ശീതകാലം നിരവധി രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും കാരണമാകുന്ന സമയമാണ്. ജലദോഷം, പനി, ഇപ്പോള്‍ കൊവിഡ് തുടങ്ങി ഈ തണുപ്പ് കാലം അത്ര സുഖത്തില്‍ അല്ല. മിക്ക ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കും ‘ചുമ’ ഒരു സാധാരണ ലക്ഷണമാണ്. ചുമ സാധാരണ വരികയും പോകുകയും ചെയ്യുന്നു അല്ലെങ്കില്‍ ആഴ്ചകളോ ചിലപ്പോള്‍ മാസങ്ങളോ പോലും നീണ്ടുനില്‍ക്കും. എന്നാല്‍ ചുമ ദീര്‍ഘനാള്‍ തുടരുന്നത് ഗുരുതരമായ അസുഖത്തിന് പോലും കാരണമായേക്കും. ചിലപ്പോൾ ഇത് ശ്വാസകോശ ക്യാന്‍സറിന്റെ തന്നെ ലക്ഷണമായേക്കാം.

യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അനുസരിച്ച്, ഓരോ ആളുകളിലും ഈ ക്യാന്‍സറിന് വ്യത്യസ്തമായ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. ചിലര്‍ക്ക് ശ്വാസകോശവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുണ്ട്. ശ്വാസകോശ അര്‍ബുദം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച (മെറ്റാസ്റ്റാസൈസ്) ചിലര്‍ക്ക് ശരീരത്തിന്റെ ആ ഭാഗത്തെ പ്രത്യേക ലക്ഷണങ്ങള്‍ പ്രകടമാകും. ശ്വാസകോശ അര്‍ബുദത്തിന്റെ ഏറ്റവും സാധാരണമായ ചില ലക്ഷണങ്ങളാണ് ചുമയും നെഞ്ച് വേദനയെന്നും സിഡിസി പറയുന്നു.
ശ്വാസകോശ അര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് ചുമയാണെങ്കിലും, ഇത് മറ്റ് പല രോഗങ്ങളുടെയും അണുബാധകളുടെയും അടയാളമായിരിക്കാം. പ്രത്യേകിച്ച് തണുപ്പ് കാലത്ത് വൈറസുകള്‍ പടര്‍ന്ന് പിടിക്കുന്നത് കാരണം ആളുകള്‍ക്ക് ആശയക്കുഴപ്പമാണ്. യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസ് പറയുന്നതനുസരിച്ച്, മൂന്നാഴ്ച കഴിഞ്ഞിട്ടും മാറാതെ നീണ്ടു നില്‍ക്കുന്ന ചുമ അവഗണിക്കരുത്. ശ്വാസകോശ അര്‍ബുദത്തിലേക്ക് ഇത് വിരല്‍ ചൂണ്ടാന്‍ സാധ്യതയുള്ളതിനാല്‍, ഒരു ഡോക്ടറിന്റെ സഹായം തേടേണ്ടത് അത്യാവശ്യമാണെന്നും അവര്‍ പറയുന്നു. കൂടാതെ, ചുമയ്ക്കൊപ്പം വേദന ഉണ്ടെങ്കില്‍ ഒരു പള്‍മണോളജിസ്റ്റിനെ സന്ദര്‍ശിക്കുന്നതാണ് ഉചിതം.
ശ്വാസകോശ അർബുദം ശ്വാസനാളത്തില്‍ രക്തസ്രാവത്തിന് കാരണമാകും, ചുമയ്ക്കുമ്പോള്‍ രക്തം പുറത്തേക്ക് വരാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ് (ഹെമോപ്റ്റിസിസ്). ശ്വാസകോശ അര്‍ബുദത്തിന്റെ ഒന്നാം ഘട്ടത്തില്‍ സാധാരണയായി ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. ചുമയോ രക്തമോ രക്തം പുരണ്ട കഫമോ ഒരു സാധാരണ ലക്ഷണമാണ്. മാത്രമല്ല ഇത് രോഗത്തിൻ്റെ തീവ്രത സൂചിപ്പിക്കുകയും ചെയ്യാം.
ശ്വാസകോശ അര്‍ബുദവുമായി ബന്ധപ്പെട്ട നിരവധി ലക്ഷണങ്ങള്‍ മറ്റ് അസുഖങ്ങള്‍ക്കൊപ്പം ഉണ്ടാകാം. അതുകൊണ്ടാണ് ഡോക്ടറുടെ വിദഗ്ധ ഉപദേശം സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നത്. ശ്വാസകോശ അര്‍ബുദത്തിന്റെ ഏതെങ്കിലും പ്രധാന ലക്ഷണങ്ങളോ ചെറിയ ലക്ഷണങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണം.
യുകെ ഹെല്‍ത്ത് ബോഡി പറയുന്നത് അനുസരിച്ച് പുകവലി മൂലമാണ് ശ്വാസകോശ അര്‍ബുദം ഉണ്ടാകുന്നത്, എന്നിരുന്നാലും ഒരിക്കലും പുകവലിക്കാത്ത ആളുകള്‍ക്കും ഈ അവസ്ഥ ഉണ്ടാകാറുണ്ട്.
അതായത്, സിഗരറ്റ് വലിക്കുന്നത് ശ്വാസകോശ അര്‍ബുദത്തിനുള്ള ഏറ്റവും വലിയ അപകട ഘടകമാണ്. സെക്കന്‍ഡ് ഹാന്‍ഡ് അല്ലെങ്കില്‍ നിഷ്‌ക്രിയ പുകവലി, റഡോണ്‍ വാതകം, ആസ്ബറ്റോസ്, മറ്റ് അര്‍ബുദങ്ങള്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് അല്ലെങ്കില്‍ രോഗത്തിന്റെ കുടുംബചരിത്രം ഉള്ളത് പോലുള്ള മറ്റ് ഘടകങ്ങളും ഇതിന് കാരണമാകാം.
അര്‍ബുദത്തിന്റെ വിപുലമായ ഘട്ടം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനും കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിക്കാനും പതിവായി ആരോഗ്യ പരിശോധന നടത്തുന്നത് നല്ലതാണ്.