കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തില്‍, കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് നാം കണ്ടത്. ജനിതക മാറ്റങ്ങള്‍ക്ക് വിധേയമായ ആല്‍ഫ, ഗാമ, കാപ്പ, ഡെല്‍റ്റ തുടങ്ങിയ കോവിഡ് വകഭേദങ്ങളാണ് നിലവിലുള്ള കോവിഡിന്റെ അവസ്ഥ ഗുരുതരമാക്കുന്നത് എന്നാണ് വിലയിരുത്തല്‍. പല തരത്തിലുള്ള അസുഖങ്ങളുള്ളവരെ കോവിഡ് വൈറസ് കൂടുതലായി ആക്രമിക്കുന്നുവെന്ന് നമുക്കറിയാം. അതില്‍ പ്രധാനമായും അപകട സാധ്യതയുള്ള ഗ്രൂപ്പില്‍ പെട്ടവരാണ് പ്രമേഹരോഗികള്‍.
പ്രമേഹ രോഗികളും കോവിഡും തമ്മിലുള്ള ബന്ധം വൈറസിന്റെ ആദ്യകാലം മുതല്‍ക്കേ ചര്‍ച്ചയായിട്ടുള്ളതാണ്. വൈറസ് ബാധിച്ചാല്‍ പ്രമേഹ രോഗികള്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നുവെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കഠിനമായ കോവിഡ് ലക്ഷണങ്ങള്‍ മുതല്‍ മ്യൂക്കോര്‍മൈക്കോസിസ് അണുബാധയുടെ അപകടസാധ്യത വരെ ഇവരിലുണ്ടാകാം. ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ പ്രമേഹ രോഗികള്‍ക്ക് അവരുടെ അവസ്ഥ കൈകാരം ചെയ്യാന്‍ അല്‍പം ബുദ്ധിമുട്ടാകുന്നു.
ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ കോവിഡ് വാക്‌സിനുകള്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നതായി നിലവില്‍ റിപ്പോര്‍ട്ടുകളില്ല. പല പ്രമേഹ രോഗികളും കോവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ട്, കൂടാതെ വാക്‌സിന്‍ ലഭിക്കുന്ന എല്ലാവരിലും സാധാരണമായ പാര്‍ശ്വഫലങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുള്ളൂ. വൈറസിനെതിരെ സ്വയം പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ യോഗ്യതാ മാനദണ്ഡത്തില്‍ വരുന്ന എല്ലാവരും തയാറാകണമെന്ന് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്. മൂന്നാം തരംഗ സാധ്യത മുന്നില്‍ കണ്ട് എല്ലാവരും പ്രതിരോധ കുത്തിവയ്പ്പിന് മുന്‍ഗണന നല്‍കേണ്ടത് പ്രധാനമാണ്.
കൊറോണ വൈറസ് വാക്‌സിനേഷന്‍, ആളുകളെ ഗുരുതരമായ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുകയും ആശുപത്രി വാസത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പ്രമേഹം ഉള്‍പ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകള്‍ക്ക് കോവിഡില്‍ നിന്ന് ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, അതിനാല്‍, വൈറസില്‍ നിന്ന് സ്വയം പരിരക്ഷ ആവശ്യമാണ്. വാക്‌സിനുകളുടെ സുരക്ഷിതത്വവും ഫലപ്രാപ്തിയും കണക്കിലെടുക്കുമ്പോള്‍, വകഭേദങ്ങള്‍ കാരണം അണുബാധകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ ഒരു അധിക പരിരക്ഷ നല്‍കുന്നുവെന്നതിലും ആരോഗ്യത്തിന് അപകടമുണ്ടാക്കില്ലെന്നും ഉറപ്പാണ്. പ്രമേഹരോഗികള്‍ക്ക് മറ്റെല്ലാവരെയും പോലെതന്നെ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാലിത് ഗുരുതരമായ അപകടമുണ്ടാക്കില്ല. വാക്‌സിനുകളില്‍ നിന്നുള്ള പാര്‍ശ്വഫലങ്ങള്‍ പരമാവധി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തന്നെ വിട്ടുമാറും.
വാക്‌സിനുകളില്‍ നിന്നുള്ള പാര്‍ശ്വഫലങ്ങള്‍ എല്ലാവരിലും ഒരുപോലെയാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒരു പ്രമേഹ രോഗിയായാലും ആരോഗ്യമുള്ള വ്യക്തിയായാലും പനി, ക്ഷീണം, കൈവേദന എന്നിവയാണ് ഏറ്റവും സാധാരണമായ പാര്‍ശ്വഫലങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍, ഒരു വ്യക്തിക്ക് കുത്തിവയ്‌പ്പെടുത്ത സ്ഥലത്ത് ഒരു ചുണങ്ങുണ്ടാകാം, ഇത് ആശങ്കപ്പെടേണ്ട കാര്യമല്ല. എന്നിരുന്നാലും, കോവിഡ് വാക്‌സിനുകള്‍ എടുക്കുന്നതിന് മുമ്പും ശേഷവും പ്രമേഹ രോഗികള്‍ അവരുടെ ഡോക്ടര്‍മാരുമായി സംസാരിക്കുക. ഡോക്ടറുടെ ഉപദേശമില്ലാതെ ക്ഷീണം മാറ്റാന്‍ മരുന്നുകള്‍ കഴിക്കരുത്.
ഒരു പ്രമേഹ രോഗിയാണെങ്കില്‍, കോവിഡ് വാക്‌സിനുകള്‍ എടുക്കുന്നത് ജീവന് എത്രത്തോളം പ്രധാനമാണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ സൗമ്യവും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മാറുകയും ചെയ്യും. എന്നാല്‍ നേരെമറിച്ച്, കോവിഡ് അണുബാധ ഗുരുതരമായ അവസ്ഥയില്‍ എത്തിക്കും. മിതമായതും ഗുരുതരമായതുമായ അണുബാധകള്‍ മുതല്‍, ഫംഗസ് അണുബാധ വരെ ഉണ്ടാകാം. പ്രമേഹ രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഇതെല്ലാം കാണപ്പെടുന്നുണ്ട്. കൊറോണ വൈറസ് അണുബാധ മൂലമുണ്ടാകുന്ന കഷ്ടത കണക്കിലെടുത്ത് എല്ലാവരും എത്രയും വേഗം കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത ശേഷം പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്
1.ഡോക്ടറെ സമീപിക്കുകയും, മരുന്നുകള്‍ കഴിക്കുന്നത് തുടരണോ വേണ്ടയോ എന്ന് ചോദിക്കുകയും ചെയ്യുക.
2.നന്നായി വിശ്രമിക്കുക, കനത്ത വ്യായാമങ്ങള്‍ ചെയ്യരുത്.
3.രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വര്‍ദ്ധനവുണ്ടാക്കാത്ത, ശരിയായ പോഷകങ്ങള്‍ നല്‍കുന്ന ആരോഗ്യകരമായ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക. ഒമേഗ-3 ഫാറ്റി ആസിഡുകള്‍, മുട്ട, മത്സ്യം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
4.ജലാംശം നിലനിര്‍ത്തുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.
5.മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുക. തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം മാസ്‌ക് ധരിക്കുന്നത് തുടരുക, യാത്രകള്‍ പരിമിതപ്പെടുത്തുക, സാമൂഹിക അകലം പാലിക്കുക.
പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍
1.വാക്‌സിന്‍ എടുത്തതിന് ശേഷം കുറച്ച് ദിവസത്തേക്ക് മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കണം.
2.ഭക്ഷണം കഴിക്കാതെ വാക്‌സിനെടുക്കാന്‍ പോകരുത്.
3.വാക്‌സിനേഷന് ശേഷം കഫീന്‍ അടങ്ങിയ പാനിയങ്ങള്‍ ഒഴിവാക്കണം.
4.ശരീരത്തിന് കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്ന കാര്യങ്ങള്‍ ചെയ്യരുത്.
5.കുത്തിവയ്‌പ്പെടുത്ത സ്ഥലത്ത് തണുപ്പോ, ചൂടോ കൂടുതലുള്ള വസ്തുക്കള്‍ വയ്ക്കാന്‍ പാടില്ല.
6.വാക്‌സിനേഷന് ശേഷം പനി, തലവേദന, കൈവേദന എന്നിവ അനുഭവപ്പെടാം. ഇവ മൂന്ന് ദിവസം കഴിഞ്ഞും മാറിയില്ലെങ്കില്‍ ഡോക്ടറെ കാണുക.