Nammude Arogyam
CancerWoman

സ്തനാർബുദ ശസ്ത്രക്രിയ

പല തരം അർബുദ അവസ്ഥകളിൽ, സ്ത്രീകളിൽ കൂടുതലായി കണ്ടു വരുന്ന ഒന്നാണ് സ്തനാർബുദം. രോഗ നിർണ്ണയം നേരത്തെ നടത്തിയാൽ തുടക്കത്തിലേ മികച്ച ചികിത്സ ലഭ്യമാക്കി ഭേദമാക്കാൻ കഴിയും. എന്നാൽ വൈകിയാൽ സ്തനങ്ങൾ തന്നെ പൂർണ്ണമായും നീക്കം ചെയ്യേണ്ട അവസ്ഥ വന്നേക്കാം. അൻപത് വയസ്സിനോ അതിന് മുകളിലോ പ്രായമുള്ള സ്ത്രീകളിലാണ് സ്തനാർബുദം കൂടുതലായും കണ്ടു വരുന്നത്.

പല ആളുകളിലും സ്തനാർബുദ ലക്ഷണങ്ങൾ വ്യത്യസ്തമായേക്കാം. താഴെപ്പറയുന്ന ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ വൈദ്യ സഹായം ലഭ്യമാക്കുക.

1.സ്തനത്തിന് മുകളിലോ അല്പം താഴ് ഭാഗത്തോ രൂപപ്പെടുന്ന മുഴ

2.സ്തനത്തിന്റെ വലുപ്പത്തിലോ ആകൃതിയിലോ എന്തെങ്കിലും മാറ്റം സംഭവിക്കുന്ന അവസ്ഥ

3.സ്തനങ്ങളിൽ തുടർച്ചയായി അനുഭവപ്പെടുന്ന വേദന

4.പ്രസവത്തോട് അനുബന്ധിച്ചല്ലാതെ നിപ്പിളിൽ നിന്ന് മുലപ്പാൽ പോലുള്ള ദ്രാവകം പുറത്തേയ്ക്ക് വരുന്നത്

എന്നാൽ ചിലരിൽ ഈ ലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടെന്നും വരില്ല.

സ്തനാർബുദ ചികിത്സയുടെ ഭാഗമായി രോഗം ഭേദമാക്കാൻ ബ്രെസ്റ്റ് ടിഷ്യു നീക്കം ചെയ്യുന്നതാണ് മാസ്റ്റെക്ടമി. ഇത് ഒരു ഫലപ്രദമായ ചികിത്സയാണ്. ആവശ്യമെങ്കിൽ സ്തന സംരക്ഷണ ശസ്ത്രക്രിയ (ലംപെക്ടമി) വഴി ചികിത്സ പൂർത്തിയാക്കാനും കഴിയും, ഈ രീതിയിൽ സ്തനങ്ങളിൽ രൂപപ്പെട്ടിട്ടുള്ള ട്യൂമർ മാത്രമാണ് നീക്കുന്നത്. സ്തനങ്ങൾ പൂർണമായും നീക്കം ചെയ്യാൻ തല്പര്യപ്പെടാത്തവരാകും മിക്കവരും, പ്രത്യേകിച്ച് ചെറു പ്രായത്തിലുള്ളവർ, രണ്ടാമത്തെ മാർഗ്ഗമാണ് ഇവർക്ക് അഭികാമ്യം. സ്തനങ്ങൾ പൂർണമായും നീക്കം ചെയ്യുന്നത് ശാരീരിക പ്രയാസങ്ങൾക്ക് പുറമേ മാനസിക പ്രയാസങ്ങൾക്കും കാരണമാകും.

ശസ്ത്രക്രിയയിലൂടെ സ്തനാർബുദത്തെ ഇല്ലാതാക്കുകയെന്നത് ഒരു മികച്ച ചികിത്സാ രീതിയാണ്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ശസ്ത്രക്രിയയ്ക്ക് മുൻപ് തന്നെ എല്ലാ രോഗികൾക്കും കൗൺസിലിംഗ് നൽകാറുണ്ട്. മാസ്റ്റെക്ടമി ചെയ്യണമെങ്കിൽ മാനസികമായ തയ്യാറെടുപ്പ് ഏറെ ആവശ്യമാണ്‌. മാസ്റ്റെക്ടമിക്ക് ശേഷം ജീവിതം അത്ര എളുപ്പമല്ല, മനസ്സിന്റെ കരുത്ത് പോലെ തന്നെ പ്രധാനമാണ് പോസിറ്റീവ് ചിന്താഗതിയും. കാരണം ശരീരത്തിന്റെ ഒരു ഭാഗം എന്നെന്നേക്കുമായി അടർത്തി മാറ്റിയത് സ്വയം അംഗീകരിയ്ക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ ചികിത്സയുടെ ഫലം പൂർണമായും ലഭിക്കൂ. കൂടാതെ മുന്നോട്ടുള്ള ജീവിതം നയിക്കാനുള്ള ആത്മവിശ്വാസവും ഉണ്ടാക്കിയെടുക്കണം.

ചികിത്സയുടെ ഭാഗമായി ശരീരത്തിന് സംഭവിച്ച മാറ്റങ്ങൾ അംഗീകരിയ്ക്കുക എന്നതാണ് ആദ്യപടി. ജീവൻ അപകടപ്പെടുത്തിയേക്കാവുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയിൽ നിന്ന് അതി സാഹസികമായി സുരക്ഷിതമായതിനെക്കുറിച്ച് ആശ്വസിക്കുക.

സ്തനങ്ങൾ നീക്കം ചെയ്ത ശേഷം അതിനെ മറികടക്കാനായുള്ള വഴികളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതും നല്ലതാണ്. പ്ലാസ്റ്റിക് സർജറി വഴി കൃത്രിമമായി സ്തനങ്ങൾ പുനർനിർമിയ്ക്കാൻ കഴിയും. ഒരേ ആകൃതിയും രൂപവുമുള്ള ഒരു ഫലപ്രദമായ മാർഗ്ഗമാണിതെങ്കിലും, ശസ്ത്രക്രിയ അല്പം സങ്കീർണമായതിനാൽ ഇതിൻറെ നടപടിക്രമങ്ങളും ചെലവും കൂടുതലാകും. വീണ്ടും ചികിത്സയും വിശ്രമവും ആവശ്യമാകും എന്നതിനാൽ ഇത് വളരെ ചിന്തിച്ച് മാത്രം ചെയ്യേണ്ട ഒരു കാര്യമാണ്.

ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ പോഷകങ്ങൾ അത്യാവശ്യമാണ്. പ്രത്യേകിച്ച് മാസ്റ്റെക്ടമി പോലുള്ള ഒരു വലിയ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യകരവും പോഷകപ്രദവുമായ ഒരു ഭക്ഷണക്രമം കൂടിയേ തീരൂ. ആൻറി ഓക്സിഡൻറുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കണം. ഇലക്കറികളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നത് കാൻസർ കോശങ്ങൾ വീണ്ടും വളരാനുള്ള സാധ്യതയെ പ്രതിരോധിയ്ക്കാൻ ഗുണകരമാകും.

ആരോഗ്യം പതിയെ വീണ്ടെടുക്കാൻ ശരീരം അനുവദിക്കുന്ന തരത്തിലുള്ള വ്യായാമം ശീലിച്ച് തുടങ്ങാം. മാനസിക പിരിമുറുക്കം കുറയ്ക്കാനായി ശ്വസന വ്യയമങ്ങളോ ധ്യാനമോ ചെയ്യുന്നതും നല്ല ഫലം തരും.

ചികിത്സ പൂർണമായും ഫലിച്ചതിന്റെ ആവേശത്തിൽ ഒരു പക്ഷെ വളരെ പെട്ടെന്ന് പഴയ ജീവിത രീതിയിലേക്ക് പോകുന്നത് ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കും. തിരികെ ജോലിയിൽ പ്രവേശിയ്ക്കുന്നത് പോലുള്ള എല്ലാ കാര്യങ്ങളും സമയമെടുത്ത് മാത്രം ചെയ്യേണ്ടതാണ്. അമിത ആത്മ വിശ്വാസവും എടുത്തു ചാട്ടവും പൂർണമായ തിരിച്ചു വരവിന് വിലങ്ങു തടിയാകും. ആരോഗ്യം വീണ്ടെടുക്കാൻ ശരീരത്തിന് ആവശ്യമായ സമയം നൽകുക.

ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായുള്ള വ്യായാമം, ആരോഗ്യകരമായ ശരീരഭാരം തുടങ്ങിയ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകുന്നതും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്.

Related posts