Nammude Arogyam
Cancer

എല്ലിലെ ക്യാന്‍സര്‍

ക്യാന്‍സര്‍ എന്നത് ഇന്നത്തെ കാലത്ത് ഏറ്റവും വര്‍ദ്ധിച്ചു വരുന്ന ഒന്നാണ്. പല തരം ക്യാന്‍സറുകളുണ്ട്. ക്യാന്‍സറിന്റെ പല ലക്ഷണങ്ങളും സാധാ രോഗ ലക്ഷണങ്ങള്‍ പോലെ വരുന്നവയാണ്. ഇത്തരം ക്യാന്‍സറുകളില്‍ ഒന്നാണ് എല്ലിലെ ക്യാന്‍സര്‍. ഇതില്‍ പ്രൈമറി ബോണ്‍ ക്യാന്‍സര്‍, സെക്കന്ററി ബോണ്‍ ക്യാന്‍സര്‍ എന്നിങ്ങനെ രണ്ടു തരമുണ്ട്. എല്ലില്‍ തന്നെ ആരംഭിയ്ക്കുന്നതാണ് പ്രൈമറി. മറ്റു ഭാഗങ്ങളില്‍ ആരംഭിച്ച് എല്ലിലേയ്ക്ക് പടരുന്നതാണ് സെക്കന്ററി ക്യാന്‍സര്‍. ഇതിന് ബോണ്‍ മെറ്റാസ്റ്റാറ്റിസ് എന്നും പറയുന്നു. എല്ലില്‍ തന്നെ പടരുന്ന ക്യാന്‍സറും പടരാത്ത ക്യാന്‍സറുമുണ്ട്.

എല്ലില്‍ മുഴകളോ, ഇതിന് വേദനയോ ഉണ്ടാകുന്നത് എല്ലിന്റെ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ ഒന്നാണ്. ആദ്യ ഘട്ടത്തില്‍ വേദന ഇടയ്ക്കിടെ മാത്രമേ ഉണ്ടാകൂ. നടക്കുമ്പോഴോ, ഓടുമ്പോഴോ എല്ലാം വേദനയുണ്ടാകാം. അസുഖം കൂടുമ്പോള്‍ വേദന കൂടുതല്‍ രൂക്ഷമാകാം. ഇതു പോലെ തന്നെ ഇത്തരം ഭാഗത്ത്, അതായത് മുഴകള്‍ വന്ന ഭാഗത്ത് നീരുണ്ടാകാം. എല്ലില്‍ ഒരേ ഭാഗത്ത് തന്നെ നീരും വേദനയുമെല്ലാം ഉണ്ടാകുന്നത് ഈ രോഗത്തിനുണ്ടാകുന്ന ഒരു ലക്ഷണമാണ്.

ഏതു ക്യാന്‍സറിനും ലക്ഷണമാകുന്നതു പോലെ ക്ഷീണം ഇതിനുള്ള ഒരു ലക്ഷണം കൂടിയാണ്. ഇതുപോലെ കാരണമില്ലാതെ ശരീരഭാരം കുറയുന്നതും ലക്ഷണമാണ്. എല്ലുകളില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങളും ഈ ലക്ഷണങ്ങളുമെങ്കില്‍ ഈ രോഗം സംശയിക്കാം. വിട്ടുമാറാത്ത വേദനയും പെട്ടെന്ന് എല്ലൊടിയുന്ന അവസ്ഥയുമെല്ലാം ഉണ്ടാകും. ക്യാന്‍സര്‍ എല്ലിനെ ബാധിച്ചിട്ടുണ്ടെങ്കില്‍ പെട്ടെന്ന് എല്ലു പൊട്ടുന്നു. ഇത് പിന്നീട് പഴയ അവസ്ഥയില്‍ എത്തില്ല. അതായത് ഒടിഞ്ഞ എല്ല് കൂടിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. പനി, രാത്രിയില്‍ വല്ലാതെ വിയര്‍ക്കുക, ഒരു എല്ലിന് ചുറ്റും വീര്‍മത, തളര്‍ച്ച, ഭാരം കുറയുക എന്നിവ ഇതിന്റെ പൊതുലക്ഷണങ്ങളായി എടുക്കാം.

സാധാരണ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍, ലംഗ്‌സ് ക്യാന്‍സര്‍ എന്നിവ വഴിയാണ് സെക്കന്ററി ക്യാന്‍സറുണ്ടാകുന്നത്. ഇത് മെറ്റാസ്‌റ്റേറ്റിക് ക്യാന്‍സര്‍ എന്നാണ് അറിയപ്പെടുന്നത്. അതായത് വേറെ അവയവങ്ങളില്‍ തുടങ്ങി പിന്നീട് എല്ലിലേക്കു കയറുന്ന ക്യാന്‍സര്‍. ഇതിന് കീമോതെറാപ്പി അടക്കം ചികിത്സകളുണ്ട്. ചില തരം ക്യാന്‍സറിന് വേദനയുണ്ടാകും, ചിലതിന് ഇതുണ്ടാകില്ല. മുകളില്‍ പറഞ്ഞ തരം ക്യാന്‍സറുകള്‍ പടര്‍ന്നാല്‍ ആദ്യം ബാധിയ്ക്കുന്നത് എല്ലിനേയാണ്. പിന്നീട് മറ്റ് അവയങ്ങളിലേയ്ക്കും പടരും.

ഏതു പ്രായക്കാര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന രോഗമാണിത്. തുടക്കത്തില്‍ കണ്ടെത്തിയാല്‍ പരിഹരിയ്ക്കാമെങ്കിലും ഇത് കണ്ടെത്താന്‍ വൈകുന്നതാണ് കാര്യങ്ങള്‍ ഗുരുതരമാക്കുന്നത്.

Related posts