ഗര്‍ഭാവസ്ഥയില്‍ ശരീരത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ശാരീരികമായി മാത്രമല്ല മാനസികപരമായും പല വിധത്തിലുള്ള മാറ്റങ്ങളും ശരീരത്തില്‍ സംഭവിക്കുന്നു. ശരീരത്തില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ വളരെ പ്രകടമായതായിരിക്കും. ചിലരില്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ ചര്‍മ്മത്തിന്റെ നിറത്തില്‍ വരെ മാറ്റങ്ങള്‍ വരുത്തുന്നതിന് കാരണമാകുന്നു. മറ്റു ചിലരില്‍ ചര്‍മ്മത്തിന്റെ പല ഭാഗങ്ങളിലും കറുപ്പ് നിറം വര്‍ദ്ധിക്കുന്നു. പലപ്പോഴും ഇത് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നു.
ഗര്‍ഭാവസ്ഥയില്‍ ശരീരം പല മാറ്റങ്ങളിലൂടെയും സഞ്ചരിക്കുന്നു. ഹൈ പിഗ്മെൻറ്റേഷന്റെ ഭാഗമായാണ് പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ ശരീരത്തില്‍ ഉണ്ടാവുന്നത്. ഇത് ഗര്‍ഭകാലം ഓരോ മാസം പിന്നിടുമ്പോഴും ചിലരില്‍ വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ ശരീരത്തിന്റെ ഏതൊക്കെ ഭാഗത്താണ് കറുപ്പ് നിറം കാണപ്പെടുന്നത് എന്നത് കൂടി നോക്കാം. കാരണം ഇത്തരം ഭാഗങ്ങള്‍ പ്രസവവുമായി വളരെ അടുത്ത ബന്ധമുള്ളവയാണ്.
1.മുഖത്ത്-മുഖത്താണ് ആദ്യം ഇത്തരം മാറ്റങ്ങള്‍ കാണപ്പെടുന്നത്. മുഖത്ത് ഇരുണ്ട നിറം ഉണ്ടാവുന്നു. എന്നാല്‍ എല്ലാ ഗര്‍ഭിണികള്‍ക്കും ഇത്തരം മാറ്റങ്ങള്‍ കാണപ്പെടണം എന്നില്ല. ഈ ഇരുണ്ട നിറം പ്രസവശേഷവും മുഖത്ത് കുറച്ച് മാസത്തേക്ക് ഉണ്ടാവുന്നു.
2.സ്തനങ്ങളിലെ മാറ്റങ്ങള്‍-സ്തനങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇതില്‍ പ്രധാനപ്പെട്ടതാണ് നിപ്പിളിനു ചുറ്റുമുള്ള ഏരിയോള എന്ന ഭാഗത്തുണ്ടാവുന്ന കറുപ്പ് നിറം. ഇത് മുന്‍പില്ലാത്തതു പോലെ കറുപ്പ് നിറത്തില്‍ കാണപ്പെടുന്നു. ഇതെല്ലാം പ്രസവത്തോടെ വീണ്ടും മാറുന്നു.
3.സ്വകാര്യഭാഗങ്ങള്‍-സ്വകാര്യഭാഗങ്ങളിലും ഇത്തരം മാറ്റങ്ങള്‍ കാണപ്പെടുന്നു. വജൈനല്‍ എരിയ, മുട്ടുകാല്‍, കൈമുട്ടുകള്‍, കക്ഷം എന്നീ ഭാഗങ്ങളിലും ഇത്തരത്തില്‍ കറുപ്പ് നിറം കാണപ്പെടുന്നു. ഇതെല്ലാം ഗര്‍ഭകാലത്തുണ്ടാവുന്ന മാറ്റങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
4.മറുകിന്റെ നിറം-ചിലർക്ക്മുഖത്തോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തോ ഉള്ള മറുകിന് കറുപ്പ് നിറം കൂടുതല്‍ തോന്നാറുണ്ട്. ഇതും ഗര്‍ഭകാലത്തുണ്ടാവുന്ന മാറ്റങ്ങളില്‍ പ്രധാനപ്പെട്ടതാണ്. മറുകിന് മാത്രമല്ല മുഖത്തുണ്ടാവുന്ന ഫ്രക്കിള്‍സിനും (പുള്ളികൾ) ഇത്തരം മാറ്റങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കുന്നു.
പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ് ഈ കറുപ്പ് നിറം. അതുകൊണ്ട് തന്നെ അതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് പലരും ശ്രദ്ധിക്കുക. എന്നാല്‍ പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ കൂടിയാണ്. എന്നാല്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലവും ഇല്ലാതെ തന്നെ ഇത്തരം മാറ്റങ്ങളെ നമുക്ക് ഇല്ലാതാക്കാം. അതിനായി സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
1.കൂടുതല്‍ വെയില്‍ കൊള്ളുന്നത് കുറക്കുക-കൂടുതല്‍ വെയില്‍ കൊള്ളുന്നവരില്‍ ഈ പ്രശ്‌നം വളരെയധികം വില്ലനായി മാറുന്നുണ്ട്. ഇത് ചര്‍മ്മത്തിന് കൂടുതല്‍ കറുപ്പ് നിറം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വെയില്‍ കൊള്ളുന്നത് പരമാവധി കുറക്കാന്‍ ശ്രദ്ധിക്കുക. രാവിലെ ഇളം വെയില്‍ കൊള്ളുന്നത് നല്ലതാണ്. എന്നാല്‍ അതിനു ശേഷമുള്ള വെയില്‍ ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു.
2.സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം-പുറത്ത് പോവുമ്പോള്‍ എന്തുകൊണ്ടും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇത്തരം അവസ്ഥകള്‍ക്ക് മാറ്റം വരുത്തുന്നതിനും സൂര്യപ്രകാശത്തില്‍ നിന്നുണ്ടാവുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു സണ്‍സ്‌ക്രീന്‍. അതുകൊണ്ട് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
3.ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുക-ചില ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണത്തിന്റെ അഭാവമാണ് പലപ്പോഴും ശരീരത്തില്‍ കറുപ്പ് നിറം വര്‍ദ്ധിക്കുന്നതിന് കാരണമാവുന്നത് എന്നതാണ്. അതിനാൽ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് കറുപ്പ് നിറത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
കറുപ്പ് നിറത്തിന് പരിഹാരം കാണുന്നതിന് ഒരു കാരണവശാലും ചര്‍മ്മത്തിന് നിറം നല്‍കുന്ന തരത്തിലുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കരുത്. കാരണം ഇത് പല വിധത്തില്‍ കുഞ്ഞിനും അമ്മക്കും ദോഷം ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം വസ്തുക്കള്‍ ചര്‍മ്മത്തിലെ കറുപ്പ് മാറ്റാന്‍ ഉപയോഗിക്കുമ്പോള്‍ അത് അല്‍പം ശ്രദ്ധിച്ച് മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. ഇതെല്ലാം ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്നവയാണ്.
മുലയൂട്ടുന്നവരാണെങ്കില്‍ പോലും ഇത്തരം കാര്യങ്ങള്‍ വളരെ ശ്രദ്ധിച്ച് മാത്രമേ ചെയ്യാവൂ. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെക്കൂടി വളരെ ദോഷകരമായാണ് ബാധിക്കുക. അതുകൊണ്ട് ഒരു തരത്തിലുള്ള കോസ്‌മെറ്റിക്കുകളും ഇത്തരം അവസ്ഥയില്‍ ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കാന്‍ പാടില്ല.
ഇത്തരത്തില്‍ കറുപ്പ് നിറം വര്‍ദ്ധിക്കുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സകള്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമായി കാണാന്‍ കഴിയുകയുള്ളൂ. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുക.