Nammude Arogyam
Cancer

ശ്വാസകോശ അർബുദം കൂടുന്നതിന്റെ കാരണങ്ങൾ

ശ്വാസകോശാർബുദത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അനിയന്ത്രിതമായ പുകവലിയാണ്. ശ്വാസകോശ അർബുദം പിടിപെടുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി വർദ്ധനവുണ്ടായിട്ടുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും ഉണ്ടാകുന്ന പുകവലിയുടെ ഫലങ്ങൾ ഈ രോഗത്തിന് കാരണമാകുന്നു. ശ്വാസകോശ അർബുദം പ്രധാനമായും ബാധിക്കുന്നത് പുരുഷന്മാരിലാണെന്നാണ് ഇതുവരെ നമ്മൾ വിശ്വസിച്ചിരുന്നത്. എന്നാൽ നിരവധി യുവതികളിലും ശ്വാസകോശ അർബുദം ഉണ്ടെന്ന് ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്.

ശ്വാസകോശ അർബുദങ്ങൾ സിഗരറ്റ് പുകയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, ഒരിക്കലും പുകവലിക്കാത്തവരിലും അഡിനോകാർസിനോമകൾ ഉണ്ടാകാം. അതായത് ശ്വാസകോശ അർബുദം സംഭവിക്കുന്നതിന്റെ കൃത്യമായ കാരണം, പല തരത്തിലാണെന്ന് നിർവചിക്കാം. കാരണങ്ങളിൽ പാരിസ്ഥിതികവും ജനിതകവുമായ ഘടകങ്ങളും ഉൾപ്പെടാം.

ഓങ്കോളജിസ്റ്റുകൾ പതിവായി ശ്വാസകോശം, തല, കഴുത്ത്, ഗ്യാസ്ട്രിക്, മൂത്രസഞ്ചി മുതലായ ഇടങ്ങളിൽ ഉണ്ടാവുന്ന ക്യാൻസർ പ്രാഥമികമായി അമിതമായ പുകയില ഉപഭോഗം മൂലമാണ് ഉണ്ടാവുന്നതെന്ന് പറയുന്നു. മിക്ക കേസുകളിലും, പുകവലി ഒരു രസത്തിന് ആരംഭിക്കുന്നത് പിന്നീട് ഒരു അഭിനിവേശമായി മാറുന്നു; ഇത് ഇര തിരിച്ചറിയുന്നതിന് മുമ്പ് തന്നെ ജീവൻ അപകടപ്പെടുത്തുന്ന ഒരു രോഗത്തിലേക്ക് അവരെ നയിക്കുന്നു.

ശ്വാസകോശ അർബുദം വികസിക്കുന്നതിനുള്ള ഏറ്റവും നിർണായകമായ അപകട ഘടകമാണ് പുകവലി. പുകയിലയിൽ (പുകവലി/ ഹുക്ക/ പുകവലിക്കുന്നവരുടെ ഒപ്പം നിൽകുന്നത് എന്നിവ ഉൾപ്പെടുന്നു) നിരവധി അർബുദ പദാർത്ഥങ്ങളുണ്ട്. ശ്വാസകോശ അർബുദങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും പുകവലിയുമായി ബന്ധപ്പെട്ടതാണ്.

റേഡാൺ, ഖനന വ്യവസായത്തിലെ ആസ്ബറ്റോസ്, ആർസെനിക്, പൊടി തുടങ്ങിയ ചില രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നതും വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, എംഫിസെമ, പൾമണറി ഫൈബ്രോസിസ്, ക്ഷയം, ചില വൈറൽ അണുബാധകൾ എന്നിവയും ശ്വാസകോശ അർബുദത്തിന് കാരണമാകുന്ന മറ്റ് ചില ഘടകങ്ങളാണ്. വീടിനകത്തും പുറത്തുമുള്ള മലിനീകരണവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ, കുടുംബപരമായ ശ്വാസകോശ അർബുദങ്ങളും സ്ത്രീകളിലെ ഈസ്ട്രജന്റെ അളവുമായി ചില ബന്ധങ്ങളും (ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി മുതലായവ) കണ്ടെത്തിയിട്ടുണ്ട്.

ശ്വാസകോശ അർബുദ ചികിത്സയുടെ കാര്യത്തിൽ കഴിഞ്ഞ ദശകത്തിൽ വഴിത്തിരിവുള്ള ഗവേഷണങ്ങൾ ഉണ്ടായിട്ടുണ്ട്, തന്മാത്രാ ലക്ഷ്യത്തോടെയുള്ള നിരവധി പുതിയ ചികിത്സകളും ഇമ്മ്യൂണോതെറാപ്പിയും ഇപ്പോൾ ലഭ്യമാണ്. എൻജിഎസ് (നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ്) പോലെയുള്ള പുതിയ ഡയഗ്നോസ്റ്റിക് രീതികളെ അടിസ്ഥാനമാക്കിയുള്ള തന്മാത്രാ അടിസ്ഥാന ചികിത്സകൾ ഇപ്പോൾ ശ്വാസകോശ അർബുദത്തിൽ കൂടുതലായി ഉപയോഗിക്കുന്നു. ഇവ കൂടുതൽ സുരക്ഷിതമാണ്, ഇടയ്ക്കിടെയുള്ള മെഡിക്കൽ നിരീക്ഷണവും ആവശ്യമില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ, യുഎസ് എഫ്ഡിഎ, ഇഎംഎ, ഡിസിജിഐ എന്നിവ ശ്വാസകോശ അർബുദത്തിനുള്ള നിരവധി പുതിയ മരുന്നുകളും ഇമ്മ്യൂണോതെറാപ്പികളും അംഗീകരിച്ചു. ഈ പുതിയ മരുന്നുകളെല്ലാം ഇന്ത്യക്കും ലഭ്യമാണ്.

കഴിഞ്ഞ ഒന്നര വർഷമായി നമുക്കെല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു ആശങ്ക, കോവിഡ്-19 കാരണം ശ്വാസകോശ അർബുദത്തിന്റെ പ്രഹരശേഷി എങ്ങനെ മാറി എന്നതാണ്. ആധുനിക വൈദ്യശാസ്ത്രം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ വൈറസ് വ്യാപനം. കോവിഡ് സൃഷ്ടിക്കുന്ന എല്ലാ പരിഭ്രാന്തികൾക്ക് ഇടയിൽ, ശ്വാസകോശ അർബുദവും ഒരു മാരകമായ രോഗമാണെന്നും രോഗത്തിന്റെ ആക്രമണാത്മക സ്വഭാവം കാരണം കോവിഡ് വ്യാപനം ഉണ്ടെങ്കിൽ പോലും അതിന്റെ ചികിത്സയ്ക്ക് കാത്തിരിക്കാനാവില്ലെന്നുമുള്ള വസ്തുത ആരും കാണാതെ പോകരുത്.

മറ്റ് ആളുകളെ അപേക്ഷിച്ച് ശ്വാസകോശ അർബുദ രോഗികൾക്ക് കൊവിഡ് വൈറസ് ബാധയേൽക്കാൻ കൂടുതൽ സാധ്യതയൊന്നുമില്ല. എന്നിരുന്നാലും, അവർ രോഗബാധിതരാണെങ്കിൽ, അവരുടെ അടിസ്ഥാന ആരോഗ്യസ്ഥിതി കാരണം അവർക്ക് സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൊവിഡ് അണുബാധയുടെ തീവ്രത പരിശോധിക്കാൻ നെഞ്ചിന്റെ എക്സ്-റേ അല്ലെങ്കിൽ നെഞ്ചിന്റെ ഹെലിക്കൽ സിടി സ്കാൻ ചെയ്യുന്നത് നല്ലതാണ്. യഥാർത്ഥത്തിൽ ഇത് ശ്വാസകോശം, സ്തനങ്ങൾ, ചില സന്ദർഭങ്ങളിൽ ലിംഫോമ തുടങ്ങിയ നിഗൂഢ മാരകരോഗങ്ങൾ കണ്ടെത്തുന്നതിനും സഹായകമായിട്ടുണ്ട്.

ശ്വാസകോശ അർബുദം ദൈന്യം ദിനം കൂടുതൽ ആളുകളിൽ മരണത്തിനിടയാക്കി കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ അവഗണിക്കാതെ കൃത്യസമയത്ത് വൈദ്യസഹായം തേടേണ്ടതാണ്.

Related posts