Nammude Arogyam
General

നവംബർ 12 ലോക ന്യൂമോണിയ ദിനം:വിലപ്പെട്ട ഓരോ ശ്വാസത്തിന് വേണ്ടിയും ന്യൂമോണിയയെ തടയാം

ലോകത്ത് ഏറ്റവും അധികം ആളുകളുടെ ജീവൻ അപഹരിച്ചിട്ടുള്ള അണുബാധ മൂലമുണ്ടാകുന്ന അസുഖമാണ് ന്യൂമോണിയ. വസനേന്ദ്രിയത്തിലെ വായു അറകളിൽ രോഗാണുക്കൾ പെരുകി ശ്വസനേന്ദ്രിയ മൃദൂകതത്തിൽ വീക്കവും, പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണ് ന്യൂമോണിയ. 2019 ൽ മാത്രം 672000 കുട്ടികളുടെയടക്കം 2.5 മില്യൺ ആളുകളുടെ ജീവൻ ന്യൂമോണിയ കവർന്നെടുത്തിട്ടുണ്ട്. ലാൻസാറ്റ് മാസിക പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത് ലോകത്ത് ഓരോ 2 മിനിറ്റിലും 3 കുട്ടികൾ ന്യൂമോണിയ കാരണം മരണപ്പെടുന്നു എന്നാണ്. 2025 ആവുമ്പോഴേക്കും 1000 കുട്ടികൾ ജനിക്കുമ്പോൾ 3ൽ താഴെ എന്ന നിലയിൽ ന്യൂമോണിയ മൂലമുള്ള മരണങ്ങൾ കുറയ്ക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയും യൂണിസെഫും ചേർന്ന് രൂപീകരിച്ച ഗ്ലോബൽ ആക്ഷൻ പ്ലാൻ ഫോർ ദി പ്രിവെൻഷൻ ആൻഡ് കണ്ട്രോൾ ഓഫ് ന്യൂമോണിയ ആൻഡ് ഡയേറിയയുടെ ലക്ഷ്യം.

കോവിഡ്-19 അണുബാധയെത്തുടർന്ന് നിരവധി ആളുകൾ ന്യൂമോണിയ ബാധിച്ച് മരണപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വർഷത്തെ ലോക ന്യൂമോണിയ ദിനം ആചരിക്കുന്നത്. ന്യൂമോണിയ കാരണമുണ്ടാകുന്ന മരണങ്ങളുടെ നിരക്ക് 75 ശതമാനം വരെ ഉയരാൻ കോവിഡ്-19 കാരണമായിട്ടുണ്ട്. ‘ന്യൂമോണിയ തടയാം- ഓരോ ശ്വാസവും വിലപ്പെട്ടതാണ്’ എന്നതാണ് ഈ വർഷത്തെ ന്യൂമോണിയ ദിന സന്ദേശം.

ന്യൂമോണിയ പകരുന്നതെങ്ങനെ?

ശ്വാസകോശ അണുബാധകൾ ഏറ്റവും വേഗത്തിൽ പകരുന്ന രീതികളിൽ ഒന്ന് സ്പർശനമാണ്. തുമ്മൽ, മൂക്കുചീറ്റൽ എന്നിവയ്ക്ക് ശേഷം രോഗി ഒരു പ്രതലത്തിൽ സ്പർശിക്കുമ്പോൾ അണുക്കൾ അവിടെ പറ്റിപ്പിടിക്കുന്നു. അണുക്കൾ ആ പ്രതലത്തിൽ നിന്നോ, രോഗിയുടെ കൈകളിൽ നിന്നോ ആരോഗ്യമുളളവരുടെ കൈകളിലേക്ക് എത്തുന്നു. ഇവർ കൈകൾ കൊണ്ട് കണ്ണോ, മൂക്കോ തിരുമ്മുമ്പോഴും മുഖം തുടയ്ക്കുമ്പോഴുമൊക്കെ ഈ അണുക്കൾ അവരിലേക്ക് പകരുന്നു.

കാരണങ്ങൾ

പുകവലിയും അമിത മദ്യപാനവും ശ്വാസകോശ അണുബാധകൾക്ക് വഴി തെളിക്കും. പുകവലി ശ്വാസകോശത്തിന്റെ സാധാരണ പ്രതിരോധക്രിയകൾ താളം തെറ്റിക്കുന്നു. ദീർഘകാല പുകവലി മൂലം സനാതന ശ്വാസകോശ തടസ്സം (COPD) എന്ന രോഗമുണ്ടാകുന്നു. ഇത് രൂക്ഷമായ ന്യൂമോണിയക്ക് കാരണമാകാം. പോഷകാഹാരക്കുറവ്, തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലെ താമസം, മാതാപിതാക്കളുടെ പുകവലിക്കുന്ന ശീലം എന്നിവ കുട്ടികളിൽ ന്യൂമോണിയ ഉണ്ടാക്കുന്നു.

ലക്ഷണങ്ങൾ

1.ചുമ

2.കഫക്കെട്ട്

3.നെഞ്ചിലെ അണുബാധ

4.പനി

5.ശ്വാസം മുട്ടൽ

6.നെഞ്ചുവേദന

എന്നിവയാണ് ന്യൂമോണിയയുടെ മുഖ്യ ലക്ഷണങ്ങൾ. ശ്വാസകോശത്തിലെ അണുബാധയുടെ സ്ഥാനമനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടാം.

പ്രതിരോധം

ന്യൂമോണിയ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങളായി ചൂണ്ടിക്കാണിക്കുന്നത് ഈ കാര്യങ്ങളാണ്

1.ശിശുക്കൾക്ക് മുലപ്പാൽ തന്നെ നൽകുക.കഴിയാത്തപക്ഷം പൂരക പോഷണങ്ങൾ നൽകുക.

2.സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക.

3.വീടുകളിൽ വായു മലിനീകരണം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.

4.ന്യൂമോണിയയുടെ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിത്സ തേടുക.

5.എച്ച്ഐവി എയ്ഡ്സ് ,മീസിൽസ് എന്നിവ തടയുക വഴി ഭാവിയിൽ ന്യൂമോണിയ വരുന്നത് ഒഴിവാക്കുക.

ന്യൂമോണിയ ബാധിക്കുന്നവർക്ക് ആന്റി ബയോട്ടിക്സ് ഉപയോഗിച്ചുള്ള ചികിത്സ ആവശ്യമായി വരും. വൈദ്യസഹായം തേടാൻ താമസിക്കുകയോ രോഗം മൂർച്ഛിക്കുകയോ ചെയ്‌താൽ കൃത്രിമ ശ്വാസം നൽകേണ്ട അവസ്ഥയിലേക്ക് രോഗി എത്തിപ്പെടാം. അണുബാധ ഉണ്ടാകാതെ സൂക്ഷിക്കുന്നതിലൂടെയും രോഗം നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കുന്നതിലൂടെയും ന്യൂമോണിയ മൂലമുള്ള മരണങ്ങൾ ഒഴിവാക്കാൻ സാധിക്കും.

Related posts