Nammude Arogyam
General

തലവേദന സ്ഥിരമാണോ? എങ്കിൽ ഇവയായിരിക്കാം കാരണങ്ങൾ

തലവേദന അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ തലവേദന കാരണം ബുദ്ധിമുട്ടിയ പലരുമുണ്ട്. തലയുടെ ഭാഗത്ത് അല്ലെങ്കില്‍ കണ്ണിന്റെ അവിടെയൊക്കെ ഉണ്ടാകുന്നതാണ് തലവേദന. തലവേദന പലതരത്തിലുണ്ട്, ഇതിന്റെ പ്രധാന കാരണം ടെന്‍ഷന്‍ തന്നെയാണ്. മിക്ക തലവേദനകളും ദോഷകരമല്ലെങ്കിലും ചിലത് ഗുരുതരമായ അടിസ്ഥാന രോഗത്തെ സൂചിപ്പിക്കും. ദിവസവും വിട്ടുമാറാത്ത തലവേദന ഉള്ളവരാണെങ്കില്‍ കൃത്യമായ ചികിത്സ ആരംഭിക്കേണ്ടത് വളരെ അത്യാവശ്യമാണ്. തുടര്‍ച്ചയായുള്ള തലവേദനയുടെ ചില കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1.സൈനസ്-കവിളുകളിലോ നെറ്റിയിലോ അല്ലെങ്കില്‍ മൂക്കിന് മുകളിലോ അതിശക്തമായ വേദനയോടെ ആണ് സൈനസ് തലവേദന ആരംഭിക്കുന്നത്. തടസ്സം അല്ലെങ്കില്‍ ബാക്ടീരിയ വളര്‍ച്ച കാരണം സംഭവിക്കുന്ന അണുബാധയാണ് സൈനസ്. തലയിലെ സൈനസ് അല്ലെങ്കില്‍ അറകള്‍ വീര്‍ക്കുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. മൂക്കൊലിപ്പ്, പനി, മുഖത്തെ നീര്‍വീക്കം തുടങ്ങിയവയെല്ലാം സൈനസ് തലവേദനയ്‌ക്കൊപ്പം ഉണ്ടാകാറുണ്ട്. ഈ സമയത്ത് മൂക്കില്‍ നിന്ന് വരുന്ന മ്യൂക്കസ് മഞ്ഞയോ പച്ചയോ നിറത്തിലായിരിക്കും.

2.നിര്‍ജലീകരണം-നല്ല പോലെ വെള്ളം കുടിക്കാതെ ഇരിക്കുമ്പോഴാണ് നിര്‍ജ്ജലീകരണമുണ്ടാകുന്നത്. ശരീരത്തിന് ആവശ്യമായ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് ഇല്ലാതെ വരുമ്പോള്‍ തലവേദന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. തലകറക്കം, തീവ്രമായ ദാഹം, വരണ്ട വായ എന്നിവ തലവേദനയ്‌ക്കൊപ്പം ഉണ്ടെങ്കില്‍ അത് നിര്‍ജ്ജലീകരണം മൂലമാണ്. വെള്ളം കുടിച്ച് നല്ലപോലെ വിശ്രമിച്ച ശേഷം വേദനസംഹാരികള്‍ കഴിക്കുന്നത് ഗുണം ചെയ്യും

3.ചെന്നികുത്ത്-തലവേദനയില്‍ ഏറ്റവും സഹിക്കാന്‍ പറ്റാത്തതാണ് മൈഗ്രേന്‍ (ചെന്നികുത്ത്) തലവേദന. ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുന്നത് പോലെയാണ് മൈഗ്രേന്‍ തലവേദന. മാസത്തില്‍ ഒന്നോ അല്ലെങ്കില്‍ അതില്‍ കൂടുതലോ തലണ സംഭവിക്കുകയും നാല് മണിക്കൂര്‍ മുതല്‍ മൂന്ന് ദിവസം വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നതാണ് മൈഗ്രേന്‍ തലവേദന. പ്രകാശം, ശബ്ദം, അല്ലെങ്കില്‍ ഗന്ധം എന്നിവയോടുള്ള സംവേദനക്ഷമത, ഓക്കാനം ഛര്‍ദ്ദി, വിശപ്പില്ലായ്മ, വയറുവേദന എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

4.വിശപ്പ്-അമിതമായ വിശപ്പും തലവേദനയ്ക്ക് കാരണമാകാറുണ്ട്. ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുക അല്ലെങ്കില്‍ ഒരു നേരം ഭക്ഷണം കഴിക്കാന്‍ കഴിയാതെ വരിക എന്നീ സമയങ്ങളിലും തലവേദന ഉണ്ടാകാം. കൂടുതല്‍ കലോറി ഉപഭോഗം മാത്രമാണ് ഇത് മാറ്റാനുള്ള ഏക പരിഹാരം.

5.പി ടി എസ് ഡി-തലയ്ക്ക് പരിക്കേറ്റ് രണ്ടോ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമോ പോസ് ട്രോമാറ്റിക് സ്‌ട്രെസ് തലവേദന സാധാരണയായി കാണപ്പെടാറുണ്ട്. സ്ഥിരമായി അസ്വസ്ഥത അനുഭവപ്പെടുകയും ചില സമയം ഇത് വഷളാകുകുയം ചെയ്യാം. തലകറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഓര്‍മ്മക്കുറവ്, പെട്ടെന്നുള്ള ക്ഷീണം, ദേഷ്യം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് മെച്ചപ്പെട്ടില്ലെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം.

6.വര്‍ക്കൗട്ട്‌സ്-വ്യായാമം ചെയ്യുമ്പോള്‍ തലയോട്ടിയിലെയും കഴുത്തിലെയും തലയിലെയും പേശികള്‍ക്ക് കൂടുതല്‍ രക്തം ആവശ്യമാണ്. ഇതിന്റെ വിതരണത്തിനായി രക്തക്കുഴലുകള്‍ വലുതാകുന്നു. ഇത് മൂലം തലയുടെ ഇരുവശത്തും സ്പന്ദനത്തോട് കൂടിയ തലവേദന ഉണ്ടാകുന്നു. ഇത് 48 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം. വ്യായാമം ചെയ്യുമ്പോഴോ അല്ലെങ്കില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണെങ്കിലും ഈ തലവേദന ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ദിവസവും വിട്ടുമാറാതെ തലവേദന ഉള്ളവരാണെങ്കില്‍ അതിനെ നിസ്സാരമാക്കാതെ കൃത്യമായ ചികിത്സ ആരംഭിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതൽ സങ്കീർണ്ണതകളിലേക്ക് എത്തിക്കും.

Related posts