Nammude Arogyam
Covid-19General

കൊറോണവൈറസ് എന്ന കുഞ്ഞൻ വൈറസ് 2020ൽ വാരിവിതറിയ മാറ്റങ്ങൾ

2020 എന്ന ഈ മഹാവർഷം അവസാനിക്കാറായിരിക്കുന്നു. ഈയൊരു വർഷം ഏതൊരാൾക്കും മറ്റ് വർഷങ്ങളിൽ നിന്നും ഏറ്റവും വ്യത്യസ്തമായ ഒന്നായിരിക്കുമെന്ന കാര്യം ആരോടു ചോദിച്ചാലും പറഞ്ഞു തരും. കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊറോണ വൈറസ് രോഗവ്യാപനം നമ്മുടെയെല്ലാം ജീവിതത്തെ പൂർണ്ണമായും പിടിച്ചുകുലുക്കി തകിടം മറിച്ചുവെന്ന് പറയാം. ആളുകളെ വീടിനുള്ളിൽ തന്നെ പിടിച്ചിരുത്തിയ ലോക്ക്ഡൗൺ ദിനങ്ങളും, ഹോം ക്വാറൻ്റെൻ ദിനങ്ങളും ഒക്കെ ഈ വർഷത്തെ മറക്കാനാവാത്ത ഓർമ്മകളാണ്.

കൊറോണ വൈറസിൻ്റെ കടന്നുവരവോടെ ഈയൊരു വർഷത്തിൽ നമ്മുടെയെല്ലാം ദൈനംദിന ജീവിതചര്യകളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നു ചേർന്നിട്ടുണ്ട്. ഇതിൽ ചിലതിനെ നല്ലതായി കണക്കാകാനാവുമ്പോൾ മറ്റുചിലത് നമുക്കത്ര ഇഷ്ടപ്പെടുന്നതാവുന്നില്ല. വിനോദങ്ങളും സന്തോഷങ്ങളും ഒക്കെ അല്പം കുറഞ്ഞെങ്കിലും കുറച്ച് നല്ല കാര്യങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. 2020 എന്ന ഈയൊരു കൊറോണ വർഷക്കാലം നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് നോക്കാം.

1.മാസ്കുകളുടെ മാസ്സ് കടന്നുവരവ്

മുൻപൊന്നും നമ്മളത്ര ശ്രദ്ധിക്കാതെയിരുന്ന മാസ്ക് ആണ് ഈ മഹാമാരിയുടെ കാലത്തെ നമ്മുടെ ഹീറോ. ഒന്ന് പുറത്തിറങ്ങണമെങ്കിൽ പോലും ഇപ്പോൾ മാസ്ക് നിർബന്ധമാണ്. ആദ്യമൊക്കെ ഇതല്പം വിചിത്രമായി തോന്നിയിരുന്നെങ്കിലും ഇന്നത് എല്ലാവരുടെയും ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറി കഴിഞ്ഞു. ഡിമാൻഡ് വർദ്ധിച്ചതോടെ മാസ്കുകൾ ഇപ്പോൾ ഫാഷൻ്റെ ഭാഗം പോലുമായി മാറി കഴിഞ്ഞു. പല നിറത്തിലുള്ളതും വസ്ത്രങ്ങൾക്ക് അനുയോജ്യമായതുമൊക്കെയായ മാസ്ക്കുകൾ ആളുകൾ ഇന്ന് തിരഞ്ഞു പോകുന്നുണ്ട്.

2.അഭിവാദ്യങ്ങൾ

കൊറോണയ്‌ക്ക് മുൻപുള്ള ദിവസങ്ങളിൽ ഹാൻഡ്‌ഷെയ്ക്കുകൾ, ഹൈ ഫൈവ്സ്, ആലിംഗനങ്ങൾ ആശംസകൾ എന്നിവയുടെ രൂപത്തിലായിരുന്നു അഭിവാദ്യങ്ങളെങ്കിൽ, ഇന്ന് അതൊന്നുല്ല. വ്യക്തിപരമോ, തൊഴിൽപരമോ ഏതായാലും തമ്മിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമാണ് ഇന്നത്തെ അഭിവാദ്യങ്ങൾ എല്ലാം. കൊറോണ വൈറസ് വ്യാപനത്തിൻ്റെ ദിനങ്ങൾ വന്നെത്തിയതോടെ ആളുകൾ വാക്കാലുള്ള അഭിവാദ്യങ്ങളിലേക്കും പരമ്പരാഗതമായ നമസ്‌തേ പറച്ചിലുകളിലേക്ക് ഒക്കെ മാറുകയും, ശാരീരികമായി ബന്ധപ്പെടാത്ത രീതിയിൽ ആളുകളെ അഭിവാദ്യം ചെയ്യുന്നതിനുള്ള നൂതന മാർഗങ്ങൾ കണ്ടെത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.

3.തിരക്കു കുറഞ്ഞ ജിവിതം

പണ്ടൊക്കെ റോഡിലിറങ്ങി എവിടെ നോക്കിയാലും, ഏത് സ്ഥലവും എല്ലായ്പ്പോഴും ആളുകളാൽ നിറഞ്ഞിരുന്നു. തിരക്കേറിയ സമയങ്ങളിൽ, തിരക്കുപിടിച്ച് നടപ്പാതകളിലൂടെ നടക്കുന്നത് എല്ലായ്പ്പോഴും ഒരു പ്രശ്നമായിരുന്നു. അതൊക്കെ ഇന്ന് പൂർണ്ണമായും മാറി. ലോക്ക്ഡൗൺ സമയങ്ങളിൽ ലോകത്തെ ഏറ്റവും തിരക്കേറിയ തെരുവുകൾ പോലും ശൂന്യമായത് നമ്മൾ കണ്ടതാണ്. രോഗത്തെ പേടിച്ച് മിക്ക ആളുകളും വീടിനകത്ത് തന്നെ ചിലവഴിക്കാൻ തുടങ്ങിയതിനാൽ ഇപ്പോൾ പുറത്തേക്കിറങ്ങുമ്പോഴെല്ലാം പല റോഡുകളും ശൂന്യമാണ്.

4.ഷോപ്പിംഗ്

പണ്ടൊക്കെ ഒരു കടയിൽ സാധനം വാങ്ങാൻ കയറിയാൽ അതു വേണോ അല്ലെങ്കിൽ ഇതു വേണോ എന്നൊക്കെ ചിന്തിച്ച് സമയം ഒരുപാട് കളയും. അതുപോലെതന്നെ പ്രിയപ്പെട്ട വസ്ത്രങ്ങൾ, ഷൂസുകൾ, പലചരക്ക് സാധനങ്ങൾ എന്നിവയ്‌ക്കായി തോന്നുമ്പോഴെല്ലാം ഷോപ്പിംഗ് നടത്തുകയും ചെയ്യാറുണ്ട്. എന്നാൽ ഈ വർഷത്തെ നമ്മുടെ ഷോപ്പിംഗ് അനുഭവം ഇതൊന്നും ആയിരുന്നില്ല. ഷോപ്പിംഗ് രീതികൾ അവശ്യവസ്തുക്കളിലേക്ക് മാത്രമായി ചുരുങ്ങി.

5.ഭക്ഷണശീലം

മുൻപത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയിൽ നമ്മുടെ ഭക്ഷണശീലവും അല്പം കടുപ്പമേറിയതായയിരുന്നു. ഓർഡർ ചെയ്ത പിസയും, റസ്റ്റോറൻ്റിലെ ഇഷ്ട ഭക്ഷണങ്ങളുമൊക്കെ ആയിരിക്കും രുചിമുകുളങ്ങൾക്ക് ആനന്ദം പകരുക. എന്നാൽ ഈ ദിനങ്ങളിൽ എല്ലാവരും വീടുകൾ തന്നെ ഒരു റെസ്റ്റോറൻ്റായും, കഫേയായും മാറ്റി. ഇറ്റാലിയൻ ഡാൽഗോണ കോഫി മുതൽ പിസ്സ, പാസ്ത, ഐസ്ക്രീം, തുടങ്ങി ഈ ലോകത്ത് എന്തെല്ലാം വിഭവങ്ങളുണ്ടോ അതെല്ലാം എല്ലാവരും വീട്ടിൽ തന്നെ പരീക്ഷണം ആരംഭിച്ചു. വീട്ടിൽ തന്നെ പാചകം ചെയ്തെടുക്കുന്നതിനാൽ ആളുകൾ പതിവായി പുറത്തുപോയി ഭക്ഷണം കഴിക്കാൻ ചെലവഴിക്കുന്ന പണവും ലാഭമായി തുടങ്ങി.

6.ആഘോഷങ്ങൾ

മുൻപൊക്കെ എല്ലാവരും വാരാന്ത്യ ദിനങ്ങൾ വന്നെത്താനായി കാത്തിരിപ്പായിരുന്നു എല്ലാവരും. വാരാന്ത്യ ദിനങ്ങൾ അടിച്ചുപൊളിക്കാനായി പരിപാടികൾ നേരത്തെ തന്നെ എല്ലായിടത്തും പ്ലാൻ ചെയ്‌തു വയ്ക്കും. ഒന്നുകിൽ ഒരു അടിപൊളി ട്രിപ്പ്, അതല്ലെങ്കിൽ ഇഷ്ട ഭക്ഷണങ്ങൾ എല്ലാമായി ഒരുഗ്രൻ പാർട്ടി. എന്നാൽ ഈ വർഷം ഇതൊക്കെ മാറ്റിമറിച്ചു. ഒന്നു തിരിഞ്ഞു നോക്കിയാൽ ഈ വർഷത്തിലെ മിക്കവാറും വാരാന്ത്യങ്ങളിലെല്ലാം എല്ലാവരും വീട്ടുജോലികൾ, പാചകം എന്നിവയിലെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിലേക്ക് വഴിതിരിച്ചു വിട്ടിട്ടുണ്ടാകും.

7.ജോലികൾ മാറി

ഈ വർഷത്തിൽ വന്നു ചേർന്ന മറ്റൊരു പ്രധാന മാറ്റങ്ങളിലൊന്ന് വീട്ടിൽ തന്നെയിരുന്നുകൊണ്ടുള്ള ജോലി സാധ്യതകളുടെ പ്രയോജനപ്പെടുത്തലുകളാണ്. വിദ്യാർത്ഥികൾക്കായി പോലും ഈ ദിനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. മീറ്റിംഗുകളും പ്രഭാഷണങ്ങളുമൊക്കെ ഇപ്പോൾ കോൺഫറൻസിലൂടെയും വീഡിയോ കോളുകളിലൂടെയുമാണ് നടത്തപ്പെടുന്നത്. വീട്ടിലിരുന്നുള്ള ജോലി ആളുകളെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അനുവദിക്കുന്നു. അതു മാത്രമല്ല ജോലിസ്ഥലത്തേക്കും മറ്റും യാത്ര ചെയ്യുന്നതിനായി ആളുകൾക്ക് സമയം ചെലവഴിക്കേണ്ടി വരുന്നില്ല. വൈറസ് വ്യാപനം കുറഞ്ഞ ശേഷവും ചില കമ്പനികൾ അവരുടെ ജീവനക്കാർക്കായി വീട്ടിൽ നിന്ന് തന്നെ ജോലി തുടരാൻ അനുവദിക്കുന്നുണ്ട്.

8.കൈ കഴുകൽ

കൊവിഡ് 19 വ്യാപനത്തിൻ്റെ ഭാഗമായി സംഭവിച്ച ഏറ്റവും മികച്ച മാറ്റങ്ങളിലൊന്ന് വ്യക്തി ശുചിത്വത്തിൽ വന്നുചേർന്ന മെച്ചപ്പെടലുകളാണ്. കൈ കഴുകാൻ ഇഷ്ടപ്പെടാത്തവരും, എൻ്റെ കയ്യിൽ അഴുക്കൊന്നുമില്ല എന്ന് വീമ്പു പറഞ്ഞിരുന്നവരുമെല്ലാം ഇപ്പോൾ ഒരു ദിവസം ഒന്നിലധികം തവണ കൈകൾ കഴുകുന്നു. സാനിറ്റൈസറുകളുടെ പെട്ടെന്നുള്ള ഡിമാൻഡ് വർദ്ധനവ് പോലും എപ്പോഴും കൈകൾ ശുദ്ധമാക്കി വയ്ക്കുന്നതിൻ്റെ ആവശ്യകതയെ ചൂണ്ടികാണിക്കുന്നുണ്ട്. മുൻപ് കൈ കഴുകാനായി ചെലവഴിക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയമെടുത്ത് വളരെ ശ്രദ്ധയോടെയാണ് നമ്മളെല്ലാവരും ഇന്ന് കൈകൾ കഴുകുന്നത്.

9.സൗഹൃദങ്ങൾ പഴയപോലെ

കൊറോണ വന്ന ശേഷം സാമൂഹിക ഇടപെടലുകൾ കുറഞ്ഞുവെങ്കിലും നമ്മുടെ സൗഹൃദങ്ങളിൽ കുറവൊന്നും വന്നില്ല. കഫേകളിലും റെസ്റ്റോറന്റുകളിലും നമ്മുടെ സുഹൃത്തുക്കളുമായി സംവദിക്കുന്നത് കുറഞ്ഞെങ്കിൽ പോലും, വെർച്വൽ രീതികളിൽ എല്ലായ്പ്പോഴും സുഹൃത്തുക്കളോടൊപ്പം അടുപ്പം കണ്ടെത്താനും സമയം ചെലവഴിക്കാനും അവസരമുണ്ടായി. ഇപ്പോൾ പലരും വീഡിയോ കോളുകളിലൂടെ തമ്മിൽ കണ്ടുമുട്ടുന്നു. തീയറ്ററുകളിൽ ഒരുമിച്ച് പോയി സിനിമ കാണുന്നത് മാറി വീട്ടിൽ തന്നെയിരുന്നു നെറ്റ്ഫ്ലിക്സ് പാർട്ടി പോലുള്ള വെർച്വൽ രീതികളിലൂടെ വിനോദങ്ങൾ കണ്ടെത്തുന്നത് ഫലപ്രദമായി ഉപയോഗിക്കുന്നതിലേക്ക് മാറി.

കഴിയാറായ ഈ ഒരു വർഷത്തിൽ കൊറോണ വൈറസ് എന്ന മഹാമാരി നമ്മുടെയെല്ലാം ജീവിതത്തിൽ ചെറുതെങ്കിലും വലിയ ചില മാറ്റങ്ങൾ വാരിവിതറിയിട്ടുണ്ട്. ഇതിനനുസൃതമായി ചെറിയ ചില ശുചിത്വ മാറ്റങ്ങൾ മുതൽ വലിയ സാമ്പത്തിക മാറ്റങ്ങൾ വരെ ഇപ്പോൾ നമ്മുടെയെല്ലാം ജീവിതശൈലിയിൽ പ്രകടമാകുന്നുമുണ്ട്. നല്ല മാറ്റങ്ങളോട് പൊരുത്തപ്പെട്ടു കൊണ്ട് വരാനിരിക്കുന്ന വർഷത്തെ പ്രതീക്ഷയോടെ നമുക്ക് വരവേൽക്കാം.

Related posts