Nammude Arogyam
ChildrenDiabetics

എന്തുകൊണ്ട് ഗർഭാവസ്ഥയിൽ പ്രമേഹം ?

ലേഖിക :ഡോ. സംഗീത കെ.പി , ഗൈനക്കോളജിസ്റ്റ്

ആരോഗ്യമുള്ള ഒരു കുഞ്ഞ് ഓരോ അമ്മയുടെയും എറ്റവും വലിയ സ്വപ്നമാണ്. പൂർണ്ണ ആരോഗ്യമുള്ള അമ്മയിൽ നിന്ന് മാത്രമേ ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കുകയുള്ളൂ. ഗർഭസ്ഥശിശുവിന്റെ വളർച്ചയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ഗർഭകാലത്തു അമ്മയ്ക്കുണ്ടാകുന്ന പ്രമേഹം.

കേരളത്തിൽ ഏകദേശം പതിനഞ്ചു മുതൽ ഇരുപതു ശതമാനത്തോളം ഗർഭിണികളിൽ പ്രമേഹം ഇന്ന് കണ്ടുവരുന്നു. അമിത വണ്ണം, കുടുംബപാരമ്പര്യം, ഉയർന്ന രക്തസമ്മർദം, തുടരെ ഗർഭം അലസുന്നവർ, മുൻപ് അംഗവൈകല്യമുള്ള കുഞ്ഞുണ്ടായവർ, 35 വയസ്സിനുമേൽ പ്രായമുള്ളവർ തുടങ്ങിയവരിൽ ഗർഭാവസ്ഥയിലുള്ള പ്രമേഹ സാധ്യത കൂടുതലാണ്. നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം പല പ്രശ്‌നങ്ങൾക്കും വഴിയൊരുക്കും. ഗർഭിണികളിലുണ്ടാകുന്ന പ്രമേഹം രണ്ടുതരത്തിലാകാം. ഒന്ന് ഗർഭധാരണം നടന്നതിനു ശേഷം ഉണ്ടാകുന്ന പ്രമേഹം (Gestational diabetes)). രണ്ടാമത്തേത് ഗർഭധാരണത്തിന് മുൻപു തന്നെ സ്ത്രീ പ്രമേഹബാധിതയായിരിക്കുന്ന അവസ്ഥയാണ്. ഗർഭധാരണത്തിന് മുൻപേ പ്രമേഹമുള്ളവരിൽ ഗർഭം ധരിച്ച ആദ്യമാസങ്ങളിൽ തന്നെ അമ്മയ്ക്കും ജനിക്കാൻ പോവുന്ന കുഞ്ഞിനും ബുദ്ധിമുട്ടുകൾ ഉണ്ടാകാം. എന്നാൽ ഗർഭധാരണത്തിന് ശേഷം ഉണ്ടാകുന്ന പ്രമേഹാവസ്ഥയിൽ ആറാം മാസത്തിലെ (24 മുതൽ 28 ആഴ്ച വരെ) രക്തപരിശോധനയിലാണ് പ്രമേഹം സാധാരണയായി കണ്ടുപിടിക്കപ്പെടുന്നത്.

ഗർഭാവസ്ഥയിലെ പ്രമേഹത്തിന് കാരണം രക്തത്തിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നതാണ് പ്രമേഹം എന്ന രോഗം. അമ്മയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് ഗർഭസ്ഥ ശിശുവിന്റെ രക്തത്തിലെ ഗഌക്കോസിന്റെ അളവു കൂടുകയും ശിശുവിന്റെ വളർച്ചയെയും വികാസത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. നാം ഭക്ഷണം കഴിക്കുമ്പോൾ അന്നനാളത്തിലെത്തുന്ന ആഹാരം ദഹനപ്രക്രിയയ്ക്ക് ശേഷം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. രക്തത്തിലൂടെ സഞ്ചരിക്കുന്ന ഈ ഗ്ലൂക്കോസിന് കോശങ്ങൾക്ക് ഉള്ളിലേക്ക് പ്രവേശിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സാന്നിദ്ധ്യം ആവശ്യമാണ്.

കോശങ്ങൾക്ക് ഉള്ളിലേക്ക് ഗ്ലൂക്കോസ് എത്തിയാൽ മാത്രമേ ശരീരത്തിന് വേണ്ടുന്ന ഊർജ്ജം ഉൽപാദിപ്പിക്കാൻ സാദ്ധ്യമാകൂ. ഇൻസുലിന്റെ അഭാവത്തിലോ ഇൻസുലിൻ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലോ കോശങ്ങൾക്ക് ഉള്ളിലേക്ക് ഗ്ലൂക്കോസ് കടക്കാതിരിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർധിക്കുകയും ചെയ്യുന്നു. ഗർഭിണികളിൽ ഉണ്ടാകുന്ന ഈസ്ട്രജൻ, പ്രോജസ്റ്ററോൺ, ഹ്യൂമൻ പ്ലാസെന്റൽ ലാക്ടോജെൻ, കോർട്ടിസോൾ തുടങ്ങിയ ഹോർമോണുകൾ ഇൻസുലിന്റെ പ്രവർത്തനത്തെ വിപരീതമായി ബാധിക്കുന്നു. ഗർഭകാലത്ത് പ്രമേഹം പ്രത്യക്ഷപ്പെടുന്നതിന്റെ കാരണം ഇതാണ്.

പ്രമേഹം മൂലം അമ്മയ്ക്കും കുഞ്ഞിനുമുള്ള ബുദ്ധിമുട്ടുകൾ ആദ്യത്തെ മൂന്നു മാസങ്ങളിൽ നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം കാണപ്പെടുന്ന സ്ത്രീകളിൽ, ഗർഭം അലസിപോവൽ, ജനിക്കാൻ പോവുന്ന കുഞ്ഞിന് വൈകല്യങ്ങൾ എന്നിവ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഗർഭകാലയളവിൽ പ്രമേഹം ഉള്ള സ്ത്രീകളിൽ ശരീര ഭാരം അമിതമായി വർദ്ധിക്കുന്നതായി കാണപ്പെടുന്നു. അമിത രക്തസമ്മർദ്ദം, കുഞ്ഞിന് തൂക്കക്കൂടുതൽ, കുഞ്ഞിന്റെ ചുറ്റുമുള്ള ദ്രാവകമായ അമ്‌നിയോട്ടിക് ഫ്‌ളൂയിഡിന്റെ കൂടുതൽ എന്നിവയും ഇവരിൽ കണ്ടുവരുന്നു.

ചില സാഹചര്യങ്ങളിൽ ഗർഭസ്ഥശിശു മരണപ്പെടുന്ന അവസ്ഥക്ക് വരെ പ്രമേഹം കാരണമായേക്കാം.പരിശോധനകൾ ഇന്ത്യക്കാരിൽ പ്രമേഹത്തിന്റെ അനുപാതം വളരെ കൂടുതൽ ആയതിനാൽ എല്ലാ ഗർഭിണികളിലും പ്രമേഹം ഉണ്ടോ എന്ന് അറിയുന്നതിനു വേണ്ടിയുള്ള പരിശോധന ചെയ്യേണ്ടതാണ്. അതിരാവിലെ ഭക്ഷണം കഴിക്കാതെയും പിന്നെ 75 ഗ്രാം ഗ്‌ളൂക്കോസ് കുടിച്ചു 2 മണിക്കൂറിന് ശേഷവും ചെയ്യുന്ന ഈ രക്ത പരിശോധന എല്ലാ ഗർഭിണിമാരിലും ആദ്യത്തെ മൂന്നു മാസത്തിൽ ഒരിക്കലും, അതുകഴിഞ്ഞ് 24-28 ആഴ്ചകൾക്കകവും പിന്നീട് 32-34 ആഴ്ചകൾക്കകവും ചെയ്യേണ്ടതാണ്.

ദിവസവും അര മണിക്കൂർ നടക്കുന്നത് ബ്ലഡ് ഷുഗർ കുറക്കാൻ സഹായിക്കുന്ന നല്ലൊരു വ്യായാമമാണ്. സാധാരണ സ്ത്രീകളിൽ ഗർഭാവസ്ഥയിൽ തൂക്കം 11 കിലോ മുതൽ 15 കിലോ വരെ വർദ്ധിക്കുന്നതായാണ് കാണുന്നത്. എന്നാൽ പ്രമേഹബാധിതരായ സ്ത്രീകളിൽ ഗർഭ കാലഘട്ടത്തിലെ ആകെ തൂക്ക വർദ്ധന 56 കിലോയിൽ നിജപ്പെടുത്തുന്നതാണ് നല്ലത്. ചികിത്സാരീതികൾ രക്ത പരിശോധന വഴി പ്രമേഹം ഉണ്ടെന്നു ഉറപ്പിച്ചു കഴിഞ്ഞാൽ ഒരു വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സാരീതി പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണ ക്രമീകരണത്തോടൊപ്പം വ്യായാമം, ഇൻസുലിൻ, പഞ്ചസാരയുടെ അളവ് കുറക്കാനുള്ള ഗുളികകൾ എന്നിവയാണ് പ്രധാനമായും ഉള്ള ചികിത്സാരീതികൾ. 90% പ്രമേഹവും വ്യായാമം, ആഹാരനിയന്ത്രണം എന്നിവയിലൂടെ നിയന്ത്രിക്കാൻ കഴിയും ഭക്ഷണക്രമീകരണം പ്രമേഹ രോഗികളുടെ ചികിത്സയിൽ നിർണായകമാണ്. പഞ്ചസാര കലർന്ന ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക. അന്നജം അടങ്ങിയ ആഹാരങ്ങളായ ചോറ്, കിഴങ്ങ് വർഗ്ഗങ്ങൾ തുടങ്ങിയവയുടെ അളവ് കുറയ്ക്കുക, ഇലക്കറികളും പയറുവർഗ്ഗങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മൂന്നു നേരം ആഹാരം എന്നതിൽ നിന്നു മാറി കൂടുതൽ ഇടവേളകളിൽ കുറേശ്ശെ ആയി ആഹാരം കഴിക്കുക.

രണ്ടാഴ്ച കൊണ്ട് പ്രമേഹം നിയന്ത്രണ വിധേയമായില്ലെങ്കിൽ ഇൻസുലിനോ ഗുളികയോ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ദിവസവുമുള്ള ഇൻസുലിൻ ആഹാരത്തിന് അര മണിക്കൂർ മുമ്പ് എടുത്തിരിക്കണം. ഇൻസുലിൻ തുടങ്ങുന്നതിനു മുൻപ് വ്യായാമം, ആഹാരനിയന്ത്രണം, രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നതിന്റെ ലക്ഷണങ്ങൾ എന്നിവ ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക. അമിതമായ വിയർപ്പ്, ക്ഷീണം, ഭാരമില്ലായ്മ,ഓക്കാനം, ഛർദ്ദി, വായിലും ചുണ്ടുകളിലും മരവിപ്പ്, കാഴ്ച മങ്ങൽ, നെഞ്ചിടിപ്പ്, സംസാരം കുഴഞ്ഞുപോവുക, സംഭ്രമം, തലവേദന, വിറയൽ, ചിന്തിക്കാനുള്ള ശേഷിക്കുറവ് തുടങ്ങിയവ പഞ്ചസാരയുടെ അളവ് കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ ഉടനെ തന്നെ പഞ്ചസാരയോ മധുരപാനീയങ്ങളോ കഴിക്കുക. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതിനെക്കാൾ അപകടകരമാണ് പഞ്ചസാരയുടെ അളവ് കുറയുന്ന (hypoglycemia) അവസ്ഥ. വളരെ പെട്ടെന്ന് ഇത് പരിഹരിച്ചില്ലെങ്കിൽ രോഗി അബോധാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനുംസാദ്ധ്യതയുണ്ട്.

ഇൻസുലിനെ അപേക്ഷിച്ച് ഗുളികകൾ ഉപയോഗിക്കുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവ് താഴ്ന്നു പോകാതിരിക്കാൻ സഹായിക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഭക്ഷണത്തിനു മുൻപും 2 മണിക്കൂറിനു ശേഷവും രക്തപരിശോധന നടത്തേണ്ടത് വളരെ അത്യാവശ്യമാണ്. പഞ്ചസാരയുടെ അളവ് സാധാരണ നിലയിലായാലുടനെ ഇൻസുലിനോ ഗുളികയോ നിർത്തുന്നത് അളവ് വീണ്ടും കൂടുന്നതിനും അതുവഴി അമ്മയ്ക്കും ജനിക്കാൻ പോകിുന്ന കുഞ്ഞിനും ദോഷഫലങ്ങൾ ഉണ്ടാകുന്നതിനും കാരണമായേക്കാം.Gestational diabetes occurs when your body can’t make the extra insulin needed during pregnancy

Related posts