Nammude Arogyam
Woman

ആര്‍ത്തവ വിരാമത്തിലെത്തുമ്പോൾ സ്ത്രീകൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ

ആര്‍ത്തവ വിരാമം എന്നത് സ്ത്രീകളില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. മാനസികമായും ശാരീരികമായും ഉണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും കാരണമായി നമുക്ക് ആര്‍ത്തവ വിരാമത്തെ കണക്കാക്കാവുന്നതാണ്. പ്രത്യേകിച്ച് നാല്‍പ്പതിന് ശേഷം സ്ത്രീകൾ ആര്‍ത്തവ വിരാമത്തോട് അടുക്കുന്നു. ഈ സമയം അവരില്‍ മാനസികമായും ശാരീരികമായും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. അണ്ഡാശയം പ്രവര്‍ത്തിക്കാതിരിക്കുകയും ഹോര്‍മോണ്‍ മാറ്റങ്ങളും എല്ലാ സ്ത്രീകളുടേയും അടിസ്ഥാന സ്വഭാവത്തില്‍ തന്നെ മാറ്റം വരുത്തുന്നതാണ്.

സ്ത്രീകള്‍ വാര്‍ദ്ധക്യത്തിലേക്ക് അടുക്കുന്നു എന്നതാണ് ഇതോടെ അര്‍ത്ഥമാക്കുന്നത്. ആര്‍ത്തവ വിരാമത്തിന് മുന്‍പുള്ള പരിവര്‍ത്തന ഘട്ടത്തില്‍ അണ്ഡാശയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നു. ഇത് പലപ്പോഴും 45 വയസ്സിന് ശേഷമാണ് സ്ത്രീകളെ ബാധിക്കുന്നത്. ഈ സമയത്താണ് ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങള്‍ സ്ത്രീകളില്‍ കാണപ്പെടുന്നത്. അപൂര്‍വ്വമായി ആര്‍ത്തവം, ചൂടുള്ള ഫ്‌ലാഷുകള്‍, രാത്രി വിയര്‍പ്പ്, അസ്വസ്ഥമായ ഉറക്കം, ക്ഷീണം, മൂഡ് മാറ്റങ്ങള്‍, കുറഞ്ഞ ലൈംഗികാസക്തി, സ്വകാര്യഭാഗത്തെ വരള്‍ച്ച, മൂത്രാശയ പ്രശ്‌നങ്ങള്‍, ശരീരഭാരം, അസ്ഥികളുടെ സാന്ദ്രത കുറയല്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ ആര്‍ത്തവ വിരാമത്തെ പ്രതീക്ഷിക്കുന്ന സ്ത്രീകളില്‍ ചില മാറ്റങ്ങള്‍ നാം അറിഞ്ഞിരിക്കണം. അതിനെ കരുതിയിരിക്കുന്നതിനും അത്തരം ഒരു അവസ്ഥക്ക് വേണ്ടി തയ്യാറെടുക്കുന്നതിനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

1.ഈസ്ട്രജന്റെ മാറ്റങ്ങള്‍-സ്ത്രീകളില്‍ ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും എല്ലാം ഈസ്ട്രജന്‍ വളരെയധികം സഹായിക്കുന്നതാണ്. പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുക എന്നതിന് പുറമേ ആരോഗ്യത്തിനും ഈ ഹോര്‍മോണുകള്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരു പ്രധാന അണ്ഡാശയ ഹോര്‍മോണായ ഈസ്ട്രജന്‍ അസ്ഥികളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. പലപ്പോഴും ഈസ്ട്രജനില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അസ്ഥിയുടെ പുനരുജ്ജീവനത്തെ ബാധിക്കുന്നു. ഇത് ഒടിവുകള്‍ പോലുള്ളവ വര്‍ദ്ധിപ്പിക്കുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

കൂടാതെ ഈസ്ട്രജന്റെ അളവുകള്‍ ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവിനെ സ്വാധീനിക്കുന്നുണ്ട്. ഇത് പലപ്പോഴും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ഈസ്ട്രജന്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകളിലെ ഹൃദയത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ഈസ്ട്രജന്റെ കുറവ് അമിതവണ്ണത്തിലേക്കും എത്തിക്കുന്നു. സ്ത്രീകള്‍ക്ക് അടിവയറ്റിലും കൊഴുപ്പ് വര്‍ദ്ധിക്കുന്നു. ഇതിനെ വിസറല്‍ ഫാറ്റ് എന്നാണ് പറയപ്പെടുന്നത്. കൂടാതെ ഈ അവസ്ഥകള്‍ പമേഹം, സ്‌ട്രോക്ക്, ഹൃദ്രോഗം, ക്യാന്‍സര്‍ തുടങ്ങിയ മെഡിക്കല്‍ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

2.അനുയോജ്യമായ ഭാരം നിലനിര്‍ത്തുക-ശരീര ഭാരം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ നമ്മള്‍ ആര്‍ത്തവ വിരാമത്തിന് മുന്‍പ് മാത്രമല്ല മറ്റ് ശാരീരിക അസ്വസ്ഥതകള്‍ക്ക് മുന്‍പും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഈ സമയത്ത് മെറ്റബോളിസം വളരെ കുറയുന്നു. ഇത് പലപ്പോഴും ശരീരഭാരം കൂട്ടുന്നത് എളുപ്പത്തിലാക്കുന്നു. അമിതവണ്ണമുള്ളവരില്‍ സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഇതെല്ലാം ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ച് കൂടുന്നതായിരിക്കും. അതുകൊണ്ട് തന്നെ ഇതിന് വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം.

3.വ്യായാമം ചെയ്യുക-വ്യായാമം ഏത് സമയവും ചെയ്യാവുന്നതാണ്. ഇത് ആരോഗ്യത്തിന് എന്തുകൊണ്ടും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ചുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി വ്യായാമം വളരെയധികം സഹായിക്കുന്നു. പെല്‍വിക് പേശികളെ ശക്തിപ്പെടുത്തുകയും ആരോഗ്യത്തോടേയും മാനസികാരോഗ്യത്തോടെയും മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. കെഗല്‍ വ്യായാമം ചെയ്യുന്നതിനും സാധിക്കുന്നു. ഇത് കൂടാതെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ സംഭവിക്കുന്ന എല്ലുകള്‍ ഒടിയുന്നതും പേശികളുടെ അനാരോഗ്യത്തിനും എല്ലാം വ്യായാമത്തിലൂടെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

4.ഭക്ഷണക്രമം ശ്രദ്ധിക്കുക-ഭക്ഷണക്രമത്തിന്റെ കാര്യത്തില്‍ നാം വളരെയധികം ശ്രദ്ധ ചെലുത്തണം. പ്രത്യേകിച്ച് ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ച് വരുന്ന സമയങ്ങളില്‍ അധികം എരിവും, കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ കൊഴുപ്പ് കുറയുന്നതും കാര്‍ബോഹൈഡ്രേറ്റ് ചെറിയ തോതില്‍ അടങ്ങിയതുമായ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇത് കൂടാതെ നാരുകളും ധാരാളം ഭക്ഷണത്തോടൊപ്പം ചേര്‍ക്കുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ചുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. പഴങ്ങളും പച്ചക്കറികളും, ധാന്യ ഭക്ഷണങ്ങള്‍, പരിപ്പ്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

5.കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ കഴിക്കുക-പ്രായമാവുമ്പോള്‍ അത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. അതിന്റെ ഫലമായി പലപ്പോഴും എല്ലുകളുടെ ആരോഗ്യവും മറ്റും തകരാറിലാവുന്നു. കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവയെല്ലാം ഈ സമയം ശരീരത്തിന് വേണം എന്നുള്ളത് മനസ്സിലാക്കണം. അതുകൊണ്ട് പാലും മറ്റും കുടിക്കുന്നതിന് ശ്രദ്ധിക്കണം. എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും പ്രതിരോധിക്കുന്നതോടൊപ്പം തന്നെ ആരോഗ്യമുള്ള ഒരു ആര്‍ത്തവ വിരാമ കാലഘട്ടവും സ്വന്തമാക്കാന്‍ സാധിക്കുന്നു.

6.മനസ്സിനെ ശാന്തമാക്കുക-ഹോര്‍മോണ്‍ മാറ്റങ്ങള്‍ മാനസികമായി പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടി മനസ്സിനെ ശാന്തമാക്കുന്നതിന് ശ്രദ്ധിക്കണം. ഇതിന് യോഗ, ധ്യാനം എന്നിവ ശീലിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ ക്രിയേറ്റീവ് ആയി ഇരിക്കുന്നതും മനസ്സിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് സമ്മര്‍ദ്ദത്ത ലഘൂകരിക്കുകയും ആര്‍ത്തവ വിരാമ കാലഘട്ടം മികച്ചതാക്കുകയും ചെയ്യുന്നു.

കുടുംബത്തിന്റെ പിന്തുണ ഏത് ഘട്ടത്തിലും സ്ത്രീകള്‍ ആഗ്രഹിക്കുന്നതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കി മുന്നോട്ട് പോവാന്‍ പങ്കാളിയുടെ സപ്പോര്‍ട്ട് കൂടിയേ തീരൂ. പ്രത്യേകിച്ച് ആര്‍ത്തവ വിരാമത്തിലൂടെ കടന്നു പോവുന്ന സമയം വളരെയധികം ശ്രദ്ധിക്കണം. അവരുടെ മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ഏത് കാര്യത്തിലും പൂര്‍ണ പിന്തുണ നല്‍കുകയും വേണം. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് ആര്‍ത്തവ വിരാമത്തെ പ്രശ്‌നങ്ങളില്ലാതെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.

Related posts