Nammude Arogyam
Healthy Foods

ബദാം തൊലി കളഞ്ഞ് കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍, കൊഴുപ്പ് കളയാന്‍ സഹായിക്കുമോ?

ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ് നട്‌സ്. നട്‌സ് എന്നാല്‍ ബദാം, വാള്‍നട്‌സ്, പിസ്ത എന്നിങ്ങനെ പോകുന്നു. ഇതില്‍ തന്നെ നാം പൊതുവേ ആരോഗ്യ ഗുണങ്ങള്‍ ഏറെയുണ്ടെന്ന് കരുതുന്ന ഒന്നാണ് ബദാം. ഇവ ആരോഗ്യകരമായ കൊഴുപ്പിന്റെയും, പ്രോട്ടീനിന്റെയും ഉറവിടമാണ്. ഇതില്‍ നാരുകള്‍, മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ തുടങ്ങിയ പലതും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ബദാം പൊതുവേ കുതിര്‍ത്തു കഴിയ്ക്കാം എന്നാണ് പറയുക. ചിലര്‍ ബദാം കുതിര്‍ത്ത് തൊലി കളഞ്ഞ് കഴിയ്ക്കും. ഇതോടെ കൊഴുപ്പ് പോകും കൊളസ്‌ട്രോള്‍ പോകും എന്നാണ് പലരും വിചാരിക്കുന്നത്. ഇതിന്റെ തൊലിയില്‍ കൊളസ്‌ട്രോള്‍ ഉണ്ടെന്നതു പോലുളള ചിന്തകളാണ് പലർക്കും. എന്നാല്‍ വാസ്തവത്തില്‍ ഇതിന്റെ തൊലിയില്‍ ഗുണങ്ങള്‍ ഏറെയുണ്ട്.

ബദാമില്‍ ഫൈറ്റിക് ആസിഡ് എന്ന ഘടകമുണ്ട്. ഫൈറ്റിക് ആസിഡ് ശരീരം മറ്റു പോഷകങ്ങളെ വലിച്ചെടുക്കുന്നതു തടയും. ബദാം രാത്രി വെള്ളത്തിലിട്ട് വച്ചാല്‍, ഇതില്‍ ജെര്‍മിനേഷന്‍ അഥവാ മുളയ്ക്കാനുള്ള പ്രവര്‍ത്തനം നടക്കുന്നു. ഈ സമയത്ത് ഫൈറ്റിക് ആസിഡ് നിര്‍വീര്യമാകുന്നു. അത്കൊണ്ടാണ് ബദാം വെള്ളത്തിലിട്ട് കഴിക്കണം എന്ന് പറയുന്നത്.

നല്ല കൊഴുപ്പാണ് ബദാമിലുള്ളത്. അത്കൊണ്ട് തന്നെ ബദാം കഴിച്ചാല്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധനക്ക് സഹായിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ മോശം കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കില്ല. ഇതിനാല്‍ തന്നെ കുതിര്‍ത്താല്‍ ഇതിന്റെ തൊലി കളയേണ്ട ആവശ്യവുമില്ല. കാരണം ഇതിന്റെ തൊലിയില്‍ ധാരാളം ആന്റി ഓക്‌സിഡന്റും വൈറ്റമിന്‍-ഇയും അടങ്ങിയിട്ടുണ്ട്. തൊലി കളഞ്ഞാല്‍ ഇതു നഷ്ടപ്പെടും.

തൊലിയോടെ കഴിച്ചതു കൊണ്ട് ബദാം കൊളസ്‌ട്രോള്‍ ഉണ്ടാക്കാന്‍ കാരണമാകില്ല. വാസ്തവത്തില്‍ കൊളസ്‌ട്രോളിനെ ചെറുത്തു നിര്‍ത്തുന്ന ഘടകമാണ് ഇത്. ഇതിലെ ഫാറ്റ് അഥവാ കൊഴുപ്പ് ആരോഗ്യകരമായ കൊഴുപ്പാണ്. അതായത് അണ്‍സാച്വറേറ്റഡ് ഫാറ്റാണ്. ഈ ഫാറ്റ് നല്ല കൊളസ്‌ട്രോള്‍ അഥവാ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന തരമാണ്.

ബദാമിലുള്ളത് ആരോഗ്യകരമായ കൊഴുപ്പാണ്. ഇത് തടി വര്‍ദ്ധിപ്പിയ്ക്കുന്ന തരവുമില്ല. ഇതിനാല്‍ തന്നെ കൊഴുപ്പു കളയണം എന്നു ഉദ്ദേശത്തോടെ തൊലി കളയേണ്ട ആവശ്യവുമില്ല. ഇതു കളയുമ്പോള്‍ പ്രത്യേകിച്ച് ഗുണമില്ലെന്നത് മാത്രമല്ല, തൊലിയിലെ പോഷകങ്ങള്‍ നഷ്ടപ്പെടുക കൂടിയാണ് ചെയ്യുന്നത്. ഇതിനാല്‍ തന്നെ ബദാം കുതിര്‍ത്താല്‍ തൊലി കളയാതെ കഴിക്കുന്നതാണ് നല്ലത്.

Related posts