സ്ത്രീയെ സംബന്ധിച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ് അമ്മയാകുക എന്നത്. മാതൃത്വം എന്നത് ഒരു അനുഗ്രഹമാണ്. ഗര്‍ഭധാരണം ചിലര്‍ക്കെങ്കിലും എളുപ്പമുള്ള കാര്യമാകില്ല. നൊന്തു പ്രസവിച്ച കുഞ്ഞിനെ പുറം തള്ളുന്ന കാഴ്ചകള്‍ക്കൊപ്പം ഒരു കുഞ്ഞിക്കാല്‍ കാണാന്‍ കണ്ണീരും പ്രാര്‍ത്ഥനകളും ചികിത്സകളുമായി നടക്കുന്നവരും നമ്മുടെ സമൂഹത്തില്‍ കുറവല്ല.
കുഞ്ഞിന്റെ അമ്മയാവുക എത്ര സന്തോഷമുള്ള കാര്യമാണ്. ഗർഭിണിയെന്ന് അറിയുമ്പോൾ മുതൽ പതിവു ജീവിതരീതികളെല്ലാം ഉപേക്ഷിച്ചു വിശ്രമം എടുക്കേണ്ടതില്ല. അതേ സമയം പഴയതു പോലെ ഓടി നടന്നു ജോലികൾ ചെയ്യുകയും വേണ്ട.
അമ്മയാകാൻ തയ്യാറെടുക്കുമ്പോൾ
🔸ഹീമോഗ്ലോബിന്റെ സാധാരണ (12-15.5) അളവ് നിലനിർത്തുക.
🔸അനുയോജ്യമായ ശരീരഭാരം നിലനിർത്തുക.
🔸പ്രതിരോധശേഷി വർദ്ധിപ്പിക്കുക.
🔸ജീവിതശൈലി രോഗങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തുക.
🔸വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ, ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക.
🔸നല്ല ആരോഗ്യത്തിനായി വ്യായാമം ചെയ്യുക.
🔸ജനന വൈകല്യങ്ങൾ, ഗർഭം അലസൽ, മറ്റ് പ്രശ്നങ്ങൾ എന്നിവയുമായി ബന്ധമുള്ള കാരണങ്ങൾ ഒഴിവാക്കുക.
🔸രാസ വസ്തുക്കളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
🔸ബാത്ത് റൂം സ്ക്രബ് ചെയ്യുക, വളർത്തു മൃഗങ്ങളെ വൃത്തിയാക്കുക തുടങ്ങിയ ജോലികളിൽ നിന്നും മാറി നിൽക്കുക.
🔸ചടുള്ള അടുപ്പിന് സമീപം ദീർഘനേരം നിൽക്കുന്നത് കഴിയുന്ന രീതിയിൽ ഒഴിവാക്കുക.
🔸കോഫിയുടെ ഉപയോഗം കുറക്കുക.
🔸ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നവർ ആണെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശങ്ങൾ തേടുക.
ആദ്യ മാസങ്ങളിൽ പോഷകങ്ങളുടെ കുറവുണ്ടായാൽ അതു കുഞ്ഞിന്റെ ബുദ്ധിയും വളർച്ചയും മുരടിക്കുന്നതിനു കാരണമാകും. വൈറ്റമിൻ ബി കോപ്ലക്സ് ഗ്രൂപ്പിൽപ്പെട്ട പോഷകമാണു ഫോളിക് ആസിഡ് (വൈറ്റമിൻ ബി–9 അഥവാ ഫോളേറ്റ്). ഓറഞ്ച്, സ്ട്രോബറി തുടങ്ങിയ പഴങ്ങള്‍, തവിടോടു കൂടിയ ധാന്യങ്ങൾ, പരിപ്പ്– പയറു വർഗ്ഗങ്ങൾ, പാലക് ചീര, ബ്രോക്കോളി എന്നിവയിൽ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. പക്ഷേ ഛർദിയും അസ്വസ്ഥതകളും കാരണം പോഷണം വേണ്ടത്ര കിട്ടിയെന്നു വരില്ല. അതു കൊണ്ട് ഫോളിക് ആസിഡ് ഗുളിക കഴിക്കണം.
ഗർഭിണികളിൽ വിളർച്ച സ്ഥിരമാണ്. ഗർഭിണിക്കു വേണ്ടി വരുന്ന അധിക കാൽസ്യമായ 30 ഗ്രാമില്‍ 27.5 ഗ്രാമും ഗർഭസ്ഥശിശുവിന്റെ ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. കുഞ്ഞിനാവശ്യമായ കാൽസ്യം ലഭിച്ചില്ലെങ്കിൽ അമ്മയുടെ എല്ലുകളിൽ നിന്ന് അത് വലിച്ചെടുക്കും. ആതുകൊണ്ട് കാൽസ്യം, അയൺ, വൈറ്റമിൻ ഗുളികകൾ ഡോക്ടറുടെ നിർദേശാനുസരണം കഴിക്കണം.
ഗർഭിണി ‘രണ്ടുപേർക്കുള്ളതു കഴിക്കണ’മെന്നാണ് കാരണവൻമാർ പറയാറ്. ഇതിനു ഭക്ഷണത്തിന്റെ അളവു കൂട്ടണമെന്നല്ല, പോഷണം കൂട്ടണമെന്നാണ് അർത്ഥം. ചോറിന്റെ അളവു കുറച്ച് കറികൾ കൂടുതൽ കഴിക്കുക ചെറിയ അളവിൽ ആറുനേരം ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. കാപ്പിയും ചായയും ഒഴിവാക്കി ആ നേരങ്ങളിൽ പഴച്ചാറുകൾ കഴിക്കാം. ഇലക്കറികൾ, ചുവന്ന ഇറച്ചി, പയർവർഗ്ഗങ്ങൾ, പാൽ, മത്സ്യ വിഭവങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മാംസഭക്ഷണവും മധുരവും അധികമാകാതെ ശ്രദ്ധിക്കണം. ചൈനീസ് ഭക്ഷണവും കൃത്രിമ നിറം ചേർത്തവയും പൂർണമായും ഒഴിവാക്കണം.
രക്തസ്രാവം, അംനിയോട്ടിക് ഫ്ലൂയിഡ് ലീക്ക് തുടങ്ങി എന്തുണ്ടായാലും ഉടൻ ഡോക്ടറുടെ സഹായം തേടണം. മനംപിരട്ടലും തലകറക്കവും ഒപ്പം ഛർദിയും ഉണ്ടാകുക, കാഴ്ച മങ്ങുകയോ വസ്തുക്കൾ ഇരട്ടയായികാണുകയോ ചെയ്യുക തുടങ്ങിയവയും നിസ്സാരമായി കാണരുത്. കുഞ്ഞിന്റെ ചലനങ്ങൾ അഞ്ചാം മാസം മുതൽ അനുഭവപ്പെട്ടു തുടങ്ങും. കുഞ്ഞിന്റെ ചലനം കുറയുന്ന പക്ഷം ഡോക്ടറെ സമീപിക്കണം. ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കുന്ന ഏതു മരുന്നും ഗർഭസ്ഥശിശുവിനെ ബാധിക്കാം. ഏതെങ്കിലും രോഗത്തിനു പതിവായി മരുന്നു കഴിച്ചുകൊണ്ടിരിക്കുന്നവർ ഗർഭവതിയാകും മുൻപു തന്നെ ഡോക്ടറുടെ ഉപദേശം തേടണം.
ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ ഒരു സ്ത്രീ, ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. സ്വയം സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം ഒരു അമ്മയാകേണ്ടതിന്റെ എല്ലാ മുന്നൊരുക്കവും അവൾ നടത്തേണ്ടതുണ്ട്.
അതിൽ പ്രധാനപ്പെട്ടതാണ് ഭക്ഷണ രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ. വർത്തമാന കാലവും, ഭാവി കാലവും ഭക്ഷണ രീതിയിൽ മാറ്റങ്ങൾ അനിവാര്യമാണ്. പ്രത്യേകിച്ചും അമ്മയാകാൻ തയ്യാറെടുക്കുമ്പോൾ സ്വയം അതിനുള്ള കാര്യപ്രാപ്തി നേടണം. പ്രധാനമായും ധാരാളം പോഷകം അടങ്ങിയ ഭക്ഷണ ക്രമങ്ങൾ സ്വീകരിക്കണം. നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതോടൊപ്പം തന്റെ ശരീരത്തിനെ ബലവും ശക്തിയും നൽകി പുഷ്ട്ടിപ്പെടുത്തണം.
ഗർഭിണിയുടെ ഒരു ദിവസത്തെ മാതൃകാ ഭക്ഷണക്രമം
8.00 – പ്രഭാതഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ്സ് പാൽ. ആഴ്ചയിൽ രണ്ടോ മൂന്നോ മുട്ട കഴിക്കാം. 10.00 – ഫ്രഷ് ജ്യൂസ് / മോരുവെള്ളം / നാരങ്ങാവെള്ളം ഒരു ഗ്ലാസ്സ്. അല്ലെങ്കിൽ സാലഡ്. 12.00 –ചോറ് ഒരു കപ്പ് അല്ലെങ്കിൽ ചപ്പാത്തി. പച്ചക്കറികൾക്കൊപ്പം ഇറച്ചി / മീൻ അല്ലെങ്കിൽ കട്ടത്തൈര് 4.00 – ചായയ്ക്കൊപ്പം സ്നാക്സ് അല്ലെങ്കിൽ പുഴുങ്ങിയ ഏത്തപ്പഴം. രാത്രി 8.00 – ചോറ് ഒരു കപ്പ് അല്ലെങ്കിൽ 3 ചപ്പാത്തി 10.00 – പാൽ ഒരു ഗ്ലാസ്സ്.
1. പാൽ / തൈര് – രണ്ടു ഗ്ലാസ്സ്
2. പയർ, മുട്ട, മൽസ്യം, മാംസം, കടല – ഒരു തവണ
3. പഴങ്ങൾ / പഴച്ചാറ് – ഒന്നിലധികം തവണ
4. പച്ചക്കറികൾ – ഒന്നിലധികം തവണ
5. കൊഴുപ്പ് / എണ്ണ – ഒരു ടീസ്പൂൺ
കൃത്യമായ വൈദ്യ പരിശോധനകളും ജീവിത ശൈലിയും ഉണ്ടെങ്കിൽ ഗര്‍ഭകാലം ആനന്ദകരമായി കടന്നുപോകും.