ഗര്‍ഭധാരണം എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ശാരീരിക മാനസിക മാറ്റങ്ങളിലൂടെ കടന്നു പോവുന്ന ഒരു കാലഘട്ടം തന്നെയാണ്. സാധാരണ ആരോഗ്യകരമായ ഗര്‍ഭകാലത്തിന്റെ പ്രായം എന്ന് പറയുന്നത് 25 വയസ്സിന് ശേഷവും 35 വയസ്സിന് മുന്‍പുമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് പലരും 30-വയസ്സിന് ശേഷമാണ് ഗര്‍ഭധാരണത്തെക്കുറിച്ച് ചിന്തിക്കുന്നത്. കാരണം സാമ്പത്തികമായും ജോലിസംബന്ധമായും സെറ്റില്‍ ആയതിന് ശേഷം മാത്രമേ പലരും ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നതാണ് സത്യം. പക്ഷേ 30 വയസ്സിന് ശേഷം ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ ചില ടെസ്റ്റുകള്‍ നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. ഇവയെക്കുറിച്ച് എല്ലാ ഭാര്യാഭര്‍ത്താക്കന്‍മാരും അറിഞ്ഞിരിക്കേണ്ടതാണ്.
ഗര്‍ഭാവസ്ഥയില്‍ പതിവായി ആരോഗ്യ പരിശോധനയ്ക്ക് വേണ്ടി എല്ലാവരും ഡോക്ടര്‍മാര്‍ പറയുന്ന സമയത്ത് പോവുന്നു. എന്നാല്‍ ഗര്‍ഭധാരണത്തിനു മുമ്പുള്ള പരിചരണവും വളരെയധികം അത്യാവശ്യമുള്ളത് തന്നെയാണ്. അതുകൊണ്ട് തന്നെ ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുന്നതിന് മുന്‍പ് ചില ടെസ്റ്റുകള്‍ നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതിന് ശേഷം മാത്രം ഗര്‍ഭം ധരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം പ്രായം, ജീവിത ശൈലിയിലെ മാറ്റം, ഭക്ഷണസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ പലപ്പോഴും കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. ഇതുകൊണ്ട് തന്നെ ഗര്‍ഭധാരണത്തിന് ആരോഗ്യപരമായി ഫിറ്റ് ആണോ എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
ഒരു കുട്ടിയെ ഗര്‍ഭം ധരിക്കുന്നതിന് മുമ്പ് മെഡിക്കല്‍ സ്‌ക്രീനിംഗ് ചെയ്യുന്നത് കൊണ്ട് അത് ദമ്പതികള്‍ക്ക് നിരവധി ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഗര്‍ഭധാരണ കഴിവും അത് കൂടാതെ ഭാവിയില്‍ ഗര്‍ഭം അലസാനുള്ള സാധ്യതയും മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. നിലവിലെ ആരോഗ്യനില പരിശോധിക്കുന്നതോടൊപ്പം തന്നെ പല വിധത്തിലുള്ള ആരോഗ്യ ശാരീരിക മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കാനും സാധിക്കും. ഗര്‍ഭധാരണത്തിന് മുമ്പ് ചെയ്യേണ്ട ചില സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍ണ്ണയിക്കാന്‍ PAP ടെസ്റ്റ് സഹായിക്കുന്നുണ്ട്. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരാണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഒരു ഗൈനക്കോളജിസ്റ്റ് സെര്‍വിക്‌സിന്റെ ഉള്ളില്‍ നിന്നുള്ള കോശങ്ങള്‍ പരിശോധിക്കുകയും ക്യാന്‍സര്‍ സാധ്യത മനസ്സിലാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അര്‍ബുദത്തിനു മുമ്പുള്ള കോശങ്ങളെ തിരിച്ചറിയാന്‍ ഡോക്ടര്‍ക്ക് കഴിയുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ തിരിച്ചറിയുന്നതിന് വേണ്ടി പാപ്‌സ്മിയര്‍ പരിശോധന നടത്തണം.
രക്തപരിശോധന നടത്തുന്നതിനും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അതെല്ലാം മനസ്സിലാക്കുന്നതിന് ഇതിലൂടെ സാധിക്കും. ഇത് രക്തത്തിന്റെ അളവ്, വിറ്റാമിന്‍ ഡിയുടെ കുറവ്, ക്ഷയരോഗം, അനീമിയ എന്നിവ മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ഹിമോഗ്ലോബിന്റെ അളവും മനസ്സിലാക്കുന്നതിന് സാധിക്കുന്നു. അതിനാൽ ഗര്‍ഭധാരണത്തിന് പ്ലാന്‍ ചെയ്യുന്നതിന് മുന്‍പ് ഇത്തരം രക്തപരിശോധന നടത്തേണ്ടതാണ്.
അത്പോലെ തന്നെ നിര്‍ബന്ധമായും നടത്തേണ്ട ഒന്നാണ് തൈറോയ്ഡ് പരിശോധന. കാരണം തൈറോയ്ഡ് പലപ്പോഴും പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നു. ഇത് ആര്‍ത്തവ ചക്രങ്ങളെയും ബാധിക്കുന്നു. അതിനാല്‍, ശരീരത്തിലെ തൈറോയിഡിന്റെ അളവ് ഡോക്ടര്‍ പരിശോധിക്കേണ്ടതുണ്ട്. ഹൈപ്പോതൈറോയിഡിസം അല്ലെങ്കില്‍ ഹൈപ്പര്‍തൈറോയിഡിസം എന്നിവയുണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കണം. ഇത് ഗര്‍ഭധാരണത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിനെ തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടതാണ് അത്യാവശ്യമാണ്.
മറ്റൊന്നാണ് റുബെല്ലയുടെ പരിശോധന. റുബെല്ലയ്ക്കെതിരായ പ്രതിരോധശേഷി പലരിലും കുറയുന്നു. ഇതില്‍ പലപ്പോഴും രോഗപ്രതിരോധം കുറവുള്ള അവസ്ഥയുണ്ടാവുന്നു. രോഗങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി ഇടക്ക് ഒരു ആന്റിബോഡി പരിശോധന നടത്തണം. റുബെല്ല ഗര്‍ഭകാലത്ത് ഗര്‍ഭം അലസലിന് കാരണമാകുന്ന അവസ്ഥയുണ്ടാക്കും. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറുമായി കൂടിയാലോചിച്ച ശേഷം വാക്‌സിനേഷന്‍ എടുക്കണം. എന്നാല്‍ ഗര്‍ഭധാരണത്തിന് മുന്‍പായിരിക്കണം വാക്‌സിന്‍ എടുക്കേണ്ടത്.
നവജാതശിശുവിന് അണുബാധ പകരാതിരിക്കാന്‍ ഹെപ്പറ്റൈറ്റിസ് ബി പരിശോധന നടത്തേണ്ടതാണ്. ഈ പരിശോധന പോസിറ്റീവ് ആയിരുന്നാല്‍ ഗര്‍ഭധാരണത്തിന് മുന്‍പ് വാക്‌സിനേഷന്‍ നടത്തണം. കാരണം ഹെപ്പറ്റൈറ്റിസ് ബാധിച്ചാല്‍ അത് ഗുരുതര അണുബാധ ഉണ്ടാക്കുകയും ഇത് കുഞ്ഞിലേക്ക് പകരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഗൈനക്കോളജിസ്റ്റിനെ കണ്ട് ഇതിനുള്ള സാധ്യതയെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രദ്ധിക്കണം.
പുറമേയുള്ള രോഗങ്ങളേക്കാള്‍ ആന്തരാവയവങ്ങള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും ശ്രദ്ധിക്കണം. ഇത് ജനനേന്ദ്രിയ അവയവങ്ങള്‍ക്കും പെല്‍വിസിനും ഉണ്ടാവുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും മനസ്സിലാക്കുന്നതിനും സഹായിക്കുന്നുണ്ട്. പ്രത്യുല്‍പാദന സംബന്ധമായ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യമായ ചികിത്സയിലൂടെ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു. ശരിയായ ചികിത്സ ലഭിക്കുന്നതിലൂടെ അത് ഗര്‍ഭധാരണത്തിന് സഹായിക്കുന്നു.
രക്തഗ്രൂപ്പ് തിരിച്ചറിയേണ്ടതും അതിനെക്കുറിച്ച് മനസ്സിലാക്കേണ്ടതും ഗര്‍ഭധാരണത്തിന് മുന്‍പ് നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. കാരണം Rh ഘടകം നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്ന് ഗൈനക്കോളജിസ്റ്റ് പരിശോധിക്കുകയും Rh- രക്തഗ്രൂപ്പുള്ള ഒരു സ്ത്രീ Rh+ പങ്കാളിയയിലുള്ള ഒരു കുട്ടിയെ ഗര്‍ഭം ധരിച്ചാല്‍, കുഞ്ഞിന് ഹീമോലിറ്റിക് രോഗം ബാധിച്ചേക്കാവുന്നതിനുള്ള സാധ്യതയെക്കുറിച്ചും മനസ്സിലാക്കേണ്ടതാണ്. ഇത് തലച്ചോറിന് കേടുപാടുകള്‍ വരുത്തുകയും മരണം സംഭവിക്കുകയും ചെയ്യുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.
ഏത് പ്രായക്കാരായാലും ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവരാണെങ്കിൽ, ഭാവിയില്‍ കുഞ്ഞിനും അമ്മക്കും എന്തെങ്കിലും സങ്കീര്‍ണതകള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തതിന് ശേഷം മാത്രം ഗര്‍ഭം ധരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.