ഇന്നത്തെ കാലത്ത് ഫോണ്‍, പ്രത്യേകിച്ചും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ അധികം കാണില്ലെന്ന് തന്നെ പറയാം. എപ്പോഴും ഫോണില്‍ പരതിക്കൊണ്ടിരിയ്ക്കുന്നവരാണ് പലരും. എവിടെ നോക്കിയാലും ഇതാണ് പൊതുവായ കാഴ്ചയും. ഏറെ ഗുണങ്ങള്‍ ഇത്തരം മൊബൈല്‍ ഫോണ്‍ നല്‍കുന്നുവെങ്കിലും ഒപ്പം ദോഷവുമുണ്ടെന്നതാണ് വാസ്തവം. ആരോഗ്യപരമായ കാര്യങ്ങളെടുത്താല്‍ ഇതില്‍ നിന്നും വരുന്ന റേഡിയേഷനുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവർക്കും ആരോഗ്യകരമല്ലെന്ന് പറയാം.
ഗര്‍ഭകാലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണെന്ന് പറയും. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തെ അടിസ്ഥാനമാക്കിയാണ് ഇത് പറയുന്നത്. എന്നാല്‍ ഇത് മുലയൂട്ടുന്ന അമ്മമാര്‍ക്കും ബാധകമാണെന്നും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷങ്ങൾ ഉണ്ടാക്കുമെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
പല അമ്മമാരും മുലയൂട്ടുന്ന സമയത്ത് വരെ സ്മാര്‍ട്ട് ഫോണില്‍ നോക്കിയിരിയ്ക്കുന്നവരാണ്. ഇത് തികച്ചും അനാരോഗ്യകരമായ കാര്യമാണ്. മുലയൂട്ടല്‍ എന്നത് കുഞ്ഞിനുള്ള കേവലം ഭക്ഷണം എന്നതു മാത്രമല്ല, അമ്മ-കുഞ്ഞ് ബന്ധം ഊട്ടിയുറപ്പിയ്ക്കുന്ന ഒന്നു കൂടിയാണ്. മുലയൂട്ടല്‍ സമയത്ത് അമ്മ ഫോണ്‍ നോക്കുമ്പോള്‍ ഇവര്‍ തമ്മിലുള്ള ഇത്തരം സൈക്കോളജിക്കല്‍ അടുപ്പത്തെയാണ് ഇത് ബാധിയ്ക്കുന്നത്. പാലൂട്ടുമ്പോള്‍ അമ്മയും കുഞ്ഞും തമ്മില്‍ മുഖത്തോട് മുഖം എന്ന രീതിയില്‍ നിന്നും മാറുന്നത് കുഞ്ഞിനോടുള്ള ശ്രദ്ധക്കുറവിന് കാരണമാകുന്നു. മാത്രമല്ല, പാലുല്‍പാദനത്തെ വരെ ഇത് ബാധിയ്ക്കാന്‍ സാധ്യതയുണ്ട്.
മൊബൈല്‍ നോക്കിയിരിയ്ക്കുമ്പോള്‍ അമ്മയുടെ പൊസിഷന്‍ ശരിയാകണമെന്നില്ല. ഇത് കുഞ്ഞിന് വേണ്ട വിധത്തില്‍ പാല്‍ കുടിയ്ക്കാനും തടസമാകുന്നു. മാത്രമല്ല, അമ്മയ്ക്ക് നടുവേദന പോലുള്ള പ്രശ്‌നങ്ങളും ഇതുണ്ടാക്കുന്നു. കുഞ്ഞിന് മുലപ്പാല്‍ കുടിയ്ക്കുന്ന സംതൃപ്തി ലഭിയ്ക്കുന്ന പ്രക്രിയയ്ക്ക് തടസം നില്‍ക്കുമ്പോള്‍ അമ്മയ്ക്ക് ഇത് ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്ക് വഴിയൊരുക്കുകയാണ് ചെയ്യുന്നത്. പാല്‍ വേണ്ട വിധത്തില്‍ ലഭിയ്ക്കാത്തത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുന്നു. വിശപ്പ് മാറാത്തത് കുഞ്ഞിന്റെ ഉറക്കത്തേയും ബാധിയ്ക്കുന്നു.
കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് ഭക്ഷണം എന്ന ഘടകം മാത്രമല്ല, ചുറ്റുപാടുകളും അമ്മയുടെ ശ്രദ്ധയുമെല്ലാം തന്നെ പ്രധാന പങ്ക് വഹിയ്ക്കുന്നു. മുലപ്പാല്‍ കുടിയ്ക്കുന്നതിലൂടെ കുഞ്ഞിന് അമ്മയുമായുള്ള അടുപ്പം വയ്ക്കുകയെന്ന സൈക്കോളജിക്കല്‍ ഘടകം കൂടിയുണ്ട്. സംസാരിച്ച്, കൊഞ്ചിച്ച് പാല്‍ നല്‍കുന്നത് കുഞ്ഞിന് മാനസികമായ ഗുണങ്ങള്‍ നല്‍കുന്നു, അമ്മയോടുള്ള അടുപ്പം ഊട്ടിയുറപ്പിയ്ക്കുന്ന ഒന്നു കൂടിയാണിത്.
പാല്‍ കൊടുക്കുമ്പോള്‍ ഫോണില്‍ ശ്രദ്ധ പോകുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ തടസപ്പെടുന്നു. അമ്മയുടെ ഉത്തരവാദിത്വത്തെ തന്നെ ഇത് ബാധിയ്ക്കുന്നതായി ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതെക്കുറിച്ച് ഇപ്പോഴും കാര്യമായ പഠനങ്ങള്‍ ഒന്നും നടന്നിട്ടില്ല. എന്നിരുന്നാൽ പോലും മുലയൂട്ടുന്ന സന്ദർഭങ്ങളിൽ മൊബൈൽ ഉപയോഗം കുറക്കുക. കാരണം നമ്മുടെ കുഞ്ഞിനോളം വലുതല്ലലോ മറ്റൊന്നും തന്നെ.