Nammude Arogyam
Woman

മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ?

ആർത്തവ ദിനങ്ങളിൽ സ്ത്രീകൾ പൊതുവെ ആശ്രയിക്കാറുള്ളത് സാനിറ്ററി പാഡുകളാണ്. എന്നാൽ സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നവരുടെ പ്രധാന പ്രശ്നം അത് ഉപയോഗിക്കുന്നതിലല്ല, മറിച്ച് അത് എങ്ങനെ നശിപ്പിക്കണം എന്നത് ഓർത്താണ്. ഇവിടെയാണ് മെൻസ്ട്രൽ കപ്പിന്റെ പ്രസക്തി. ആർത്തവ ദിനങ്ങളിലെ അസ്വസ്ഥതകൾ കുറയ്ക്കാനും ആ ദിവസങ്ങൾ മറ്റേതൊരു ദിവസത്തെയും പോലെ അനായാസത്തോടെ കൈകാര്യം ചെയ്യാനും മെൻസ്ട്രൽ കപ്പ് സഹായിക്കും. എന്നാൽ ഇത് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പലർക്കും പല തരത്തിലുള്ള സംശയങ്ങളുമുണ്ട്. മെൻസ്ട്രൽ കപ്പ് ഉപയോഗിച്ചവരുടെ അനുഭവങ്ങൾ നേരിട്ട് കേട്ടാൽ പോലും ഇതൊന്ന് ഉപയോഗിച്ച് നോക്കുന്നതിൽ നിന്നും പലരെയും പിന്തിരിപ്പിക്കുന്നത് ഇതുമായി ബന്ധപ്പെട്ട അനാവശ്യ വ്യാധികളാണ്.

പിരീഡ് ദിനങ്ങളിൽ കൂടുതൽ സൗകര്യം മെൻസ്ട്രൽ കപ്പുകളാണെന്ന് തിരിച്ചറിഞ്ഞ് ഇത് ഉപയോഗിക്കാൻ തയ്യാറാകുന്നവർ ധാരാളമുണ്ട്. എന്നാൽ അങ്ങനെ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ പോയി കണ്ണും പൂട്ടി വാങ്ങേണ്ട ഒന്നല്ല മെൻസ്ട്രൽ കപ്പ്. ഓരോരുത്തർക്കും യോജിച്ച കപ്പുകളുണ്ട്, പ്രത്യേക അളവുകളുണ്ട്. അതുകൊണ്ട് ഇത് വാങ്ങി ഉപയോഗിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഓരോരുത്തർക്കും അനുയോജ്യമായ മെൻസ്ട്രൽ കപ്പ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം, കാരണം ഇത് പല അളവുകളിൽ ലഭ്യമാണ്. സാനിറ്ററി പാഡുകൾ പോലെ സൈസ് വ്യത്യാസം വന്നാലും കുഴപ്പമില്ലാത്ത ഒന്നല്ല മെൻസ്ട്രൽ കപ്പുകൾ. കപ്പിന്റെ സൈസ് യോജിച്ചതല്ലെങ്കിൽ അത് യാതൊരു വിധത്തിലും അഡ്ജസ്റ്റ് ചെയ്ത് ഉപയോഗിക്കാനുമാകില്ല. ശരീരപ്രകൃതം, രക്തസ്രാവം കൂടുതലോ കുറവോ എന്നത്, പ്രായം തുടങ്ങിയവയൊക്കെ മെൻസ്ട്രൽ കപ്പ് വാങ്ങുമ്പോൾ പരിഗണിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഫലപ്രദമായ രീതിയിൽ ഇത് ഉപയോഗിക്കാനാകൂ. കപ്പിന്റെ സൈസുകൾ ഏതൊക്കെയാണെന്ന് നോക്കാം.

1.സ്‌മോൾ സൈസ്: അധികം രക്തസ്രാവമില്ലാത്ത കൗമാരപ്രായക്കാർക്ക് ഈ സൈസിലുള്ള കപ്പ് മതിയാകും. പ്രായവും ആർത്തവ സമയത്ത് പുറം തള്ളുന്ന രക്തത്തിൻറെ അളവും കണക്കിലെടുത്ത് വേണം ഇത് തിരഞ്ഞെടുക്കാൻ.

2.മീഡിയം സൈസ്: 20, 30 വയസ്സിനിടയിലുള്ള പ്രസവിക്കാത്ത സ്ത്രീകൾക്ക് മീഡിയം സൈസിലുള്ള കപ്പ് ഉപയോഗിക്കാം.

3.ലാർജ് സൈസ്: 30 വയസ്സിനു മുകളിലുള്ളവരും സ്വാഭാവികമായ രീതിയിൽ പ്രസവിച്ചവരുമാണെങ്കിൽ ലാർജ് സൈസിലുള്ള കപ്പ് തിരഞ്ഞെടുക്കാം. അമിത രക്തസ്രാവമുള്ളവർക്കും ലാർജ് സൈസ് ഉപയോഗിക്കാം.

ഇനി അനുയോജ്യമായ സൈസിലുള്ള മെൻസ്ട്രൽ കപ്പ് വാങ്ങിയാൽ തന്നെയും ഉപയോഗിച്ച് തുടങ്ങാനുള്ള മടി പലർക്കുമുണ്ട്. ആദ്യം ഉപയോഗിക്കുമ്പോൾ അസ്വസ്ഥത ഉണ്ടാകുക സ്വാഭാവികമാണ്. എന്നാൽ ഇത് തുടർച്ചയായി ഉപയോഗിക്കുന്നതോടെ ക്രമേണ ഈ അസ്വസ്ഥത ഇല്ലാതാകും. അതുകൊണ്ട് ആദ്യത്തെ ബുദ്ധിമുട്ട് ഓർത്ത് വിഷമിക്കേണ്ട.

സാനിറ്ററി പാഡുകൾ ഓരോ നാല് മുതൽ ആറ് മണിക്കൂർ കൂടുമ്പോഴും നീക്കം ചെയ്യേണ്ടതുണ്ട്. എന്നാൽ ഇതിന് വിപരീതമായി, രക്തസ്രാവത്തിന്റെ തോത് അനുസരിച്ച് മെൻസ്ട്രൽ കപ്പ് തുടർച്ചയായി ആറ് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ ഉപയോഗിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ സധൈര്യം ഉപയോഗിക്കാവുന്ന ഒന്നാണിത്. ആർത്തവ രക്തം കപ്പിനുള്ളിലാണ് ശേഖരിക്കപ്പെടുന്നത്. അതിനാൽ തന്നെ യോനീഭാഗം രക്തം പറ്റിപ്പിടിച്ച് അസ്വസ്ഥത ഉണ്ടാക്കുമെന്ന ഭയവും വേണ്ട. ഉപയോഗ ശേഷം വൃത്തിയായി സൂക്ഷിച്ചാൽ ഒരു മെൻസ്ട്രൽ കപ്പ് ഏകദേശം പത്ത് വർഷം വരെയൊക്കെ ഉപയോഗിക്കാം.

ആർത്തവ ദിനങ്ങളിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നതിനേക്കാളും എന്ത്കൊണ്ടും നല്ലത് മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുന്നതാണ്.

Related posts