Nammude Arogyam
Cancer

ക്യാൻസർ പാരമ്പര്യമായി മാത്രം ഉണ്ടാകുന്ന രോഗമാണോ?

അര്‍ബുദം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് ഭയമാണ്. ജീവന്‍ തന്നെ ഭീഷണിയായ ഈ രോഗം മൂലം ലോകമെമ്പാടും ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കുന്നുണ്ട്. രോഗം വളരെ മോശമായി ആളുകളെ ബാധിച്ചിട്ടും ഇതിന് എതിരെ പോരാടാനോ അല്ലെങ്കില്‍ പ്രതിവിധി തേടാനും ആരും ശ്രമിക്കുന്നില്ല എന്നതാണ് സത്യം. പൊതുവെ കുടുംബത്തില്‍ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ രോഗം മറ്റുള്ളവര്‍ക്കും വരുമെന്ന ഒരു പൊതു വിശ്വാസമുണ്ട്. ഇതേറെക്കുറെ ശരിയാണെങ്കിലും പാരമ്പര്യമായി മാത്രമല്ല ക്യാൻസർ വരുന്നത്. ക്യാൻസറിന് കാരണമാകുന്ന മറ്റു ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ലോകമെമ്പാടുമുള്ള മരണത്തിന് ഒരു പ്രധാന കാരണം ക്യാന്‍സറാണ്. ഓരോ വർഷവും ആറില്‍ ഒരാള്‍ മരിക്കുന്നത് ക്യാന്‍സര്‍ മൂലമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. സ്തനാര്‍ബുദം, ശ്വാസകോശം, വന്‍കുടല്‍, മലാശയം, പ്രോസ്റ്റേറ്റ്, ത്വക്ക്, ആമാശയം എന്നിവയിലെ അര്‍ബുദങ്ങളാണ് ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ശ്വാസകോശം, വന്‍കുടല്‍, മലാശയം, കരള്‍, ആമാശയം, സ്തനം എന്നിവയില്‍ കാണപ്പെടുന്ന ക്യാന്‍സറുകളാണ് മരണ കാരണമാകുന്ന ക്യാന്‍സറുകളും.

30 മുതല്‍ 40 ശതമാനം ആളുകളില്‍ മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയാണ് ക്യാന്‍സര്‍ ഉണ്ടാകാന്‍ കാരണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പുകയില ഉപയോഗം, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരിക നിഷ്‌ക്രിയത്വം, വായു മലിനീകരണം എന്നിവ ക്യാന്‍സറിനും മറ്റ് സാംക്രമികേതര രോഗങ്ങള്‍ക്കും അപകടസാധ്യത ഘടകങ്ങളാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ശരീരഭാരം കൂടുന്നത് എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍, അന്നനാളത്തിലെ അഡിനോകാര്‍സിനോമ, കിഡ്നി ക്യാന്‍സര്‍, കരള്‍ ക്യാന്‍സര്‍, ആര്‍ത്തവവിരാമത്തിനു ശേഷമുള്ള സ്തനാര്‍ബുദം, പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍, വന്‍കുടല്‍ ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അമിതമായ മദ്യപാനവും ഓറല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ധാന്യങ്ങളും സീസണല്‍ പഴങ്ങളും പച്ചക്കറികളും ഒഴിവാക്കുന്നതും സംസ്‌കരിച്ച ഭക്ഷണത്തെ ആശ്രയിക്കുന്നതും വന്‍കുടല്‍ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ധാന്യങ്ങളില്‍ കൂടുതലും നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ ഭാരം നിയന്ത്രിക്കാനും പിന്നീട് വന്‍കുടല്‍ ക്യാന്‍സറില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.

ക്യാന്‍സര്‍ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ നടപടികളിലൊന്ന് ശരീരഭാരം നിയന്ത്രണത്തിലാക്കുക എന്നതാണ്. ക്യത്യതയില്ലാത്ത പോഷക ഉപഭോഗം, ശരീരത്തിലെ കൊഴുപ്പിന്റെ ഘടന വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണ ഉപഭോഗം തുടങ്ങിയ അനാരോഗ്യകരമായ നിരവധി ഘടകങ്ങള്‍ കാരണം അമിതഭാരം ഉണ്ടാകുന്നു. 18.5-25 വരെയുള്ള ബോഡി മാസ് സൂചികയാണ് അനുയോജ്യമായ ഭാരമായി കണക്കാക്കുന്നത്. അരക്കെട്ടിന്റെ ചുറ്റളവില്‍ 3-4 ഇഞ്ച് വര്‍ദ്ധനവ് പോലും നിരവധി ക്യാന്‍സറുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

കുറഞ്ഞ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് ആര്‍ത്തവവിരാമ സമയത്ത്. കൂടാതെ, ശാരീരികമായി സജീവമായ ആളുകള്‍ക്ക് വന്‍കുടല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത 25% കുറവാണ്. ഉദാസീനമായ ജീവിതശൈലി ശ്വാസകോശം, എന്‍ഡോമെട്രിയല്‍, വന്‍കുടല്‍ എന്നിവയില്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വിവിധ പഠനങ്ങളിൽ പറയുന്നു.

തെറ്റായ ജീവിതശൈലിയാണ് പല രോഗങ്ങളുടെയും പ്രധാന കാരണം എന്ന വസ്തുത പലര്‍ക്കും അറിയില്ല. അത്കൊണ്ട് തന്നെ നല്ലൊരു നാളെക്കായി ശരിയായ ജീവിതശൈലി മാത്രം പിന്തുടരുക.

Related posts