൃത്യസമയത്ത് മരുന്ന് കഴിക്കേണ്ടത് അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കുക, സമീകൃതാഹാരം കഴിക്കുക, സമ്മര്‍ദ്ദരഹിതമായിരിക്കുക, ഒപ്റ്റിമല്‍ ഭാരം നിലനിര്‍ത്തുക, പതിവ് ആരോഗ്യ പരിശോധനകള്‍ക്ക് പോകുക. ഇത്തരം ജീവിത ശൈലി മാറ്റങ്ങളിലൂടെ പ്രമേഹം ഒരു പരിധി വരെ നിയന്ത്രിച്ച് നിർത്താവുന്നതാണ്.