Nammude Arogyam
General

രക്ത സമ്മർദ്ദത്തിനൊരു പരിഹാരമായി ഇഞ്ചി ചായ ശീലമാക്കാം

ദിവസവും വീട്ടില്‍ പാചകത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഇഞ്ചി പൂര്‍വികര്‍ പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിച്ചിരുന്നു. പ്രകൃതിദത്തമായതിനാല്‍ ആരോഗ്യപരമായ പല ഗുണങ്ങളും ഇതില്‍ നിന്ന് നമുക്ക് ലഭിക്കുന്നു. ദഹനം, പനി, ബിപി തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള മരുന്നാണ് സുഗന്ധവ്യജ്ഞനമായ ഇഞ്ചി (ginger).

എല്ലാ വീടുകളിലും ബിപിക്ക് മരുന്ന് കഴിക്കുന്ന ഒരാള്‍ എങ്കിലുമുണ്ടാകുമെന്നതാണ് യാഥാര്‍ത്ഥ്യം. ബിപി കുറയ്ക്കാന്‍ ഗുളികകള്‍ കഴിക്കുന്നതിനൊപ്പം ജീവിതശൈലിയിലും അതുപോലെ പ്രകൃതിദത്തമായ പരിഹാരങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. അത്തരത്തില്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും നല്ല ആരോഗ്യം നല്‍കാന്‍ സഹായിക്കുന്നു.

ഇഞ്ചിക്ക് സ്വാഭാവികമായും ഹൃദയസംബന്ധമായ നിരവധി ഗുണങ്ങളുണ്ട്. അതിനാല്‍ ഇത് രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കുക മാത്രമല്ല, രക്തക്കുഴലുകളിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഉയര്‍ന്ന ബിപി കുറയ്ക്കുകയും ചെയ്യുന്നു.

ഭക്ഷണത്തില്‍ ഇഞ്ചി ഏത് രൂപത്തിലും ഉപയോഗിക്കാം. ഇതുകൂടാതെ, ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് ഹൃദയാരോഗ്യത്തിനും രക്തസമ്മര്‍ദ്ദത്തിനും ആശ്വാസം നല്‍കും. ഇഞ്ചി ഉണക്കി സൂക്ഷിച്ചാല്‍ ദീര്‍ഘക്കാലം നിലനില്‍ക്കും. ഇത് ആവശ്യ അനുസരണം പിന്നീട് ഉപയോഗിക്കാനും സാധിക്കും. ചുമ, ജലദോഷം, തൊണ്ട വേദന എന്നിവയ്‌ക്കെല്ലാം ഇഞ്ചി ഉപയോഗിക്കാം.

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഒരു നിശബ്ദ കൊലയാളിയാണെന്ന് വേണമെങ്കില്‍ പറയാം. ഇതിന്റെ ലക്ഷണങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കാത്തതാണ് പ്രധാന കാരണം. രോഗലക്ഷണങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. പതിവ് തലവേദന, ശ്വാസതടസ്സം, മൂക്കില്‍ നിന്ന് രക്തസ്രാവം, കാഴ്ച പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. പതിവായി ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, ഡോക്ടറെ കാണാന്‍ മടിക്കരുത്.

കഴിക്കുന്ന മരുന്നുകള്‍ക്ക് പ്രകൃതിദത്ത പരിഹാരങ്ങള്‍ ഒരിക്കലും പകരമാവില്ല. അതിനാല്‍ പ്രകൃതിദത്ത പരിഹാരങ്ങളെ പൂര്‍ണമായി ആശ്രയിക്കാതെ. ഡോക്ടറോട് ചോദിച്ച് കഴിക്കുന്ന ഗുളികകള്‍ക്കൊപ്പം ഇഞ്ചി ചായയും നിശ്ചിത അളവില്‍ കുടിച്ച് ബിപി നിയന്ത്രിക്കുകയാണ് ചെയ്യേണ്ടത്.

Related posts